30
October, 2026

A News 365Times Venture

30
Friday
October, 2026

A News 365Times Venture

ഇസ്രഈല്‍ തെരഞ്ഞെടുപ്പ് ഫലസ്തീന്‍ പൗരന്മാര്‍ ‘മോഷ്ടിച്ചു’ എന്ന് നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി

Date:

ടെല്‍ അവീവ്: ഇസ്രഈല്‍ തെരഞ്ഞെടുപ്പ് ഫലസ്തീന്‍ പൗരന്മാര്‍ ‘മോഷ്ടിച്ചു’ എന്ന ആരോപണവുമായി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി. ഈ ആഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ അറബ് പാര്‍ട്ടികള്‍ക്ക് ലഭിച്ച വന്‍ മുന്നേറ്റം വോട്ടെടുപ്പിലെ ക്രമക്കേടുകള്‍ കാരണമാണെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചിരുന്നു. തെളിവുകളൊന്നും ഹാജരാക്കാതെയായിരുന്നു ആരോപണം. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് ഫലസ്തീന്‍ പൗരന്മാര്‍ ‘മോഷ്ടിച്ചു’ എന്ന് നെതന്യാഹുവിന്റെ പാര്‍ട്ടി ആരോപിക്കുന്നത്.

ഇസ്രഈലിന്റെ ഇസ്‌ലാമികവല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നുവെന്നതടക്കമുള്ള ആരോപണങ്ങളും ലിക്കുഡ് പാര്‍ട്ടി ഉന്നയിക്കുന്നു. ഇസ്രഈലിലെ ഫലസ്തീന്‍ പൗരന്മാരുടെ പോളിങ് പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഖത്തര്‍ ധനസഹായം നല്‍കുന്നതായി ഇസ്രഈലി രാഷ്ട്രീയക്കാരും മാധ്യമങ്ങളും ആരോപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ലിക്കുഡ് പാര്‍ട്ടിയുടെ പുതിയ പരാമര്‍ശങ്ങള്‍.

നെതന്യാഹുവിന്റെ മകന്‍ യെയറും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചു. ഖത്തര്‍, തുര്‍ക്കി, മറ്റ് അറബ് രാജ്യങ്ങള്‍ എന്നിവ തിരഞ്ഞെടുപ്പ് മോഷ്ടിച്ചുവെന്നാ് യെയര്‍ അടക്കമുള്ളവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഖത്തര്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. അവ ‘പരിഹാസ്യവും അപകടകരവും’ ആണെന്നും ഖത്തര്‍ അഭിപ്രായപ്പെട്ടു.

നെതന്യാഹുവും ലിക്കുഡ് പാര്‍ട്ടിയുടെ തീവ്ര വലതുപക്ഷ സഖ്യകക്ഷികളും അറബ് വിഭാഗക്കാര്‍ക്കെതിരായ പ്രചാരണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അറബ് പാര്‍ട്ടികള്‍ക്കെതിരായ ആക്രമണങ്ങള്‍ ശക്തമാക്കുന്നതിലൂടെ, അറബ് വിഭാഗത്തിന്റെ പിന്തുണയോടെ ഒരു ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും തന്റെ പ്രധാന എതിരാളിയായ ഗാഡി ഐസന്‍കോട്ടിന് കഴിയാത്ത സാഹചര്യം സൃഷ്ടിക്കാനാണ് നെതന്യാഹു ശ്രമിക്കുന്നതെന്ന് നിരീക്ഷകരും വിമര്‍ശകരും അഭിപ്രായപ്പെട്ടു.

അറബ്-ജൂത സഹകരണത്തെ അസാധുവാക്കാനാണ് നെതന്യാഹു ശ്രമിക്കുന്നതെന്ന് റൈച്ച്മാന്‍ സര്‍വകലാശാലയിലെ പൊളിറ്റിക്‌സ് പ്രൊഫസറായ എയ്താന്‍ ഗില്‍ബോവയെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഏകദേശം 93 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍, നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ദേശീയ-മതവാദ സഖ്യത്തിന്, ഗാഡി ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ-മധ്യ-ഇടതുപക്ഷ സഖ്യത്തേക്കാള്‍ നേരിയ മുന്‍തൂക്കമുണ്ട്. എന്നാല്‍ ഇരു പക്ഷത്തിനും പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടാന്‍ ആവശ്യമായ 61 സീറ്റുകള്‍ ലഭിച്ചിട്ടില്ല.

ഇസ്രഈല്‍ വോട്ടര്‍മാരിലെ 21 ശതമാനം വരുന്ന അറബ് ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികള്‍ക്ക് മുന്‍പെങ്ങുമില്ലാത്തവിധം 19 സീറ്റുകള്‍ ലഭിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. നെതന്യാഹുവിന്റെ പക്ഷത്തിന് 53 സീറ്റുകളും ഐസന്‍കോട്ടിന്റെ പക്ഷത്തിന് 48 സീറ്റുകളുമാണുള്ളത്. അറബ് വിഭാഗത്തിന്റെ ശക്തമായ പിന്തുണയില്ലാതെ ഐസന്‍കോട്ടിന് അധികാരത്തിലെത്താന്‍ പ്രായോഗികമായ വഴികളൊന്നുമില്ല.

എന്നാല്‍ അത്തരമൊരു പിന്തുണ സ്വീകരിക്കുന്നതിനെ ഐസന്‍കോട്ട് ഇതുവരെ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍, അറബ് പാര്‍ട്ടികളെ ഭരണസഖ്യത്തില്‍ ഉള്‍പ്പെടുത്താതെ, പുറത്തുനിന്നുള്ള അവരുടെ പിന്തുണയോടെ ഒരു ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഐസന്‍കോട്ടിന്റെ പക്ഷം ശ്രമിച്ചേക്കാം.

Content Highlight: Netanyahu’s Likud claims Palestinians ‘stole’ elections as Qatar denies meddling

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related