19
October, 2026

A News 365Times Venture

19
Monday
October, 2026

A News 365Times Venture

അശുതോഷിന്റെയും സൗരവിന്റെയും ജാമ്യം വൈകിപ്പിക്കാന്‍ ആസൂത്രിത നീക്കം: സി.ജെ.പി

Date:

ന്യൂദല്‍ഹി: സി.ജെ.പി നേതാക്കളായ അശുതോഷ് രങ്കയുടെയും സൗരവ് ദാസിന്റെയും ജാമ്യം വൈകിപ്പിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നതായി സി.ജെ.പി. ഇരുവരുടെയും ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് (ഒക്ടോബര്‍ 18, ഞായര്‍) വാദം കേള്‍ക്കുന്നത് വൈകിപ്പിച്ചെന്നും സി.ജെ.പി പ്രതികരിച്ചു.

ഇരുവരുടെയും ജാമ്യം വൈകിപ്പിക്കാന്‍ മനപ്പൂര്‍വമായ ശ്രമം നടക്കുന്നതായി സി.ജെ.പി ലീഗല്‍ ഹെഡ് രത്‌ന സിങ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. മനപൂര്‍വമായ കാലതാമസം വരുത്തുന്ന പ്രശ്‌നം ഇവിടെയുണ്ട്. നടപടിക്രമങ്ങളിലെ ക്രമക്കേടുകളും ഇവിടെയുണ്ടെന്നും അവര്‍ പറഞ്ഞു.

കൂടാതെ, ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വസ്തുതകള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം, ഭീഷണിപ്പെടുത്തുന്ന സന്ദേശം വന്നുവെന്ന ആരോപണം കാരണം വാദം കേള്‍ക്കല്‍ തടസ്സപ്പെടുകയും ചെയ്തുവെന്നും രത്‌ന മാധ്യമങ്ങളോട് പറഞ്ഞു.

കോടതി നടപടികള്‍ വൈകിപ്പിക്കാനും അശുതോഷിനെയും സൗരവിനെയും മോചിപ്പിക്കുന്നത് തടയാനും ഭരണകൂടം ശ്രമിക്കുകയാണെന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ എക്‌സ് പോസ്റ്റില്‍ പറഞ്ഞു. സാധ്യമായ എല്ലാ തെറ്റായ മാര്‍ഗങ്ങളും ഉപയോഗിച്ചുകൊണ്ട് ഭരണകൂടം ഇവരുടെ നിയമവിരുദ്ധമായ തടങ്കല്‍ ബോധപൂര്‍വ്വം നീട്ടിക്കൊണ്ടുപോകുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അശുതോഷിനെയും സൗരവിനെയും തടവില്‍ വെക്കാന്‍ യാതൊരു നിയമപരമായ ന്യായീകരണവുമില്ല. ഇവരെ അവിടെത്തന്നെ തുടരാന്‍ നിര്‍ബന്ധിതരാക്കാന്‍ ഭരണകൂടം നടപടികള്‍ മനപൂര്‍വ്വം വൈകിപ്പിക്കുന്ന തന്ത്രം പ്രയോഗിക്കുകയാണെന്നും ദീപ്‌കെ കുറിച്ചു.

സൗരവിന്റെയും അശുതോഷിന്റെയും ജാമ്യ ഹരജിയില്‍ വാദം കേള്‍ക്കുന്നത് ഞായറാഴ്ച വൈകിയിരുന്നതായി രത്‌ന സിങ് നേരത്തെ എക്‌സ് പോസ്റ്റില്‍ പറഞ്ഞിരുന്നു. നിശ്ചയിച്ച സമയത്ത് സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് (എസ്.ഇ.എം) ഹാജരാകാത്തതാണ് ഇതിന് കാരണമായത്. വ്യക്തമല്ലാത്ത കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നാല് ജാമ്യക്കാരെ അധികൃതര്‍ തള്ളിക്കളഞ്ഞതായും രത്‌ന പറഞ്ഞിരുന്നു.

ജന്തര്‍ മന്തറിലെ ഗേറ്റ് ചാടിക്കടക്കുകയും ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിക്കുകയും ചെയ്ത സംഭവത്തിലാണ് സി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്ത് അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഈ മാസം 14നായിരുന്നു ഇവരെ കസ്റ്റഡിയില്‍ വിടാന്‍ എസ്.ഇ.എം ഉത്തരവിട്ടത്.

ഇവരുടെ ജാമ്യ ഹരജി ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് വാദം കേള്‍ക്കാന്‍ നിശ്ചയിച്ചിരുന്നതെന്നും എന്നാല്‍ വൈകിട്ട് നാലരക്ക് ശേഷവും അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ മന്ദിര്‍ മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നില്ലെന്ന് രത്‌ന പറഞ്ഞു.

‘ഇത് അതീവ ആശങ്കാജനകമാണ്. വ്യക്തമല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് ഇതുവരെ നാല് ജാമ്യക്കാരെയാണ് അവര്‍ തള്ളിക്കളഞ്ഞത്. പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവരെ, ക്രിമിനല്‍ പശ്ചാത്തലമുള്ളവരായി ചിത്രീകരിക്കുകയാണ് അവര്‍ ചെയ്യുന്നത്,’ രത്‌ന പറഞ്ഞു.

ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തുന്നത് കുറ്റകരമല്ല. നടപടിക്രമങ്ങളിലെ കാലതാമസം കാരണം ഇവര്‍ കസ്റ്റഡിയില്‍ തുടരേണ്ടി വരുന്നത് ശരിയല്ലെന്നും രത്‌ന ചൂണ്ടിക്കാട്ടി.

അശുതോഷിന്റെയും സൗരവിന്റെയും ജാമ്യവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലുമായി കൂടിയാലോചന നടത്തിയതായി സി.ജെ.പി ഇന്നലെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അറിയിച്ചിരുന്നു. ഞായറാഴ്ചയ്ക്കകം ദാസിനെയും റാങ്കയെയും മോചിപ്പിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും സി.ജെ.പി മുന്നറിയിപ്പ് നല്‍കിയിരുന്നു

ഞായറാഴ്ചക്കകം ജാമ്യമില്ലെങ്കില്‍, യാതൊരു കുറ്റകൃത്യവും ചെയ്യാത്ത അശുതോഷിനെയും സൗരവിനെയും നിയമവിരുദ്ധമായി തടങ്കലില്‍ വെക്കുന്നത് തുടരാന്‍ ബോധപൂര്‍വം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംഘടന വ്യക്തമാക്കി.

‘അവരെ ജയിലില്‍ തന്നെ തുടരാന്‍ അനുവദിക്കുന്നതിനായി ബോധപൂര്‍വം വൈകിപ്പിക്കുന്ന തന്ത്രങ്ങള്‍ പ്രയോഗിക്കുന്നത് വെറുതെ വിടില്ല. ഇതിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും,’ എന്നും സംഘടന കൂട്ടിച്ചേര്‍ത്തു.

Content Highlight: CJP alleges delay in release of Saurav Das and Ashutosh Ranka

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related