തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ കൊലപാതകക്കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഐ.എ.എസ് ലോബിയും ചേർന്ന് ഒത്തുകളിക്കുകയാണെന്ന ഗുരുതര ആരോപണവുമായി സിറാജ് ഡയറക്ടറും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയുമായ എ. സൈഫുദ്ദീൻ ഹാജി.
കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് വേണ്ടി ഭരണതലത്തിൽ ഇടപെടലുകൾ നടക്കുകയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
കേസിൽ പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളാണ് അട്ടിമറിക്കപ്പെട്ടത്. ആഭ്യന്തര വകുപ്പിലെ എൽ-സെക്ഷൻ ഫയലിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടായിരുന്നിട്ടും, മുഖ്യമന്ത്രിയുടെ പൂർണ അറിവോടെ ചീഫ് സെക്രട്ടറി ഫയൽ വിളിച്ചുവരുത്തി പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന് എതിരെ കുറിപ്പെഴുതുകയായിരുന്നു. ആഗസ്റ്റ് 17-ന് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പക്കലെത്തിയ ഫയൽ 19-ന് ചീഫ് സെക്രട്ടറി ഏറ്റെടുത്തതോടെയാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. സാധാരണഗതിയിൽ ഒരു പ്രോസിക്യൂട്ടറെ മാറ്റുന്നതുമായി ബന്ധപ്പെട്ട ഫയലുകൾ മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ ഇടപെടേണ്ടതില്ലെന്നിരിക്കെ, ഇവിടെ അസാധാരണമായ ഇടപെടലാണ് ഉണ്ടായത്.
വിഷയത്തിൽ ആഭ്യന്തര മന്ത്രി പൂർണമായും നിസഹായനാണെന്ന് സൈഫുദ്ദീൻ ഹാജി വ്യക്തമാക്കി.
‘കാര്യങ്ങൾ എന്റെ കൈയിൽനിന്ന് പോയി, എനിക്ക് ഇനി എന്ത് ചെയ്യാൻ കഴിയും’ എന്നാണ് ആഭ്യന്തര മന്ത്രി പ്രതികരിച്ചതെന്നും, അദ്ദേഹത്തെ വെറും കാഴ്ചക്കാരനാക്കി മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും നേരിട്ടിറങ്ങി പ്രതിയെ സഹായിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2019-ൽ ബഷീർ കൊല്ലപ്പെട്ട സമയത്ത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് അന്തിമോപചാരം അർപ്പിക്കാനായി 40 മിനിറ്റോളം ആംബുലൻസ് റോഡിൽ കാത്തുനിന്ന കാര്യങ്ങൾ ഉൾപ്പെടെ ഓർമ്മിപ്പിച്ചിട്ടും, ഉന്നതതല സമ്മർദ്ദം കാരണം അദ്ദേഹം നിസഹായത പ്രകടിപ്പിക്കുകയാണുണ്ടായത് എന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രോസിക്യൂട്ടർ നിയമനവുമായി ബന്ധപ്പെട്ട ഈ ഫയൽ ഹൈക്കോടതി വിളിച്ചുവരുത്തിയിട്ടുണ്ട്. ഒക്ടോബർ 27-നകം ഫയൽ കോടതിയിൽ ഹാജരാക്കണമെന്നും, അതുവരെ തിരുവനന്തപുരം കോടതിയിലെ വിചാരണാ നടപടികൾ നിർത്തിവെക്കണമെന്നും ജസ്റ്റിസ് ജി. ഗിരീഷ് ഉത്തരവിട്ടിട്ടുണ്ട്. കേസിന്റെ ഗൗരവം ബോധ്യപ്പെട്ടതിനാലാണ് കോടതി അടിയന്തരമായി ഇടപെട്ടതെന്നും സൈഫുദ്ദീൻ ഹാജി ചൂണ്ടിക്കാട്ടി.
ഏതെങ്കിലും രാഷ്ട്രീയ മുന്നണിക്കെതിരെയുള്ള ആരോപണമല്ലിതെന്നും, ഐ.എ.എസ് ഉദ്യോഗസ്ഥനെ രക്ഷിക്കാൻ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും ചേർന്നാണ് ഇത് അട്ടിമറിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight:K.M. Basheer Murder Case: A. Saifuddin Haji alleges that the Chief Minister and the Chief Secretary are colluding to sabotage the case.




