9
August, 2026

A News 365Times Venture

9
Sunday
August, 2026

A News 365Times Venture

നാവിക സഖ്യത്തിന് പിന്നാലെ ത്രിരാഷ്ട്ര പ്രതിരോധ സഖ്യവുമായി സൗദി; തുര്‍ക്കിയും പാകിസ്ഥാനും പങ്കാളികള്‍

Date:



World


നാവിക സഖ്യത്തിന് പിന്നാലെ ത്രിരാഷ്ട്ര പ്രതിരോധ സഖ്യവുമായി സൗദി; തുര്‍ക്കിയും പാകിസ്ഥാനും പങ്കാളികള്‍

റിയാദ്: സൈനിക രംഗത്തെ സഹകരണം ശക്തമാക്കാനായി സൗദി അറേബ്യയും പാകിസ്ഥാനും തുര്‍ക്കിയും സംയുക്ത പ്രതിരോധ കരാറില്‍ ഒപ്പുവച്ചു. പശ്ചിമേഷ്യയില്‍ യു.എസ്-ഇറാന്‍ സംഘര്‍ഷത്തില്‍ യു.എസ് സഖ്യകക്ഷിയാണ് സൗദി. യെമനിലെ ഹൂത്തികകളും സൗദി സഖ്യവും തമ്മിലുള്ള സംഘര്‍ഷങ്ങളും തുടരുന്നുണ്ട്. ഇതിനിടെയാണ് പാകിസ്ഥാനും തുര്‍ക്കിയുമായി സൗദി പ്രതിരോധ സഖ്യത്തിലെത്തുന്നത്.

അടുത്തിടെ 13 രാജ്യങ്ങളുമായി ചേര്‍ന്ന് സൗദി നാവിക പ്രതിരോധ സഖ്യം രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ത്രിരാഷ്ട്ര പ്രതിരോധ സഖ്യത്തിനായി കരാറിലെത്തുന്നത്.

സൗദി കീരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തുര്‍ക്കി പ്രസിഡന്റ് റെസെപ് തയിപ് എര്‍ദോഗനും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമാണ് ‘മക്ക പ്രതിരോധ കരാര്‍,’ എന്ന പേരിലുള്ള കരാറില്‍ ഒപ്പുവെച്ചത്. മൂന്ന് രാജ്യങ്ങളില്‍ ആര്‍ക്കെങ്കിലും എതിരെ ആക്രമണമുണ്ടായാല്‍ അത് മൂന്ന് രാജ്യങ്ങള്‍ക്കും എതിരായ ആക്രമണമായി കണക്കാക്കും എന്ന് കരാറില്‍ പറയുന്നതായി സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘എല്ലാത്തരം ആക്രമണങ്ങള്‍ക്കുമെതിരെ കൂട്ടായ പ്രതിരോധം ശക്തിപ്പെടുത്തുക എന്നതാണ് കരാര്‍ ലക്ഷ്യമിടുന്നത്. കൂടാതെ മൂന്ന് രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നിനെതിരെ നടത്തുന്ന സായുധ ആക്രമണം അവയ്ക്കെല്ലാം എതിരായ ആക്രമണമായി കണക്കാക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു,’ കരാര്‍ സംബന്ധിച്ച സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മുതല്‍ ഈ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ തുടര്‍ന്ന് വരികയായിരുന്നു. മൂന്ന് രാജ്യങ്ങള്‍ക്കിടയിലുള്ള പ്രതിരോധ സഹകരണം അതിന്റെ എല്ലാ തലങ്ങളിലും വികസിപ്പിക്കുന്നതിനും കരാര്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

ഈ കരാര്‍ മേഖലയിലെ അധികാര സന്തുലിതാവസ്ഥയെ മാറ്റുമെന്ന് തുര്‍ക്കി ഭരണകൂടവുമായി അടുപ്പമുള്ളവരില്‍നിന്ന് വിവരം ലഭിച്ചതായി പശ്ചിമേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിജയകരമായി നടപ്പിലാക്കിയാല്‍ ഈ കരാര്‍ മേഖലയിലെ ജനങ്ങളുടെ സുരക്ഷയും വര്‍ദ്ധിപ്പിക്കുമെന്ന് അവര്‍ അവകാശപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അറബ് ലോകത്തെ ഏക ജി20 രാജ്യമായ സൗദിയുമായി പ്രതിരോധ സഖ്യത്തിലെത്തുന്ന തുര്‍ക്കി നാറ്റോ അംഗരാജ്യവും പാകിസ്ഥാന് ആണവ ആയുധ ശേഖരമുള്ള രാജ്യവുമാണ്. തുര്‍ക്കിയും പാകിസ്ഥാനും ആയുധ നിര്‍മാണത്തിലും കയറ്റുമതിയിലും മുന്നേറ്റ് രേഖപ്പെടുത്തുകയും ചെയ്യുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ മാസം അവസാനമായിരുന്നു സൗദി 13 രാജ്യങ്ങളുമായി നാവിക പ്രതിരോധ സഖ്യത്തിലെത്തിയത്. തുര്‍ക്കി, കുവൈറ്റ്, ബഹ്‌റൈന്‍, ഖത്തര്‍, ജോര്‍ദാന്‍, ഈജിപ്ത്, പാകിസ്ഥാന്‍, ജിബൂട്ടി, സൊമാലിയ, ബംഗ്ലാദേശ്, യെമന്‍, സുഡാന്‍, കൊമോറോസ് എന്നീ രാജ്യങ്ങള്‍ സൗദിക്കൊപ്പമായിരുന്നു സൗദി നാവിക സഖ്യം രൂപീകരിച്ചത്. ചെങ്കടലിലെ ബാബ് അല്‍ മന്ദെബിലെ കപ്പല്‍ ഗതാഗതത്തിന് യമനിലെ ഹൂത്തികള്‍ ഫീസ് ചുമത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു അന്ന് സൗദി നാവിക സഖ്യ രൂപീകരണം.

അതേസമയം തുര്‍ക്കിയും പാകിസ്ഥാനുമായി പ്രതിരോധ കരാറില്‍ ഒപ്പുവെച്ചതുകൊണ്ട് സൗദിക്ക് സുരക്ഷ ലഭിക്കില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് ദേശീയ സരക്ഷാ സമിതി അംഗം ഇബ്രാഹിം റെസായി പ്രതികരിച്ചു. യു.എസിനോടുള്ള അശ്രയത്വം സൗദിക്ക് സുരക്ഷ നല്‍കാത്തതിന് സമാനമായി ഈ കടലാസ് കരാറും സുരക്ഷ നല്‍കില്ലെന്നും റസായി എക്‌സ് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.

കരാര്‍ ഇറാനെയോ മറ്റേതെങ്കിലും രാജ്യത്തെയോ ലക്ഷ്യമിട്ടുള്ളതാണെന്ന തരത്തില്‍ സൗദിയുടെയോ സഖ്യത്തിലെ മറ്റ് രാജ്യങ്ങളുടെയോ പ്രതികരണമൊന്നും വന്നിട്ടില്ല. കരാര്‍ സ്വയം പ്രതിരോധത്തിനായുള്ളതാണെന്നും ഒരു പ്രത്യേക രാജ്യത്തിനും എതിരല്ലെന്നും സൗദിയും തുര്‍ക്കിയും വ്യക്തമാക്കുകയും ചെയ്തിരുന്നു.

Content Highlight: Turkey, Saudi Arabia and Pakistan sign defence pact




റെന്വര്‍ പി



കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related