മുംബൈ: ഐ.ഐ.ടി ബോംബെയിലെ രണ്ടാം വര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥി സാഹിലിന്റെ മരണം ജാതിവിവേചനവും പീഡനവും നേരിട്ടതുകൊണ്ടാണെന്ന് കുടുംബം.
മകന്‍ ക്യാമ്പസില്‍ നിന്ന് ജാതിയുടെ പേരിലുള്ള അധിക്ഷേപങ്ങളും പീഡനവും നേരിടുന്നതായി തന്നോട് പറഞ്ഞിരുന്നുവെന്ന് സാഹിലിന്റെ അമ്മ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ മകന് നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ഞങ്ങളുടെ മകന്‍ താന്‍ പീഡനവും ജാതിയധിക്ഷേപങ്ങളും നേരിടുന്നതായി ഞങ്ങളോട് പറഞ്ഞിരുന്നു. എല്ലാം ശരിയാകുമെന്നും ഭാവി നല്ലതായിരിക്കുമെന്നും ഞങ്ങള്‍ അവനോട് പറഞ്ഞുകൊണ്ടിരുന്നു. അന്ന് അവനെ ഞങ്ങളോടൊപ്പം കൂട്ടിക്കൊണ്ടുപോയിരുന്നെങ്കില്‍ ഇന്ന് അവന്‍ ജീവനോടെ ഉണ്ടായിരുന്നേനെയെന്ന് തോന്നുന്നു,’ അമ്മ പറഞ്ഞു.
ഭരണകൂടത്തിലും ഭരണഘടനയിലും പൂര്‍ണ വിശ്വാസമുണ്ടെന്നും മകന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സെപ്റ്റംബര്‍ 18നാണ് ഐ.ഐ.ടി ബോംബെയിലെ എനര്‍ജി സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് വിഭാഗത്തിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സാഹില്‍ മരിച്ചത്.
പരീക്ഷയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായും ചോദ്യപേപ്പര്‍ ചാറ്റ്-ജിപിടിയില്‍ അപ്‌ലോഡ് ചെയ്ത് ഉത്തരങ്ങള്‍ തേടിയതായും ഐ.ഐ.ടി ബോംബെ നേരത്തെ പ്രസ്താവന ഇറക്കുകയും പിന്നീട് അത് തെറ്റാണെന്നും പറഞ്ഞിരുന്നു.
അതേസമയം, സാഹിലിന്റെ പിതാവ് പരീക്ഷയില്‍ കോപ്പിയടിച്ചെന്ന ആരോപണം സംഭവത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് ആദ്യഘട്ടത്തില്‍ തന്നെ പറഞ്ഞിരുന്നു.
മകനെതിരെ ജാതിയധിക്ഷേപവും പീഡനവും നടന്നതായി ആരോപിച്ച് പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐ.ഐ.ടി ബോംബെ പ്രൊഫസര്‍ സുര്യനാരായണ ദൂല്ല ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ മുംബൈ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആത്മഹത്യ പ്രേരണക്കുറ്റത്തിനൊപ്പം പട്ടികജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കേസ് മുംബൈ ക്രൈംബ്രാഞ്ചിന് കൈമാറിയതായും റിപ്പോര്‍ട്ടുണ്ട്.
Content Highlights: He had said he faced caste discrimination and harassment,” says mother, reacting to the death of the IIT Bombay student.




