28
July, 2026

A News 365Times Venture

28
Tuesday
July, 2026

A News 365Times Venture

കൊലവിളി നടത്തുന്ന സംഘപരിവാര്‍ നേതാക്കള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നത് കേരളത്തിന് അപമാനമാണ്- മോഹന്‍ദാസിനെതിരെ കേസെടുക്കണമെന്ന് പിണറായി

Date:



Kerala


കൊലവിളി നടത്തുന്ന സംഘപരിവാര്‍ നേതാക്കള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നത് കേരളത്തിന് അപമാനമാണ്: മോഹന്‍ദാസിനെതിരെ കേസെടുക്കണമെന്ന് പിണറായി

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ദല്‍ഹി ജന്തര്‍ മന്ദറില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ സംഘപരിവാര്‍ പ്രചാരകന്‍ ടി.ജി. മോഹന്‍ദാസിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

സമാധാനപരമായി സമരം ചെയ്യുന്നവര്‍ക്കെതിരെ ലാത്തിയെടുക്കുന്ന പോലീസ്, പരസ്യമായി കൊലവിളി നടത്തുന്ന സംഘപരിവാര്‍ നേതാക്കള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നത് കേരളത്തിന് അപമാനമാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പിണറായി പറഞ്ഞു. മോഹന്‍ദാസിന്റെ നടപടി സമൂഹത്തില്‍ വിദ്വേഷം പടര്‍ത്താന്‍ സംഘപരിവാര്‍ ശക്തികള്‍ തുടരുന്ന ആസൂത്രിതമായ ശ്രമങ്ങളെ തുറന്നുകാട്ടുന്നുവെന്നും പിണറായി ചൂണ്ടിക്കാട്ടി.

‘നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ വെടിവച്ചു കൊല്ലണമെന്ന് പരസ്യമായി ആഹ്വാനം ചെയ്ത തെലങ്കാനയിലെ ബി.ജെ.പി എം.പിയുടെയും കേരളത്തിലെ തീവ്രവലതുപക്ഷ പ്രഭാഷകന്‍ ടി.ജി. മോഹന്‍ദാസിന്റെയും നടപടി, സമരങ്ങള്‍ അവസാനിച്ചിട്ടുപോലും സമൂഹത്തില്‍ വിദ്വേഷം പടര്‍ത്താന്‍ സംഘപരിവാര്‍ ശക്തികള്‍ തുടരുന്ന ആസൂത്രിതമായ ശ്രമങ്ങളെയാണ് തുറന്നുകാട്ടുന്നത്,’ പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വിയോജിപ്പുകളെ ഉന്മൂലനം ചെയ്യുക എന്ന സംഘപരിവാറിന്റെ ഉള്ളിലിരിപ്പാണ് ഇത്തരം ക്രൂരമായ പ്രസ്താവനകളിലൂടെ പുറത്തുവരുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി.

‘ദല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തില്‍ സമാധാനപരമായി പ്രതിഷേധിച്ച ജനാധിപത്യ വിശ്വാസികള്‍ക്കെതിരെ കേസെടുക്കാന്‍ തിടുക്കം കാണിച്ച കേരള പോലീസ്, സമരക്കാരെ വെടിവെച്ചു കൊല്ലാന്‍ ആഹ്വാനം ചെയ്ത ടി.ജി. മോഹന്‍ദാസിനെതിരെ ഇതുവരെ ഒരു കേസും എടുക്കാന്‍ തയ്യാറായിട്ടില്ല.

സമാധാനപരമായി സമരം ചെയ്യുന്നവര്‍ക്കെതിരെ ലാത്തിയെടുക്കുന്ന പോലീസ്, പരസ്യമായി കൊലവിളി നടത്തുന്ന സംഘപരിവാര്‍ നേതാക്കള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നത് കേരളത്തിന് അപമാനമാണ്,’ പിണറായി പറഞ്ഞു.

ആര്‍.എസ്.എസിനെ പ്രീണിപ്പിക്കാന്‍ വേണ്ടി പോലീസ് സേനയെയും നിയമവ്യവസ്ഥയെയും നോക്കുകുത്തിയാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ല. ജനാധിപത്യപരമായി പ്രതിഷേധിച്ചവര്‍ക്കെതിരെ എടുത്ത കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു.

അതോടൊപ്പം, കലാപാഹ്വാനം നടത്തിയതിന് അടിയന്തരമായി കേസെടുത്ത് നിയമനടപടി സ്വീകരിക്കാനും യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു.

