18
August, 2026

A News 365Times Venture

18
Tuesday
August, 2026

A News 365Times Venture

പ്രിയപ്പെട്ട ട്രംപ്, ദയവായി ഗ്യാനേഷ് കുമാറിനെ അങ്ങോട്ട് എടുത്തോളൂ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ട്രംപിന്റെ ട്രൂത്ത് പോസ്റ്റിന് മറുപടിയുമായി കോൺഗ്രസ്

Date:



India


പ്രിയപ്പെട്ട ട്രംപ്, ദയവായി ഗ്യാനേഷ് കുമാറിനെ അങ്ങോട്ട് എടുത്തോളൂ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ട്രംപിന്റെ ട്രൂത്ത് പോസ്റ്റിന് മറുപടിയുമായി കോൺഗ്രസ്

ന്യൂദൽഹി: അമേരിക്കയിൽ കർശനമായ വോട്ടിങ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള സേഫ്ഗാർഡ് അമേരിക്കൻ വോട്ടർ എലിജിബിലിറ്റി അമേരിക്ക ആക്ടിനെ (സേവ് അമേരിക്ക ആക്ട് ) ന്യായീകരിച്ചുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റിന് മറുപടിയുമായി കോൺഗ്രസ്. ഇന്ത്യൻ തെരഞ്ഞെടുപ്പിനെയും തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാർ പറഞ്ഞ ഒരു അഭിപ്രായത്തെയും കുറിച്ച് പറഞ്ഞായിരുന്നു ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. കോൺഗ്രസ് മാധ്യമ വിഭാഗം തലവൻ പവൻ ഖേരയാണ് ഈ പോസ്റ്റിന് മറുപടി നൽകിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ കൂടെ അമേരിക്കയിലേക്ക് കൊണ്ട് പൊയ്ക്കോളൂ എന്ന് പവൻ ഖേര എക്സ് പോസ്റ്റിൽ പറഞ്ഞു. ട്രംപിനുള്ള ഒരു സന്ദേശത്തിന്റെ രൂപത്തിലാണ് ഖേരയുടെ എക്സ് പോസ്റ്റ്. ഗ്യാനേഷ് കുമാർ അവിടെയെത്തിയാൽ തൊട്ടടുത്ത വിമാനത്തിൽ തന്നെ ഇന്ത്യയിലെ വോട്ടിങ് മെഷീനുകളും തങ്ങൾ കയറ്റി അയക്കാമെന്നും പവൻ ഖേരയുടെ എക്സ് പോസ്റ്റിൽ പറഞ്ഞു.

‘പ്രിയപ്പെട്ട ഡൊണാൾഡ് ട്രംപ്.

ദയവായി ഗ്യാനേഷ് കുമാർ ഗുപ്തയെ കൂടെ അമേരിക്കയിലേക്ക് കൊണ്ടുപോയ്ക്കോളൂ. അദ്ദേഹം അവിടെ തന്നെ കഴിഞ്ഞോട്ടേ. അടുത്ത വിമാനത്തിൽ ഇവിടത്തെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും ഞങ്ങൾ കയറ്റി അയക്കാം,’ പവൻ ഖേര കുറിച്ചു.

ഇന്ത്യക്കെതിരായ ട്രംപിന്റെ അധിക്ഷേപങ്ങൾക്കും ഭീഷണികൾക്കും പകരം തങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും കുറഞ്ഞ കാര്യമാണിതെന്നും ഖേര പറഞ്ഞു. ‘നിങ്ങൾ ഞങ്ങൾക്ക് നേർക്ക് അയച്ച എല്ലാ അധിക്ഷേപങ്ങൾക്കും ഭീഷണികൾക്കും പകരം ഞങ്ങൾക്ക് നിങ്ങൾക്കായി ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യമാണ് അത്,’ ഖേരയുടെ പോസ്റ്റിൽ പറയുന്നു.

ടു എസ്.ഐ.ആർ വിത്ത് ലവ്, ഫ്രം ഇന്ത്യ എന്ന് പറഞ്ഞാണ് പവൻ ഖേരയുടെ എക്സ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. തീവ്ര വോട്ടർ പട്ടികാ പരിഷ്കരണത്തെ (എസ്.ഐ.ആർ) കൂടി ഓർമിപ്പിക്കുന്നതാണ് ഈ പരാമർശം.

