20
August, 2026

A News 365Times Venture

20
Thursday
August, 2026

A News 365Times Venture

താൻ സൗദിയിൽ പന്നിയിറച്ചി വിളമ്പുന്ന റെസ്റ്റോറന്റ് തുറക്കുന്നില്ല; വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയമ നടപടിയെന്ന് വേടൻ

Date:



Kerala


താൻ സൗദിയിൽ പന്നിയിറച്ചി വിളമ്പുന്ന റെസ്റ്റോറന്റ് തുറക്കുന്നില്ല; വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയമ നടപടിയെന്ന് വേടൻ

തൃശൂർ: താൻ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചില സോഷ്യൽ മീഡിയ പേജുകൾ കള്ളങ്ങൾ പ്രചരിപ്പിക്കുന്നതായി റാപ്പർ വേടൻ. സൗദി അറേബ്യയിൽ പന്നിയിറച്ചി വിഭവങ്ങൾ വിളമ്പുന്ന ഒരു റെസ്റ്റോറന്റ്റ് ചെയിൻ തുടങ്ങാനാണ് താൻ പോകുന്നതെന്നാണ് ആ പേജുകൾ പ്രചരിപ്പിക്കുന്നത്. അത് തീർത്തും തെറ്റാണെന്ന് വേടൻ പറഞ്ഞു.

ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു വേടന്റെ പ്രതികരണം. സാധാരണ താൻ ഇത്തരം കാര്യങ്ങൾക്ക് മറുപടി പറയാറില്ലെന്നും പക്ഷേ ഇത്തവണ പറയാതെ വയ്യെന്നും വേടൻ ചൂണ്ടിക്കാട്ടി.

ഇത്തരം കള്ളങ്ങൾ തന്നെ തകർക്കാൻ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങളുടെ ഭാഗമാണ്. അവയ്ക്ക് ഉത്തരവാദികളായവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘എന്നെക്കുറിച്ച് ഒരു വ്യാജ പ്രചാരണം സോഷ്യൽ മീഡിയയിൽ ശക്തമായി പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. സൗദി അറേബ്യയിൽ പന്നിയിറച്ചി വിഭവങ്ങൾ വിളമ്പുന്ന ഒരു റെസ്റ്റോറന്റ്റ് ചെയിൻ ഞാൻ തുടങ്ങാൻ പോകുന്നു എന്നും, അതിനെക്കുറിച്ച് ഞാൻ പ്രസ്താവന നടത്തി എന്നും ചില പോസ്റ്റുകളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത് പൂർണ്ണമായും കള്ളമാണ്. ഇങ്ങനെ ഒരു പ്രസ്‌താവന ഞാൻ ഒരിക്കലും നടത്തിയിട്ടില്ല,’ വേടൻ കുറിച്ചു.

സൗദി അറേബ്യയിലോ മറ്റേതെങ്കിലും ഗൾഫ് രാജ്യത്തോ ഒരു ഹോട്ടലോ റെസ്റ്റോറന്റോ ഭക്ഷണ ബിസിനസ്സോ തുടങ്ങാൻ തനിക്ക് യാതൊരു പദ്ധതിയുമില്ല. അതുമായി ബന്ധപ്പെട്ട് കമ്പനിയോ പങ്കാളിയോ അപേക്ഷയോ ഒന്നും തന്നെ തനിക്കില്ലെന്നും വേടൻ വ്യക്കമാക്കി.

താൻ സൗദിയിലേക്ക് പോകുന്നത് ഒരു പെർഫോമിങ് ആർട്ടിസ്റ്റ് എന്ന നിലയിൽ, പരിപാടി സംഘാടകരുടെ ക്ഷണപ്രകാരമാണ്. തന്നെ ക്ഷണിക്കുന്ന ഓരോ രാജ്യത്തിന്റെയും നിയമങ്ങളെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും എന്നും ബഹുമാനിച്ചിട്ടുണ്ട്. അതിന് വിരുദ്ധമായി ആരെയെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന ഒരു വാക്കോ പ്രവൃത്തിയോ ഞാൻ ഇതുവരെ ചെയ്തിട്ടില്ലെന്നും വേടൻ വ്യക്തമാക്കി.

