വെനസ്വേലയെ പിഴിഞ്ഞ് അമേരിക്ക; ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറില് ഒപ്പിട്ടതായി ട്രംപ്
വാഷിങ്ടൺ: ലോകത്തെ ഏറ്റവും വലിയ എണ്ണസമ്പത്തുള്ള രാജ്യങ്ങളിലൊന്നായ വെനസ്വേലയുടെ എണ്ണശേഖരത്തിൽ ഭൂരിപക്ഷ നിയന്ത്രണം ഉറപ്പിച്ച് അമേരിക്ക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറിൽ ഒപ്പുവെച്ചു. രാജ്യത്തെ 6,500 കോടി (65 ബില്യൺ) ബാരലിലധികം വരുന്ന എണ്ണശേഖരത്തിന്റെ മുഖ്യ നിയന്ത്രണം ഇനിമുതൽ അമേരിക്കൻ കമ്പനികൾക്കായിരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.
സ്വന്തം രാജ്യത്തെ പെട്രോൾ, ഇന്ധന വില ഗണ്യമായി കുറയ്ക്കാനും അമേരിക്കയുടെ എണ്ണശേഖരം ഇരട്ടിയിലധികമാക്കാനും ലക്ഷ്യമിട്ടാണ് ഈ വൻ നീക്കം.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ മേധാവി പീറ്റ് ഹെഗ്സെത്ത് എന്നിവർ വെനസ്വേലൻ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസുമായി ആഴ്ചകളോളം നടത്തിയ തീവ്ര ചർച്ചകൾക്കൊടുവിലാണ് ഇരുരാജ്യങ്ങളും അന്തിമ ധാരണയിലെത്തിയത്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ ചരിത്രപ്രഖ്യാപനം നടത്തിയത്. ‘ചരിത്രപരമായ ഈ ഇടപാട് അമേരിക്കയുടെ എണ്ണശേഖരം ഇരട്ടിയിലധികമാക്കുമെന്നും എല്ലാ അമേരിക്കക്കാർക്കും ഇന്ധനവില ഗണ്യമായി കുറയ്ക്കുമെന്നും’ ട്രംപ് പറഞ്ഞു.
അമേരിക്കൻ നികുതിദായകർക്ക് യാതൊരുവിധ സാമ്പത്തിക ബാധ്യതയുമില്ലാതെ, സ്വകാര്യ കമ്പനികളുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. പുതിയ കരാറിലൂടെ തകർന്നടിഞ്ഞ തങ്ങളുടെ ഖജനാവിലേക്ക് ഏകദേശം 209 ബില്യൺ ഡോളർ എത്തുമെന്ന പ്രതീക്ഷയിൽ വെനസ്വേലൻ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസും കരാറിനെ സ്വാഗതം ചെയ്തിട്ടുണ്ട്.
വർഷങ്ങളായുള്ള ഉപരോധങ്ങൾ, കെടുകാര്യസ്ഥത, നിക്ഷേപക്കുറവ് എന്നിവ കാരണം പ്രതിസന്ധിയിലായ വെനസ്വേലയുടെ ഊർജമേഖലയെ പുനരുജ്ജീവിപ്പിക്കാനെന്ന പേരിലാണ് അമേരിക്ക ഈ കരാറിലെത്തിയിരിക്കുന്നത്. എണ്ണ പര്യവേക്ഷണത്തിനും ഉൽപാദനത്തിനുമുള്ള പൂർണമായ അവകാശങ്ങൾ അമേരിക്കൻ കമ്പനികൾക്ക് ലഭിക്കുന്നതോടെ വെനസ്വേലയിലെ നിരവധി എണ്ണപ്പാടങ്ങളിൽ ഇവർക്ക് ദീർഘകാലത്തേക്ക് പ്രവർത്തിക്കാനാകും. അവിടെനിന്ന് ഉൽപാദിപ്പിക്കുന്ന ക്രൂഡ് ഓയിൽ നേരിട്ട് യു.എസിലെ റിഫൈനറികളിലേക്ക് എത്തിക്കാനുള്ള ഉറപ്പും കരാർ നൽകുന്നുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ എണ്ണശേഖരമുള്ള രാജ്യമായിട്ടും നിലവിൽ വെനസ്വേലയിൽ പ്രതിദിനം 12.5 ലക്ഷം ബാരൽ മാത്രമാണ് ഉൽപാദനം നടക്കുന്നത്. ഈ വിഭവങ്ങളെ പൂർണമായി ഉപയോഗപ്പെടുത്തി അമേരിക്കൻ വിപണിയിൽ കുറഞ്ഞ ചിലവിൽ സുസ്ഥിരമായി ഇന്ധനമെത്തിക്കുകയാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യം. വരും ആഴ്ചകളിൽ കൂടുതൽ അമേരിക്കൻ സ്വകാര്യ കമ്പനികൾ വെനസ്വേലയുമായി ഔദ്യോഗിക കരാറുകളിൽ ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ടുകൾ.
Content Highlight:US Squeezes Venezuela: Trump Says Historic Oil Deal, the Largest in History, Has Been Signed.