യു.എസിൽ എങ്ങനെയാണ് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് ഇല്ലാതെ തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് ഗ്യാനേഷ് കുമാർ തന്നോട് ചോദിച്ചു എന്നായിരുന്നു ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞത്. ഫോട്ടോ പതിച്ച വോട്ടർ ഐഡിക്കായി സേവ് അമേരിക്ക ആക്ട് നടപ്പാക്കണമെന്നും ട്രംപ് ട്രൂത്ത് പോസ്റ്റിൽ അവകാശപ്പെട്ടിരുന്നു.

‘ഈ മാസം ആദ്യം, ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ നമ്മുടെ ഭരണകൂടത്തോട് ചോദിച്ചു, വാലിഡ് ആയ ഒരു ഫോട്ടോ ഐഡി ഇല്ലാതെ നിങ്ങൾക്ക് എങ്ങനെ യു.എസിൽ തെരഞ്ഞെടുപ്പ് നടത്താൻ കഴിയുമെന്ന്.

ഇന്ത്യയിലെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 646,000,000 പേർ വോട്ട് ചെയ്തിരുന്നു. അതിൽ ഒരു ശതമാനത്തിൽ താഴെ പേർ മാത്രമേ തപാൽ വഴി വോട്ട് ചെയ്തിട്ടുള്ളൂ. കൂടാതെ ഓരോ വോട്ടർക്കും വാലിഡ് ആയ ഒരു ഫോട്ടോ ഐഡന്റിറ്റി രേഖ ഉണ്ടായിരിക്കണം. അപ്പോൾ നമ്മൾ സേവ് അമേരിക്ക ആക്റ്റ് പാസാക്കേണ്ടതുണ്ട്,’ എന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്.

ഭരണകക്ഷി ബി.ജെ.പിയോട് പക്ഷപാതപരമായി ഇടപെടുന്നു എന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ഗ്യാനേഷ് കുമാറിനെതിരെ നിരന്തരം വിമർശനം ഉന്നയിക്കാറുണ്ട്. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ നിഷേധിക്കുന്നു എന്നായിരുന്നു ഇവയോടുള്ള തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രതികരണം. വോട്ട് ചോരി ആരോപണങ്ങൾ ഉയർന്നതും എസ്.ആ.ആറിൽ നിന്ന് പേരുകൾ നീക്കം ചെയ്യപ്പെടുന്നതായുള്ള വ്യാപക പരാതികൾ ഉയരുന്നതും ഗ്യാനേഷ് കുമാർ തെരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കെയാണ്.

യു.എസിലെ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്യുന്നതിനായി ആളുകൾ പാസ്‌പോർട്ടോ ജനന സർട്ടിഫിക്കറ്റോ പോലെ പൗരത്വം തെളിയിക്കുന്ന രേഖകൾ കാണിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമമാണ് ട്രംപ് മുന്നോട്ട് വെക്കുന്ന സേവ് അമേരിക്ക ആക്ട്. ഈ ആക്ട് പ്രകാരം വോട്ടർമാർക്ക് ഫോട്ടോ ഐഡി നിർബന്ധമാക്കും. തപാൽ വോട്ടിങ്ങിന് നിയന്ത്രണം വരുത്താനും ഈ നിയമത്തിൽ വ്യവസ്ഥയുണ്ടാവും.

ട്രംപ് ഇത്തവണ പ്രസിഡന്റായി അധികാരമേറ്റ ശേഷം ഈ ബില്ലിനായി പല തവണ സംസാരിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ അടക്കമുള്ളവർ ഈ ബില്ലിനെ ശക്തമായി എതിർക്കുകയും ചെയ്യുന്നു. പാസ്‌പോർട്ടോ ജനന രേഖകളോ എളുപ്പത്തിൽ ലഭ്യമല്ലാത്തവരെ പ്രതിസന്ധിയിലാക്കുന്നതാണ് ട്രംപ് മുന്നോട്ട് വെക്കുന്ന നിയമ നിർമാണമെന്ന് ബില്ലിനെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.

Content Highlight: Please take Gyanesh Kumar Gupta to America, INC Response on Trumps Truth Social Post About Indian Elections




റെന്വര്‍ പി



കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related