19
September, 2026

A News 365Times Venture

19
Saturday
September, 2026

A News 365Times Venture

പൊലീസിന്റെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നു; കുറുക്കുവഴികള്‍ ഭരണഘടന അംഗീകരിക്കുന്നില്ല: സുപ്രീം കോടതി ജസ്റ്റിസ്

Date:

ന്യൂദല്‍ഹി: ഇന്ത്യയില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും പൊലീസ് കസ്റ്റഡിയിലെ ക്രൂരമായ അക്രമങ്ങളും വര്‍ധിച്ചുവരുന്നതായി സുപ്രീം കോടതി ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍. കുറ്റാരോപിതരെ ഇല്ലാതാക്കാന്‍ പൊലീസ് നടത്തുന്ന ഇത്തരം കുറുക്കുവഴികളെ നമ്മുടെ ഭരണഘടനാ സംവിധാനം ഒരിക്കലും അംഗീകരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂദല്‍ഹിയില്‍ ‘ക്രിമിനല്‍ വ്യവഹാരങ്ങളിലെ ധാര്‍മികത, മാധ്യമ വിചാരണ, മൊഴികളുടെ സ്വീകാര്യത’ എന്നീ വിഷയങ്ങളില്‍ സംഘടിപ്പിച്ച നിയമ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കസ്റ്റഡി പീഡനങ്ങള്‍ കഴിഞ്ഞകാല സംഭവങ്ങളാണെന്നായിരുന്നു തന്റെ മുന്‍ ധാരണയെന്നും എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ ആ കാഴ്ചപ്പാട് തിരുത്താന്‍ തന്നെ നിര്‍ബന്ധിതനാക്കിയെന്നും ജസ്റ്റിസ് ഭൂയാന്‍ പറഞ്ഞതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

പൊലീസ് കസ്റ്റഡിയില്‍ പ്രതികള്‍ കൊല്ലപ്പെടുന്നതിനെ ന്യായീകരിക്കാന്‍ സ്ഥിരമായി ഉപയോഗിക്കുന്ന വിശദീകരണങ്ങളെ അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

പുലര്‍ച്ചെ മൂന്ന് മണിക്ക് കുറ്റകൃത്യം പുനസൃഷ്ടിക്കാന്‍ പ്രതികളെ പുറത്തെത്തിക്കുന്ന പൊലീസിന്റെ രീതിയെ അദ്ദേഹം ചോദ്യം ചെയ്തു.

‘സൂര്യോദയം വരെ കാത്തിരിക്കാന്‍ കഴിയാത്തത്ര എന്ത് അടിയന്തിര സാഹചര്യമാണ് ഇത്തരം കാര്യങ്ങള്‍ക്കുള്ളത്,’ അദ്ദേഹം പറഞ്ഞു.

പ്രതികള്‍ കൊല്ലപ്പെടുമ്പോഴൊക്കെ പൊലീസ് നല്‍കുന്ന സ്ഥിരം ന്യായീകരണങ്ങളെയും ജസ്റ്റിസ് ഭുയാന്‍ പരിഹസിച്ചു.

‘പൊലീസ് തോക്ക് തട്ടിയെടുക്കാന്‍ ശ്രമിച്ചു, പൊലീസുമായി മല്ലിടുന്നതിനിടെ വെടിപൊട്ടി, അല്ലെങ്കില്‍ വാഹനാപകടത്തില്‍പ്പെട്ടു എന്നൊക്കെയുള്ള വിശദീകരണങ്ങള്‍ പലപ്പോഴും വിശ്വസനീയമല്ല.

കേസിന്റെ അന്വേഷണത്തില്‍ പൊലീസ് വരുത്തിയ വലിയ വീഴ്ചകളും പോരായ്മകളും വിചാരണവേളയില്‍ പുറത്തുവരുമെന്ന് ഭയന്ന് അത് മറച്ചുവെക്കാന്‍ പൊലീസ് കണ്ടെത്തുന്ന ‘കുറുക്കുവഴികളാണോ’ ഈ ഏറ്റുമുട്ടലുകളെന്ന് വിവേകമുള്ള ഏതൊരാളും സംശയിച്ചുപോകും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവ ഐ.പി.എസ് ഉദ്യോഗസ്ഥരില്‍ കണ്ടുവരുന്ന അക്രമാസക്തമായ പെരുമാറ്റത്തെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

‘സമാധാനപരമായി പ്രതിഷേധിക്കുന്നവരെപ്പോലും മുഖത്ത് കടുത്ത ദേഷ്യത്തോടെ ക്രൂരമായി മര്‍ദ്ദിക്കുന്ന യുവ പൊലീസ് ഓഫീസര്‍മാരുടെ വീഡിയോകള്‍ ഭയപ്പെടുത്തുന്നതാണ്.

ഒരു പ്രൊഫഷണല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ എന്തിനാണ് ഇത്രയധികം പ്രകോപിതനാകുന്നത്?

പരസ്യമായി ഇങ്ങനെ പെരുമാറുന്ന ഒരു ഉദ്യോഗസ്ഥന്റെ കസ്റ്റഡിയില്‍ രാത്രികാലങ്ങളില്‍ ഒരു പ്രതി അകപ്പെട്ടാല്‍ എന്തായിരിക്കും അവസ്ഥയെന്ന് ആലോചിക്കുമ്പോള്‍ ഭയം തോന്നുന്നു.

അതുകൊണ്ടാണ് പലപ്പോഴും പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ ന്യായാധിപന്മാര്‍ മടിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

Content Highlights: Rise in fake police encounters; Constitution does not sanction shortcuts: Supreme Court Justice

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related