India
അടുത്ത 25 വർഷത്തേക്ക് ലോക്‌സഭയിൽ 543 സീറ്റ് മതി; എന്നാൽ മൂന്നിലൊന്ന് വനിതാ സംവരണം അനുവദിക്കണമെന്ന് കോൺഗ്രസ്
ന്യൂദൽഹി: 543 സീറ്റ് എന്ന ലോക്സഭയുടെ നിലവിലെ അംഗബലം അടുത്ത 25 വർഷത്തേക്ക് മാറ്റമില്ലാതെ തുടരണമെന്നാണ് പാർട്ടിയുടെ നിലപാടെന്ന് കോൺഗ്രസ് നേതാക്കൾ. ബുധനാഴ്ച ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി (സി.ഡബ്ല്യുസി) യോഗത്തിലാണ് പാർട്ടി ഈ വിഷയം ചർച്ച ചെയ്തതതായും കോൺഗ്രസ് നേതാക്കൾ വാർത്താ സമ്മേളമത്തിൽ അറിയിച്ചു.
ഓരോ സംസ്ഥാനത്തിനും അനുവദിച്ചിരിക്കുന്ന സീറ്റുകളുടെ വിഹിതവും അടുത്ത 25 വർഷത്തേക്ക് അതേപടി തുടരണമെന്നും യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. നിലവിലെ 543 അംഗ ലോക്സഭയിൽ സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം അനുവദിക്കണമെന്നാണ് പാർട്ടി നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
‘ലോക്സഭയുടെ നിലവിലെ അംഗബലം, അതായത് 543 സീറ്റുകൾ, അടുത്ത 25 വർഷത്തേക്ക് മാറ്റമില്ലാതെ തുടരണമെന്നാണ് കോൺഗ്രസ് പാർട്ടിയുടെ നിലപാട്. ഓരോ സംസ്ഥാനത്തിനും അനുവദിച്ചിരിക്കുന്ന സീറ്റുകളുടെ വിഹിതവും അടുത്ത 25 വർഷത്തേക്ക് അതേപടി തുടരണം. കൂടാതെ, 543 അംഗ ലോക്സഭയിൽ സ്ത്രീകൾക്ക് മൂന്നിവൊന്ന് സംവരണം നടപ്പിലാക്കണമെന്ന് സി.ഡബ്ല്യു.സി ആവശ്യപ്പെട്ടിട്ടുണ്ട്,’ ജയറാം രമേശ് പറഞ്ഞു.
മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് സി.ഡബ്ല്യു.സി യോഗത്തിൽ വിശദമായ ചർച്ച നടന്നതായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും അറിയിച്ചു. അടുത്ത 25 വർഷത്തേക്ക് 543 സീറ്റെന്ന നിലയിൽ തുടർന്നുകൊണ്ട് അതിനകത്ത് 33 ശതമാനം വനിതാ സംവരണം നടപ്പാക്കാമെന്ന നിലപാട് സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായെന്നും അദ്ദേഹം അറിയിച്ചു.
സീറ്റുകൾ കൂട്ടേണ്ടതില്ലെന്ന് ഈ വിഷയത്തിൽ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കിയിരുന്നു. തമിഴ്നാട് നിയമസഭയുടെ പ്രമേയത്തെ പാർട്ടി പിന്തുണക്കുന്നുവെന്നും വേണുഗോപാൽ വ്യക്തമാക്കി.
വന്ദേ മാതരം, 2027 സെൻസസ് തുടങ്ങിയ വിഷയങ്ങളും കോൺഗ്രസ് പ്രവർത്തക സമിതിയിൽ ചർച്ച ചെയ്തതായും നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
1937-ൽ മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, സർദാർ വല്ലഭ്ഭായ് പട്ടേൽ എന്നിവർ സ്വീകരിച്ച തീരുമാനങ്ങളാണ് വന്ദേമാതരത്തിന്റെ കാര്യത്തിൽ പാർട്ടി പിന്തുടരുകയെന്ന് വേണുഗോപാൽ പറഞ്ഞു. വന്ദേമാതരവും ദേശീയഗാനവും കോൺഗ്രസിന് വൈകാരിക വിഷയങ്ങളാണ്. ബി.ജെ.പി ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്നും വേണുഗോപാൽ പറഞ്ഞു.
സെൻസസ് ചോദ്യാവലിയിൽ ഒ.ബി.സി കോളം ഇല്ലാത്തത് ആശങ്കാകരമാണെന്നും വേണുഗോപാൽ പറഞ്ഞു. ജാതി സെൻസസ് ദുർബലപ്പെടുത്താനാണ് ആ നീക്കം. ഇക്കാര്യത്തിൽ സർക്കാരിൽ നിന്ന് വ്യക്തത ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
ഈ വിഷയത്തിൽ പാർട്ടി പ്രധാനമന്ത്രിക്ക് ഒരു കത്ത് എഴുതിയിട്ടുണ്ട്. ഈ വിഷയത്തിൽ സർക്കാരിന്റെ ഉദ്ദേശം വ്യക്തമാണ്. ജാതി സെൻസസ് തന്നെ പരാജയപ്പെടുത്താൻ സർക്കാർ ആഗ്രഹിക്കുന്നു. അവർ രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും വേണുഗോപാൽ അറിയിച്ചു.
കേന്ദ്ര സർക്കാരിൽ നിന്ന് ഞങ്ങൾക്ക് വ്യക്തത ആവശ്യമാണ്. പ്രധാനമന്ത്രിയിൽ നിന്ന് ഞങ്ങൾക്ക് വ്യക്തത ആവശ്യമാണ്. ജാതി സെൻസസിൽ എന്തുകൊണ്ടാണ് ഇത്തരം തട്ടിപ്പ് നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഹൽദ്വാനിയിലെ ഖാർഗെ പ്രസംഗിച്ച രാംലീല വേദിയിൽ ആയിരുന്നു ‘ശ്രീരാമ സേന ധർമ്മാർത്ഥ സേവാ ന്യാസ്’ അംഗങ്ങൾ ശുദ്ധികലശം ചെയ്‌തത്. ബി.ജെ.പി യുമായി ബന്ധമുള്ളവരാണ് ശുദ്ധീകരണം ചെയ്‌തെന്ന് ഖാർഗെ ഇന്ന് (വ്യാഴാഴ്ച) സഭയിൽ ഉന്നയിച്ചു.
ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സംസാരിച്ച വേദി ‘ശ്രീരാമ സേന ധർമ്മാർത്ഥ സേവാ ന്യാസ്’ അംഗങ്ങൾ ശുദ്ധികലശം ചെയ്‌ത സംഭവവും യോഗത്തിൽ ചർച്ചയായി. കോൺഗ്രസ് പ്രസിഡന്റിന്റെ യോഗത്തിന് ശേഷം ഹൽദ്വാനിയിൽ ബി.ജെ.പിക്കാർ ചെയ്തത് ഒട്ടും അംഗീകരിക്കാനാവാത്തതും അപലപനീയവുമായ കാര്യമാണെന്ന് വേണുഗോപാൽ പറഞ്ഞു. ഈ പ്രവൃത്തിക്ക് ഇന്ത്യൻ പ്രധാനമന്ത്രി നേരിട്ട് ക്ഷമാപണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlight: Congress CWC meeting: Existing 543 Lok Sabha seats be frozen and women’s reservation be implemented within the current strength
റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.




