India
‘ഞാൻ ഒരു ദിമാഗി നക്സൽ ആണെന്നതിൽ അഭിമാനിക്കുന്നു’; ചിദംബരത്തിന്റെ പ്രസ്താവനയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി
ന്യൂദൽഹി: ‘ഞാൻ ഒരു ദിമാഗി നക്സൽ ആണെന്നതിൽ അഭിമാനിക്കുന്നു’ എന്ന് പറഞ്ഞ മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരത്തിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാവ് രവിശങ്കർ പ്രസാദ്. ചിദംബരത്തിന്റെ പ്രസ്താവന തികച്ചും നിരുത്തരവാദപരമാണെന്ന് അദ്ദേഹം പറഞ്ഞു. പട്‌നയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.
ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ചില യുവാക്കളെ ‘ദിമാഗി നക്സൽ’ എന്ന് വിശേഷിപ്പിച്ചത്. സായുധ നക്സലിസം അവസാനഘട്ടത്തിലാണെങ്കിലും സമൂഹത്തിൽ ‘ദിമാഗി നക്സൽ’ അഥവാ നക്സൽ ആശയങ്ങളുള്ളവരുണ്ടെന്ന് മോദി പറഞ്ഞു. അക്രമത്തിനും അസ്വസ്ഥതകൾക്കും അവസരം കാത്തിരിക്കുന്ന ഇത്തരക്കാരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നും യുവാക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
മോദിയുടെ ഈ പരാമർശത്തിന് പിന്നാലെയാണ് ചിദംബരം ‘താൻ ഒരു ദിമാഗി നക്സൽ ആണെന്നതിൽ അഭിമാനിക്കുന്നു’ എന്ന് പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ബി.ജെ.പി നേതാക്കൾ ചിദംബരത്തിനെതിരെ രംഗത്തെത്തിയത്.
മോദി ‘ദിമാഗി നക്സൽ’ എന്ന് വിശേഷിപ്പിച്ചത് നഗരങ്ങളിലെ എയർകണ്ടീഷൻ ചെയ്ത മുറികളിലിരുന്ന് മാവോയിസ്റ്റ് ആശയങ്ങളെ പിന്തുണയ്ക്കുകയും നക്സൽ പ്രസ്ഥാനത്തിന് സാമ്പത്തികവും മറ്റ് സഹായങ്ങളും നൽകുകയും ചെയ്യുന്നവരെ കുറിച്ചാണ് എന്ന് പ്രസാദ് പറഞ്ഞു. നക്സലുകളുടെ അക്രമങ്ങളെ ന്യായീകരിക്കുകയും അവരെ പിന്തുണച്ച് ലേഖനങ്ങൾ എഴുതുകയും ചെയ്യുന്നവരെയും ‘ദിമാഗി നക്സലുകൾ’ എന്നാണ് വിളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ചിദംബരം താൻ ഒരു ദിമാഗി നക്സൽ ആണെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ തികച്ചും നിരുത്തരവാദപരമായ പരാമർശത്തെ ഞാൻ അപലപിക്കുന്നു,’ പ്രസാദ് പറഞ്ഞു.
ചിദംബരത്തിന്റെ പ്രസ്താവന മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെയും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെയും നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ എങ്ങനെയാണ് പ്രവർത്തിച്ചിരുന്നതെന്നതിന്റെ തെളിവാണെന്നും പ്രസാദ് ആരോപിച്ചു. മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് ഛത്തീസ്ഗഢിലെ ദന്തേവാഡയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 76 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട സംഭവവും അദ്ദേഹം പരാമർശിച്ചു. അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന ചിദംബരം മാവോയിസ്റ്റുകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞിരുന്നുവെന്നും പ്രസാദ് വിമർശിച്ചു.
2010 ഏപ്രിൽ ആറിനായിരുന്നു ദന്തേവാഡയിൽ രാജ്യത്തെ ഏറ്റവും വലിയ മാവോയിസ്റ്റ് ആക്രമണങ്ങളിലൊന്ന് നടന്നത്. 75 സി.ആർ.പി.എഫ് ജവാന്മാരും ഒരു സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടെ 76 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
അതേസമയം, ചിദംബരത്തിന്റെ പരാമർശത്തിനെതിരെ കേന്ദ്രമന്ത്രി കിരൺ റിജിജുവും രംഗത്തെത്തി. പ്രധാനമന്ത്രി മോദി പ്രതിപക്ഷ നേതാക്കളെ ‘ദിമാഗി നക്സലുകൾ’ എന്ന് വിളിച്ചിട്ടില്ലെന്നും, പ്രത്യേക വിഭാഗത്തിൽപ്പെട്ട ആളുകളെയാണ് അദ്ദേഹം പരാമർശിച്ചതെന്നും റിജിജു പറഞ്ഞു. മുൻ ആഭ്യന്തരമന്ത്രിയായിരുന്ന ചിദംബരത്തിൽനിന്നുണ്ടായ പ്രസ്താവന നിർഭാഗ്യകരവും ദോഷകരവുമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിന് പിന്നാലെയാണ് ‘ദിമാഗി നക്സൽ’ പരാമർശത്തെ ചൊല്ലി രാഷ്ട്രീയ തർക്കം ശക്തമായത്. ചിദംബരത്തിന് പുറമെ സി.പി.ഐ(എം) ജനറൽ സെക്രട്ടറി എം.എ. ബേബി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് തുടങ്ങിയ പ്രതിപക്ഷ നേതാക്കളും സി.ജെ.പി വക്താക്കളും മോദിയുടെ പരാമർശത്തെ വിമർശിച്ചിരുന്നു.
Content Highlight:‘Proud to be a Dimagi Naxal’: BJP launches scathing attack on Chidambaram over his remark.
ശ്രീലക്ഷ്മി പി.പി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.
കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.




