മസ്‌കറ്റ്: യു.എസ്-ഇറാന്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നു. ഇറാനിലെ തുറമുഖം സന്ദര്‍ശിച്ചശേഷം മടങ്ങുകയായിരുന്ന ചരക്കുകപ്പലിന് നേരെ ഒമാന്‍ കടലില്‍ അമേരിക്ക ആക്രമണം നടത്തി. സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പതാക വഹിക്കുന്ന എം.വി. ഹുഡ എന്ന കപ്പലിനുനേരെയാണ് അമേരിക്കന്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കപ്പല്‍ പ്രവര്‍ത്തനരഹിതമായതായും അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
കപ്പലിലെ ജീവനക്കാരുടെ എണ്ണമോ അവരുടെ നിലവിലെ സ്ഥിതിയോ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അമേരിക്കയുടെ നാവിക ഉപരോധം ലംഘിച്ച് മേഖലയില്‍നിന്ന് പുറത്തുകടക്കാന്‍ കപ്പല്‍ ശ്രമിച്ചെന്നാണ് ആരോപണം. ആക്രമണത്തിന് മുമ്പ് കപ്പലിലെ ലക്ഷ്യമിട്ട ഭാഗങ്ങളില്‍നിന്ന് ജീവനക്കാരോട് മാറാന്‍ നിര്‍ദേശിച്ചിരുന്നതായും അമേരിക്കന്‍ സൈന്യം വ്യക്തമാക്കി.
ജൂലൈ മുതല്‍ നടപ്പാക്കിവരുന്ന നാവിക ഉപരോധത്തിന്റെ ഭാഗമായി നിര്‍ദേശങ്ങള്‍ പാലിച്ച 147 വാണിജ്യ കപ്പലുകളെ തിരിച്ചുവിട്ടതായും നിര്‍ദേശങ്ങള്‍ ലംഘിച്ച അഞ്ച് കപ്പലുകളെ പ്രവര്‍ത്തനരഹിതമാക്കിയതായും അമേരിക്ക അവകാശപ്പെട്ടു.
അതിനിടെ, ഇറാന്റെ തെക്കന്‍ തീരപ്രദേശങ്ങളിലെ വിവിധയിടങ്ങളില്‍ ശനിയാഴ്ച വൈകുന്നേരം സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖ്വഷ്ം ദ്വീപ്, ജസക്, സിരിക്, ബന്ദര്‍ അബ്ബാസ് എന്നിവിടങ്ങളിലാണ് സ്‌ഫോടനശബ്ദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഖ്വഷ്ം ദ്വീപിന്റെ കിഴക്കന്‍ മേഖലയില്‍ രണ്ട് സ്‌ഫോടനങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇവ മിസൈലാക്രമണങ്ങളാണെന്ന് ഇറാന്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. സ്‌ഫോടനങ്ങളുടെ കാരണവും വ്യക്തമായിട്ടില്ല.
ഇതിനിടെ, ഹോര്‍മുസ് കടലിടുക്കിലൂടെ അനധികൃത പാതയിലൂടെ സഞ്ചരിക്കാന്‍ ശ്രമിച്ച രണ്ട് എണ്ണക്കപ്പലുകള്‍ കടലിലെ മൈനുകളില്‍ ഇടിച്ച് തീപിടിച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് നാവികസേന അറിയിച്ചു. എന്നാല്‍ കപ്പലുകളുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
ഇറാനെതിരായ സമ്മര്‍ദം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ സൈനിക ദൗത്യസംഘത്തിനും അമേരിക്ക രൂപം നല്‍കിയിട്ടുണ്ട്. ‘ടാസ്‌ക് ഫോഴ്‌സ് അയണ്‍ ഗേറ്റ്’ എന്നാണ് സംഘത്തിന്റെ പേര്. പുതിയ സംഭവവികാസങ്ങള്‍ പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം ശക്തമാകുമെന്ന ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.
Content Highlight: US attacks ship returning from Iran




