4
September, 2026

A News 365Times Venture

4
Friday
September, 2026

A News 365Times Venture

അമേരിക്ക ഇറാനിലെ സാധാരണക്കാരെ മനപൂർവം ലക്ഷ്യമിടുന്നു: വെളിപ്പെടുത്തലുമായി മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ

Date:

വാഷിങ്ടൺ: അമേരിക്ക ഇറാനിലെ സാധാരണക്കാരെ മനപൂർവം കൊലപ്പെടുത്തുകയാണെന്ന ഗുരുതരമായ വെളിപ്പെടുത്തലുമായി മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ വെസ് ജെ. ബ്രയന്റ്.കഴിഞ്ഞ ദിവസം ഹോർമോസ്ഗാൻ പ്രവിശ്യയിൽ ഒരു വിവാഹച്ചടങ്ങ് നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്ത് യു.എസ് നടത്തിയ മിസൈൽ ആക്രമണത്തെ തുടർന്നാണ് ഈ ആരോപണം ഉയർന്നത്. പെന്റഗണിൽ സിവിലിയൻ ഹാം അസസ്‌മെന്റ്സ് വിഭാഗത്തിന്റെ മേധാവിയായി പ്രവർത്തിച്ചിരുന്ന, ഇപ്പോൾ യുദ്ധക്കുറ്റങ്ങളുടെ വിശകലന വിദഗ്ധനാണ് വെസ് ജെ. ബ്രയന്റ്.

ഹോർമോസ്ഗാൻ പ്രവിശ്യയിലെ സിറിക് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന കൂഹെസ്റ്റാക്ക് നഗരത്തിലെ ഒരു വീടിന് നേരെയാണ് ആക്രമണം നടന്നത്. വിവാഹച്ചടങ്ങ് നടന്നുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി ശക്തമായ സ്ഫോടനം ഉണ്ടായത്. ആക്രമണത്തിൽ നാല് വയസുള്ള കുട്ടിയുൾപ്പെടെ അഞ്ച് സാധാരണക്കാർ കൊല്ലപ്പെടുകയും 70-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവാഴ്ച രാത്രി ഏകദേശം 8 നും 9 .30 നുമിടയിൽ മത്സ്യത്തൊഴിലാളിയായ അലി മല്ലാഹിയുടെ വീട്ടിലാണ് ആക്രമണം നടന്നത്. മകളുടെ വിവാഹച്ചടങ്ങിനായി കുടുംബാംഗങ്ങളും ബന്ധുക്കളും ഒത്തുകൂടിയ സമയത്തായിരുന്നു ആക്രമണം. സ്ഫോടനത്തിൽ നിന്നുള്ള ആഘാതം മൂലം പരിക്കുകൾ ഉണ്ടായ നിരവധി പേർ ചികിത്സയിലാണ്.

അമേരിക്ക ഇറാനിലെ സാധാരണക്കാരെ ലക്ഷ്യമിടുന്നുണ്ട് എന്ന വാദത്തിൽ ബ്രയന്റ് ഉറച്ചുനിന്നു. സിറിക് കൗണ്ടിയിലെ കൂഹെസ്റ്റാക്കിൽ നടന്ന വിവാഹച്ചടങ്ങിനെതിരായ ആക്രമണം അമേരിക്കൻ യുദ്ധവകുപ്പിന്റെയും ട്രംപ് ഭരണകൂടത്തിന്റെയും യഥാർത്ഥ ധാർമിക-നിയമ മാനദണ്ഡങ്ങൾ വെളിപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്കൻ സൈന്യം സാധാരണക്കാരെ ഒരിക്കലും ലക്ഷ്യമിടുന്നില്ലെന്നായിരുന്നു യു.എസ് സെൻട്രൽ കമാന്റിന്റെ അവകാശവാദം. എന്നാൽ ആ വാദത്തെ ബ്രയന്റ് തള്ളിക്കളഞ്ഞു. വാഷിങ്ടൺ ഇറാനെതിരായ യുദ്ധത്തിൽ ‘തീർത്തും അശ്രദ്ധമായും നിരുത്തരവാദപരമായും സാധാരണക്കാരുടെ ജീവൻ അപകടത്തിലാക്കുകയും അവരെ കൊന്നൊടുക്കുകയും ചെയ്യുകയാണ്.’ അദ്ദേഹം പറഞ്ഞു.
ആക്രമിക്കുന്ന ഓരോ സ്ഥലത്തിന്റെ വിവരങ്ങളും സൈന്യത്തിലെ ഉന്നത തലങ്ങളിൽ കൃത്യമായി രേഖപ്പെടുത്താറുണ്ടെന്ന് ബ്രയന്റ് പറഞ്ഞു.

