തിരുവനന്തപുരം: ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യ സമരം ആരംഭിക്കേണ്ടിയിരുന്നത് നോട്ട് നിരോധിച്ചതിന്റെ പിറ്റേന്ന് രാവിലെ 2016 നവംബര് ഒമ്പതിനായിരുന്നെന്ന് എഴുത്തുകാരി കെ.ആര് മീര.
റിസര്വ്വ് ബാങ്ക് ഗവര്ണര് ഒപ്പിട്ട ഒരു കടലാസ് കഷ്ണത്തിനു ലോകത്തെ ഒരു പരമാധികാര രാഷ്ട്രം കല്പ്പിക്കുന്നതും കല്പ്പിക്കേണ്ടതുമായ വില റദ്ദാക്കിയ ആ ദിവസമാണ് ഇന്ത്യന് ജനാധിപത്യത്തിന്റെ പക്ഷിയുടെ ചിറകുകളുടെ തുമ്പുകള് അരിഞ്ഞത് എന്ന് വിശ്വസിക്കുന്നുവെന്ന് എഴുത്തുകാരി ഫേസ്ബുക്കില് കുറിച്ചു.
‘തുമ്പുകളാണ് അരിഞ്ഞത്. ചിറകുകള് അതേപടിയുണ്ടെന്നു ദൂരെക്കാഴ്ചയില് തോന്നി. പക്ഷേ, ചിറകിന്റെ ഒരു ചെറിയ ക്ഷതംമതി, പക്ഷിക്കു പറക്കാന് കഴിയാതെയാക്കാന്. എതിര്ശബ്ദങ്ങള് നിലയ്ക്കുന്നത്, മാധ്യമങ്ങള് ഗവണ്മെന്റിന്റെ ആജ്ഞാനുവര്ത്തികളാകുന്നത്, കൂടുതല് കൈത്തണ്ടകളില് ഓറഞ്ച് ചരടുകള് നിറയുന്നത് നമ്മള് കണ്ടു’, കുറിപ്പില് പറയുന്നു.
അതില്പ്പിന്നെ ഈ രാജ്യത്ത് ഒരു തിരഞ്ഞെടുപ്പും നിഷ്പക്ഷമായി നടന്നിട്ടില്ലെന്ന് വിശ്വസിക്കുന്നുവെന്ന് മീര പറയുന്നു. നോട്ട്നിരോധനത്തെക്കുറിച്ച് ആവശ്യത്തിലേറെ സംസാരിച്ചു എന്നതില് തന്നെ ഒരുപാട് പേര് കുറ്റപ്പെടുത്തിയെന്നും തിരിഞ്ഞുനോക്കുമ്പോള് അവിടെത്തന്നെയായിരുന്നു എല്ലാത്തിന്റെയും തുടക്കമെന്നും എഴുത്തുകാരി പറയുന്നു.
നോട്ട് നിരോധനം മുതല് ഗൌരി ലങ്കേഷിന്റെ കൊലപാതകം വരെയുള്ള കാലത്തു താന് നിരീക്ഷിച്ച സംഭവവികാസങ്ങളാണ് അഹിംസയുടെ രാഷ്ട്രീയം ഹിംസയുടെ രാഷ്ട്രീയമായതെങ്ങനെ എന്ന് ചിന്തിപ്പിച്ചതും ഘാതകന് എന്ന നോവല് എഴുതിയതെന്നും മീര പറയുന്നു.
ഇത് കഴിഞ്ഞുള്ള സംഭവം ബാബ്റി മസ്ജിദ് രാംജന്മഭൂമി ട്രസ്റ്റിനു വിട്ടുകൊടുത്തതും അവിടെ രാമക്ഷേത്രം പണിതതും അതിന്റെ പൂജാകര്മങ്ങളില് പ്രധാനമന്ത്രി പങ്കെടുത്തതുമായിരുന്നുവെന്നും അത് മറ്റൊരു സ്വാതന്ത്ര്യസമരത്തിനുള്ള സമയമായിരുന്നുവെന്നും മീര കുറിപ്പില് പറയുന്നു. അന്നും ആരും അതിനു തയ്യാറായില്ലെന്നും തന്റെ സങ്കടം ഖബര് എന്നൊരു ചെറിയ നോവല് എഴുതി തീര്ത്തെന്നും മീര പറയുന്നു.