ഇത് ആദ്യമായല്ല ഇത്തരമൊരു കാര്യം സംഭവിക്കുന്നത്. ഓരോ വർഷവും തന്റെ ഷോകൾ കൂടുതൽ വരുന്ന സമയത്ത് കൃത്യമായി അതേ ഘട്ടത്തിൽ തന്നെ ഇത്തരം വ്യാജ പ്രചാരണങ്ങൾ ഉയർന്നുവരുന്നത് ഒരു യാദൃശ്ചികതയായി തോന്നുന്നില്ലെന്നും വേടൻ പറഞ്ഞു.

ഇത് ഒരു തെറ്റിദ്ധാരണയോ അബദ്ധത്തിൽ സംഭവിച്ചതോ അല്ല. എൻ്റെ കലയെയും, എന്നെ വിശ്വസിക്കുന്ന പ്രേക്ഷകരുമായുള്ള ബന്ധത്തെയും, വിദേശത്തെ സംഘാടകരുമായുള്ള ബന്ധത്തെയും തകർക്കാൻസിൽ ലക്ഷ്യമിട്ടുള്ള ബോധപൂർവമായ ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഞാൻ എവിടെ നിന്നാണ് തുടങ്ങിയതെന്ന് എനിക്ക് നല്ല ഓർമ്മയുണ്ട്. ഒന്നുമില്ലായ്‌മയിൽ നിന്നാണ് ഞാൻ വന്നത്. ആരും ഒരു അവസരം തരാതിരുന്ന ഇടങ്ങളിൽ നിന്ന്, എന്നെ വിശ്വസിച്ച മനുഷ്യരുടെ പിന്തുണ കൊണ്ട് മാത്രമാണ് ഞാൻ ഇന്നത്തെ ഇടത്ത് എത്തിയത്. ആ പിന്തുണ എനിക്ക് വലിയ ഉത്തരവാദിത്തമാണ്. ഒപ്പം എൻ്റെ ഏറ്റവും വലിയ കരുത്തും.

വ്യത്യസ്ത‌മായ ലക്ഷ്യങ്ങളുള്ള ചിലർക്ക് ഒരു കലാകാരൻ താഴെ നിന്ന് വളരുന്നത് ഇഷ്ടമല്ലായിരിക്കാം. പക്ഷേ അത്തരം ശ്രമങ്ങൾ കൊണ്ട് എന്റെ യാത്ര നിർത്താൻ ആർക്കും കഴിയില്ല,’ വേടൻ വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട അക്കൗണ്ടുകളുടെ വിവരങ്ങൾ എൻ്റെ ടീം ശേഖരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഉചിതമായ നിയമനടപടികളുമായി ഞങ്ങൾ മുന്നോട്ട് പോകുകയാണെിന്നും അദ്ദേഹം അറിയിച്ചു. ‘ഇത് ഷെയർ ചെയ്യുന്നവരോട് ഒരു അഭ്യർത്ഥന. ഫോർവേഡ് ചെയ്യുന്നതിന് മുമ്പ് സത്യമാണോ എന്ന് ഒന്ന് പരിശോധിക്കുക,’ വേടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

‘എന്നെ ബന്ധപ്പെട്ട് കാര്യങ്ങൾ അന്വേഷിച്ച, എനിക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി. ഇതൊന്നും എന്റെ സംഗീതത്തെയോ എന്നെയോ ഒരിക്കലും തടയില്ല,’ വേടൻ കൂട്ടിച്ചേർത്തു.

Content Highlight: Vedan’s Instagram Post Against Fake News Regarding Opening of Restaurant which Provide Pork Meat Dishes




റെന്വര്‍ പി



കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related