ന്യൂദൽഹി: സമരത്തിലുള്ള വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം കേൾക്കണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി മനോഹർ ജോഷി, അവർക്കെതിരെയുള്ള ബലപ്രയോഗത്തെ രൂക്ഷമായി വിമർശിച്ചു.
21-ാമത് ഫിക്കി ഉന്നതവിദ്യാഭ്യാസ ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെ വിദ്യാർത്ഥികൾ നമ്മുടെ മക്കളാണ് എന്ന് അദ്ദേഹം ഓർമിപ്പിച്ചു.
‘വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ എപ്പോഴും അനുഭാവപൂർവ്വം കേൾക്കണം. ലാത്തി പ്രയോഗിക്കുന്ന രീതി ഒട്ടും ശരിയല്ല, അതുകൊണ്ട് ഒരു പ്രശ്നത്തിനും പരിഹാരം കാണാൻ കഴിയില്ല. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അവരെ കേൾക്കുക, അവർ നമ്മുടെ കുട്ടികളാണ്,’ രാജ്യത്ത് പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടയിൽ ബി.ജെ.പി നേതാവ് പറഞ്ഞു.
‘ഒരു കുട്ടി അച്ഛനോട് നിങ്ങൾ എനിക്ക് ഇന്ന കാര്യം വാങ്ങിത്തരാമെന്ന് പറഞ്ഞിരുന്നല്ലോ എന്ന് ചോദിക്കുമ്പോൾ, എന്തുകൊണ്ടാണ് അത് ചെയ്തുനൽകാൻ കഴിയാത്തതെന്ന് ആ അച്ഛൻ പറഞ്ഞ് മനസിലാക്കുകയും ഉടൻ ശരിയാക്കാമെന്ന് ഉറപ്പ് നൽകുകയുമല്ലേ ചെയ്യുന്നത്? അല്ലാതെ കുട്ടിയെ ആട്ടിയോടിക്കുകയാണോ ചെയ്യുക? അതുപോലെ വിദ്യാർത്ഥികളും നമ്മുടെ മക്കളാണ്, അവരോടും അതേ രീതിയിലാണ് പെരുമാറേണ്ടത്,’ അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് പരാമർശിച്ച ജോഷി, അതിന്റെ അനന്തരഫലങ്ങൾ വിലയിരുത്താൻ സമയമായിട്ടില്ലെന്ന് പറഞ്ഞു. എൻ.ഇ.പി നടപ്പിലാക്കിയിട്ട് അധികനാളായിട്ടില്ലെന്നും അതിന്റെ നടപടിക്രമങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് വൻ പ്രതിഷേധങ്ങൾ ഉയരുകയും വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിലേക്ക് നയിക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ, രണ്ടുമാസം മുൻപും ജോഷി സമാനമായ ആശങ്കകൾ പങ്കുവെച്ചിരുന്നു.
‘രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ദിവസങ്ങളോളം ന്യൂദൽഹിയിലെ തെരുവുകളിൽ ഒത്തുകൂടേണ്ടി വന്ന കാഴ്ച വേദനാജനകമാണ്. പരീക്ഷാ സമ്പ്രദായത്തെക്കുറിച്ചുള്ള അവരുടെ ഉത്കണ്ഠകളും ആശങ്കകളും തികച്ചും ന്യായമാണ്. സഹാനുഭൂതിയോടെയും ശാശ്വതമായ പരിഹാരം കാണണമെന്ന ആഗ്രഹത്തോടെയും വേണം അതിനെ കൈകാര്യം ചെയ്യാൻ,’ അന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ഈ പ്രതിഷേധങ്ങളെ വെറുമൊരു ക്രമസമാധാന പ്രശ്നമായി കണ്ട് ബലപ്രയോഗം നടത്തരുതെന്ന് ആവശ്യപ്പെട്ട ജോഷി, പെൺകുട്ടികളോട് ക്രൂരമായി പെരുമാറിയതിൽ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
Content Highlight:Students must be heard; a lathi-charge is not the solution to anything: Murli Manohar Joshi




