കാഠ്മണ്ഡു: നേപ്പാളിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചലിലും ജലവൈദ്യുത പദ്ധതിയിലെ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ രണ്ട് തെഴിലാളികളെ ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷം ജീവനോടെ രക്ഷപ്പെടുത്തി നേപ്പാള്‍ രക്ഷാദൗത്യ സംഘം.
നേപ്പാളിലെ രസുവ ജില്ലയിലെ ത്രിശൂലി-3 എ ജലവൈദ്യുത നിലയത്തില്‍ നിന്നാണ് നേപ്പാള്‍ സേന ഇവരെ രക്ഷപ്പെടുത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രക്ഷപ്പെടുത്തിയ രണ്ട് തൊഴിലാളികളെയും ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചു.
നിലവില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ജലവൈദ്യുത പദ്ധതികളിലെ കൂറ്റന്‍ തുരങ്കങ്ങള്‍ക്കുള്ളില്‍ ചെളിയും വെള്ളവും കയറി ഇനിയും നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവരെ ജീവനോടെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് നേപ്പാള്‍ സേനയെന്നും അധികൃതര്‍ അറിയിച്ചു.
പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ ബാധിച്ച റാസുവ, നുവാകോട്ട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നിരവധി പേരെ ഇപ്പോഴും കണ്ടെത്താനുണ്ട്.
തകര്‍ന്ന റോഡുകളും പാലങ്ങളും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ടെങ്കിലും കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ഓഗസ്റ്റ് 26നാണ് നേപ്പാളിലും ടിബറ്റ് അതിര്‍ത്തി പ്രദേശങ്ങളിലും വലിയ നാശം വിതച്ചുകൊണ്ട് മിന്നല്‍ പ്രളയം ഉണ്ടായത്. വെള്ളപ്പൊക്കത്തില്‍ ആയിരത്തിലധികം ആളുകളുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.
കാണാതായ ഏകദേശം 4,900 പേരെ ഇനിയും കണ്ടെത്താനുള്ളതായും നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചു. മധ്യ നേപ്പാളിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും വലിയ നാശ നഷ്ടത്തിനും പ്രളയം കാരണമായി.
ഹിമാലയത്തിലെ ഒരു ഹിമാനി ഇടിഞ്ഞതാണ് അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന് കാരണമെന്ന് വിദഗ്ധര്‍ പറഞ്ഞതായി പ്രധാനമന്ത്രി ബലേന്ദ്ര ഷാ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.
Content Highlights: Nepal Floods: Forces rescue two workers trapped in a tunnel after nine days.