ചൊവാഴ്ച വിവാഹച്ചടങ്ങിന് നേരെയുണ്ടായ ആക്രമണത്തെ, ഫെബ്രുവരിയിൽ മിനാബിലെ ഷജറഹ് തയ്യീബ സ്കൂളിന് നേരെ അമേരിക്ക നടത്തിയ ആക്രമണവുമായി അദ്ദേഹം താരതമ്യം ചെയ്തു. തങ്ങൾ തകർത്തത് ഒരു സ്കൂളിനെയോ വിവാഹപ്പന്തലിനെയോ ആണോ എന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ സൈന്യത്തിന് കണ്ടെത്താൻ കഴിയുമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ മിനാബിൽ നടന്ന കൂട്ടക്കൊലയെക്കുറിച്ച് സുതാര്യമായ ഒരു വിശദീകരണം നൽകാൻ വാഷിങ്ടൺ ഇതുവരെ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂഹെസ്റ്റാക്കിലെ ആക്രമണത്തെ ഒരു അമേരിക്കൻ ഉദ്യോഗസ്ഥനും അപലപിച്ചിട്ടില്ല. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ‘സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്’ എന്ന് മാത്രമാണ് പറഞ്ഞത്. ‘ഇറാന്റെ റിപ്പോർട്ടുകളോട് തനിക്ക് വളരെയധികം സംശയമുണ്ടെന്നും’ അദ്ദേഹം വ്യക്തമാക്കി. ‘അമേരിക്കൻ സൈന്യം സാധാരണക്കാരെ ഒരിക്കലും ലക്ഷ്യമിടുന്നില്ല ഐ.ആർ.ജി.സി (IRGC) അതിന് വിപരീതമാണ്’ എന്നാണ് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് പറഞ്ഞത്.

അമേരിക്കൻ സെനറ്റർ ക്രിസ് വാൻ ഹോളൻ, സിവിലിയൻ മരണങ്ങളെ യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഗൗരവമായി കാണുന്നില്ലെന്നും, സിവിലിയൻ നാശനഷ്ടങ്ങൾ തടയുന്നതിനുള്ള ഉത്തരവാദിത്തമുള്ള ജീവനക്കാരുടെ എണ്ണം അദ്ദേഹം കുറച്ചെന്നും വിമർശിച്ചു. ‘ഈ ആക്രമണത്തെക്കുറിച്ച് പൂർണമായ അന്വേഷണം നടത്തുകയും ഉത്തരവാദിത്തം ഉറപ്പാക്കുകയും വേണം. ഈ ദുരന്തകരമായ യുദ്ധം ഇപ്പോൾ അവസാനിപ്പിക്കണം,’ വാൻ ഹോളൻ പറഞ്ഞു.

ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി, ആക്രമണത്തെ ഒരു യുദ്ധക്കുറ്റമെന്ന് വിശേഷിപ്പിച്ചു. ‘ഇറാനിയൻ ജനതയ്ക്കെതിരായ അമേരിക്കയുടെ അതിക്രമങ്ങളുടെ പട്ടികയിലെ മറ്റൊരു സംഭവമാണിതെന്നും’ അദ്ദേഹം പറഞ്ഞു. മിനാബ്, ലമർദ്, ഖെഷം എന്നിവിടങ്ങളിലെ മുൻ ആക്രമണങ്ങളുമായും അദ്ദേഹം ഇതിനെ ബന്ധപ്പെടുത്തി. സാധാരണക്കാരുടെ കൂട്ടക്കൊലയ്ക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ശക്തമാവുകയാണ്.

Content Highlight:The US is deliberately targeting civilians in Iran: Former Pentagon official makes shocking revelation.

 

 

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related