സ്വാതന്ത്രസമരമാവേണ്ടിയിരുന്ന മൂന്നാമത്തെ സംഭവം എന് ആര് സി ഏര്പ്പെടുത്തിയപ്പോഴാണെന്ന് മീര പറയുന്നു.
‘2019 ഡിസംബറിലും 2020 ജനുവരിയിലും യൂണിവേഴ്സിറ്റികളില് നടന്ന പോലീസ് നായാട്ടും ആ സമരം ഷഹീന്ബാഗില് പൌരത്വപ്രക്ഷോഭമായി വികസിച്ചതുമായിരുന്നു. അന്നും രാജ്യത്തെ യുവത്വവും ഷഹീന്ബാഗിലെ സ്ത്രീകളുമാണു സമരം നയിച്ചത്. അതു വലിയൊരു സ്വാതന്ത്ര്യസമരമായി മാറേണ്ടതായിരുന്നു. ജനാധിപത്യത്തിന്റെ ഊടുംപാവും വലിച്ചുകീറുന്ന നടപടിയാണു പൌരത്വനിയമം എന്നു നാം അംഗീകരിക്കാന് ഭയന്നു’, മീര കുറിച്ചു.
കലാച്ചി എഴുതിയത് ആ ദിവസങ്ങളിലായിരുന്നുവെന്നും കലാച്ചിക്കുവേണ്ടി റിസര്ച്ച് നടത്തുമ്പോള് സ്വന്തം രാജ്യം നഷ്ടപ്പെടുമോ എന്ന ഭയത്തിന് ഒരു പദമുണ്ടോ എന്നു തിരഞ്ഞെന്നും മീര പറയുന്നു.
‘അങ്ങനെയൊരു പദം ഉണ്ടായിരുന്നില്ല. ഒരുപക്ഷേ, ആ പദം സൃഷ്ടിക്കാനുള്ള അവസരം നമ്മള് ഇന്ത്യക്കാര്ക്ക് ആയിരിക്കരുതേ എന്നു ഞാന് പ്രാര്ത്ഥിക്കുന്നു. കാരണം, രാജ്യത്തിന്റെ പല ഭാഗങ്ങളിലുള്ള വിദേശികളെ പാര്പ്പിക്കാനുള്ള ഡീറ്റെന്ഷന് സെന്ററുകളില് എന്താണു നടക്കുന്നത് എന്നറിയില്ല. ഒരു മാധ്യമത്തിലും അതിന്റെ റിപ്പോര്ട്ടുകളില്ല’, മീര കുറിച്ചു.
ഇനിയും ചോദ്യം ചെയ്യാന് വൈകിക്കൂടാ എന്നു നമ്മെ ബോധ്യപ്പെടുത്തിയതും ഇപ്പോഴെങ്കിലും ശബ്ദമുയര്ത്താന് ശക്തിതന്നതും നമ്മുടെ ചെറുപ്പക്കാരാണെന്ന് മീര പറയുന്നു.
‘ഒരു രാജ്യം അതിന്റെ ശത്രു സൈന്യത്തെ തുരത്താനെന്നതുപോലെ അമ്പതിനായിരം പോലീസിനെയും അര്ദ്ധസൈനികരെയും അണിനിരത്തുന്നു, അവരെ ഉപയോഗിച്ച് രാജ്യത്തിന്റെ ഭാവിയായ യുവജനങ്ങളെ അടിക്കുകയും ഇടിക്കുകയും റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുകയും ചെയ്യുന്നു, ഇടിവണ്ടിയില് കയറ്റുന്നു, ചെറുപ്പക്കാര് വീണ്ടും സമരം തുടരുന്നു, വീണ്ടും അറസ്റ്റിലാകുന്നു, വീണ്ടും തിരികെ വരുന്നു’, മീര കുറിച്ചു.
