India
മത സ്വാതന്ത്ര്യത്തിന് പരിധികളുണ്ട്; ജനവാസ മേഖലകളില്‍ സമാധാനം നിലനിര്‍ത്തണം: ഘോഷയാത്രയ്ക്കുള്ള ഹരജി തള്ളി പട്‌ന ഹൈക്കോടതി
പട്‌ന: മതം സ്വീകരിക്കാനും ആചരിക്കാനുമുള്ള അവകാശം നിയന്ത്രണ വിധേമാണെന്ന നിരീക്ഷണവുമായി പട്‌ന ഹൈക്കോടതി. പൊതുക്രമത്തിന്റെയും സാമാധാനത്തിന്റെയും സാമൂഹിക മാനദണ്ഡങ്ങളുടെയും താത്പര്യങ്ങള്‍ക്കായി ന്യായമായ നിയന്ത്രണങ്ങള്‍ക്ക് മതങ്ങള്‍ വിധേയമാണെന്ന് കോടതി പറഞ്ഞു.
ബിഹാറിലെ സിവാനില്‍ നടക്കുന്ന മതപരമായ ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ 300 ഭക്തര്‍ക്ക് അനുമതി നല്‍കണമെന്ന ഹരജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഈ പ്രസ്താവന.
ഹിന്ദു കലണ്ടര്‍ പ്രകാരം ഭദ്രപദ കൃഷ്ണപക്ഷത്തിലെ 11-ാം ദിവസം നടത്തുന്ന വാര്‍ഷിക ഘോഷയാത്ര, കുറഞ്ഞത് 300 ഭക്തരെങ്കിലും പങ്കെടുക്കുന്ന പരമ്പരാഗത പാതയില്‍ നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു ഹരജി.
2012ല്‍ ഇരുനൂറ് പേര്‍ക്ക് അനുമതിയുണ്ടായിരുന്ന ഘോഷയാത്രയില്‍ 2023 ആയപ്പോഴേക്കും അഞ്ചായി ചുരുങ്ങിയെന്നും പരമ്പാഗത പാതയില്‍ മാറ്റം വരുത്തിയെന്നും ഹരജിയില്‍ പറയുന്നു. ഇത് ആര്‍ട്ടിക്കിള്‍ 25 പ്രകാരമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹരജിക്കാരന്‍ വാദിച്ചു.
എന്നാല്‍ പ്രദേശത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ക്രമസമാധാനം നിലനിര്‍ത്തുന്നതിനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പങ്കെടുക്കാന്‍ അനുമതിയുള്ളത് അഞ്ച് പേര്‍ക്കാണെങ്കിലും 2015നും 2022നും ഇടയില്‍ 1700 മുതല്‍ 2000 വരെയാളുകള്‍ ഘോഷയാത്രയില്‍ പങ്കെടുത്തിട്ടുണ്ടെന്നും ജനക്കൂട്ടം സര്‍ക്കാര്‍ വാഹനം കത്തിക്കുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ആളുകളെ നിയന്ത്രിക്കുന്നത് വിവേചനമല്ലെന്നും പൊലീസിന്റെ പരിശോധനയുടെ അടിസ്ഥാനത്തിലുള്ള സുരക്ഷാ നടപടികള്‍ മാത്രമാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു.
‘ആര്‍ട്ടിക്കിള്‍ 25, 26 എന്നിവ മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുണ്ടെങ്കിലും, അവ പൊതു ക്രമസമാധാനം, ധാര്‍മികത, ആരോഗ്യം എന്നിവയ്ക്ക് വിധേയമാണ്. സ്വന്തം മതം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം എത്രത്തോളം ആവശ്യമാണോ, അത്രത്തോളം തന്നെ ആവശ്യമാണ് ജനവാസമേഖലകളില്‍ പൊതു സമാധാനം നിലനിര്‍ത്തുന്നതും, കോടതി പറഞ്ഞു.
മതസ്വാതന്ത്ര്യം പരിധിയില്ലാത്തതല്ലെന്നും അത് മറ്റുള്ളവരുടെ അവകാശങ്ങളുമായും സാമൂഹിക മാനദണ്ഡങ്ങളുമായും പൊരുത്തപ്പെട്ടു പോകണമെന്നും സുപ്രീം കോടതി പലതവണ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
‘മതാചാരങ്ങള്‍ക്ക് അവശ്യവും അവിഭാജ്യവുമായ ഘടകങ്ങള്‍ക്ക് മാത്രമാണ് ഭരണഘടനാപരമായ സംരക്ഷണം നല്‍കുന്നതെന്നും മറിച്ച് അത് നിര്‍വഹിക്കുന്ന എല്ലാ രീതികള്‍ക്കുമല്ലെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ ഭക്തരുടെ എണ്ണം അഞ്ചായി തന്നെ തുടര്‍ന്നും പരിമിതപ്പെടുത്തുമെന്ന ഹര്‍ജിക്കാരന്റെ ആശങ്ക അകാലത്തിലുള്ളതാണെന്ന് ജസ്റ്റിസ് കുമാര്‍ വ്യക്തമാക്കി.
‘ഇത്തരം നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നത് അനുമതി തേടുന്ന സമയത്തെ പ്രദേശത്തെ ക്രമസമാധാന നിലയെ ആശ്രയിച്ചായിരിക്കും. ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഒരു സാങ്കല്‍പ്പിക സാഹചര്യത്തെ അടിസ്ഥാനമാക്കി ഇപ്പോള്‍ വിധി പറയാന്‍ കഴിയില്ല,’ അദ്ദേഹം പറഞ്ഞു.
Content Highlight: Religious freedom has limits; peace must be maintained in residential areas: Patna High Court dismisses petition for procession.
നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.