താനായിരുന്നു ഭരിക്കുന്നതെങ്കില്‍ ജന്തര്‍ മന്ദറില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും പിരിഞ്ഞ് പോകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്ക് വെടിവെപ്പ് നടത്തുകയും ചെയ്യുമായിരുന്നുവെന്നായിരുന്നു എന്നതടക്കമുള്ള വിദ്വേഷ പരാമര്‍ശങ്ങളാണ് മോഹന്‍ദാസ് കഴിഞ്ഞ ദിവസം നടത്തിയത്. വെടിവെപ്പില്‍ കുറേ പേര്‍ മരണപ്പെടുമായിരുന്നെന്നും അവരുടെ ശവങ്ങള്‍ പെറുക്കിയെടുത്ത് ആശുപത്രിയില്‍ എത്തിക്കുമായിരുന്നെന്നും മോഹന്‍ദാസ് പറഞ്ഞിരുന്നു.

മോഹന്‍ദാസിനെതിരെ കേസെടുക്കാനാവശ്യപ്പെട്ട് എസ്.എഫ്.ഐയും യൂത്ത് കോണ്‍ഗ്രസും പൊലീസില്‍ പരാതി നല്‍കിയിരുന്നു.

സമരത്തെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങളുടെ കൂട്ടത്തില്‍ സ്ത്രീകള്‍ക്കെതിരെ വളരെ മോശമായ പരാമര്‍ശങ്ങള്‍ മോഹന്‍ദാസ് നടത്തിയതായി പരാതികളില്‍ ചൂണ്ടിക്കാട്ടുന്നു. വെടിവെച്ചു കൊല്ലാനുള്ള ആഹ്വാനവും മോഹന്‍ദാസിന്റെ ഭാഗത്തുനിന്നുണ്ടായെന്നും പരാതികളില്‍ വ്യക്തമാക്കുന്നു.

‘എനിക്ക് ഈ സിറ്റുവേഷന്‍ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ എന്തു ചെയ്യും എന്ന് നിങ്ങളോട് പറയാം. ഞാന്‍ ആ പ്രദേശത്ത് കര്‍ഫ്യൂ ചുമത്തും. ജന്തര്‍ മന്ദര്‍ പരിസരത്ത് ഒരു നാല് സ്‌ക്വയര്‍ കിലോമീറ്ററില്‍ കര്‍ഫ്യൂ ചുമത്തും.

ജനക്കൂട്ടത്തോട് പിരിഞ്ഞു പോകാന്‍ മൈക്കില്‍ ആവശ്യപ്പെടും. മൂന്നു തവണ ആവശ്യപ്പെടും. പിന്നെ വെടിവയ്ക്കും.

ആളുകള്‍ ചിതറിയോടും. കുറെ പേര് മരിക്കും. കുറേ പേര് മരിക്കില്ല. കുറേ പേര്‍ക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം ഒരു നാലു മണിക്കൂര്‍ കൊണ്ട് ഈ രംഗം ശാന്തമാകും. ശവങ്ങള്‍ പെറുക്കി ആശുപത്രിയില്‍ എത്തിക്കും.

കുറേ കാര്യങ്ങള്‍ നടക്കും. ഇപ്പോള്‍, ശരി ഞാന്‍ ഇങ്ങനെ ചെയ്യുന്നത് ഒരു പരിഹാരം ആണ്. പ്രക്ഷോഭം ഒക്കെ അടിച്ചമര്‍ത്താന്‍ പറ്റും. ‘ എന്നായിരുന്നു മോഹന്‍ദാസിന്റെ വിദ്വേഷ പരാമര്‍ശങ്ങളിലൊന്ന്.

ജന്തര്‍ മന്ദറില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥിനികളെ ലക്ഷ്യം വച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന വളരെ മോശമായ പരാമര്‍ശങ്ങളും മോഹന്‍ദാസ് നടത്തിയിരുന്നു. ‘വോക്ക് രാഷ്ട്രീയം പറയുന്നവര്‍ എന്ത് ഹീനകൃത്യവും ചെയ്യും’ എന്നതടക്കമുള്ള പരാമര്‍ശങ്ങളും സംഘപരിവാര്‍ പ്രചാരകന്‍ നടത്തിയിരുന്നു.

Content Highlight: Pinarayi Vijayan Demands Legal Action against TG Mohandas on Hate Comments Against Jantar Mandar Protest




റെന്വര്‍ പി



കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നതില്‍ മുസ്‌ലിം സമുദായത്തെ ലക്ഷ്യമിടുന്നതായും ആശങ്ക: സി.ജെ.പി

ന്യൂദല്‍ഹി: ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അവസാനിച്ച ശേഷവും പ്രതിഷേധക്കാര്‍ക്കെതിരെ...