മാപ്പെഴുതിക്കൊടുത്ത് രക്ഷപ്പെടാന് ആ കുട്ടികള്ക്ക് തോന്നാത്തതെന്തുകൊണ്ടാവും എന്ന് ചോദിക്കുന്ന മീര മൗനത്തിലും വിധേയത്വത്തിലും അനുസരണയിലും അഭയംതേടുന്ന മുന്തലമുറയുടെ പരിഹാസ്യവും ദയനീയവുമായ ജീവിതംകണ്ടു മടുത്തതുകൊണ്ടാകുമതെന്ന് പറയുന്നു.
ചൊവ്വാഴ്ച ഹൈക്കോടതിയില് അഭിഭാഷകരുടെ സംഘടനയായ ഐ.എ.എല് ഗ്യാനേഷ് കുമാറിന്റെ പ്രതീകാത്മക ഇംപീച്ച്മെന്റ് നടത്തിയെന്നും തുടര്ന്നുള്ള പ്രതിഷേധ യോഗത്തിലേക്ക് അഡ്വ. അയൂബ് ഖാന് ക്ഷണിച്ചപ്പോള് ഒടുവില് അഭിഭാഷകരും മുന് ന്യായാധിപരും ശബ്ദമുയര്ത്തിത്തുടങ്ങി എന്നതില് സന്തോഷം തോന്നിയെന്നും മീര പറയുന്നു.
നേഹ ബോറയും ഐഷി ഘോഷും പവിത്രയും ആതിരയും ശരണ്യയും ഉള്പ്പെടെയുള്ള പെണ്കുട്ടികള് നയിക്കുന്ന ഈ സമരം പൂര്ണ ജനാധിപത്യത്തിന്റെ പ്രതീകമാണെന്നും സ്ത്രീവിരുദ്ധത തുടച്ചു മാറ്റാതെ ഒരു ജനാധിപത്യവും പൂര്ണ ജനാധിപത്യമാകുകയില്ലെന്നും മീര പറയുന്നു.
പിന്നീട് ചരിത്രത്തില്നിന്ന് പേരുകള് മായ്ച്ചു കളയപ്പെട്ടിട്ടുണ്ടെങ്കിലും, ചരിത്രത്തില് വിജയിച്ച സമരങ്ങളെല്ലാം സ്ത്രീകള് നയിച്ചവയും സജീവമായി പങ്കെടുത്തവയുമായിരുന്നെന്ന് മീര പറയുന്നു.
‘ദല്ഹിയിലെ സി ജെ പി സമരത്തിനിടെ പാന്റ്സ് ഊരിയെടുത്ത പോലീസിനോട് എന്നെ വസ്ത്രം ഊരിയെടുത്താലും ഭരണകൂടത്തിന്റെ നഗ്നത മറയ്ക്കാന് സാധ്യമല്ലെന്നു പറയാന് ഒരു പെണ്കുട്ടിക്കു ധൈര്യമുണ്ടായി എന്നതാണു നമ്മുടെ ധൈര്യം.
അസാധാരണമായ ധൈര്യത്തോടെയും നര്മബോധത്തോടെയും ആത്മാഭിമാനത്തോടെയും പ്രതിഷേധിക്കുന്ന ഈ യുവതലമുറയാണു നമ്മുടെ ശക്തി’, മീര കുറിച്ചു.
രാഷ്ട്രത്തിന്റെ പരമാധികാരം അവര് കാത്തുസൂക്ഷിക്കും എന്ന പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Content Highlight: KR Meera says note ban impacted on Indian democracy.




