മഹാരാഷ്ട്രയിലെ എസ്.ഐ.ആര് നടപടികളുടെ ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍ ഷെയ്ഖ് എന്ന് സര്നെയിമുള്ളവരുടെ 753,978 പേര് പുറത്തായെന്ന് സബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിശകലന റിപ്പോര്‍ട്ട്. സംസ്ഥാനത്ത് കരട് വോട്ടര്‍ പട്ടികയില്‍ ഒഴിവാക്കപ്പെട്ടവരില്‍ മുസ്ലിങ്ങളുടെ ശതമാനം ജനസംഖ്യാ അനുപാതത്തേക്കാള്‍ കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മഹാരാഷ്ട്രയിലെ കൊളാബ മണ്ഡലത്തില്‍ 2024ല്‍ വോട്ട് ചെയ്തവരുടെ ആകെ എണ്ണത്തേക്കാള്‍ കൂടുതലാണ് കരടില്‍ ഒഴിവാക്കപ്പെട്ടവരുടെ എണ്ണം. സംസ്ഥാനത്തെ ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരില്‍ പകുതിയിലധികം പേരും കരടില്‍ ഒഴിവാക്കപ്പെട്ടു. മുംബൈക്ക് പുറത്തുള്ള മണ്ഡലങ്ങളിലെ 18നും 29നും ഇടയില്‍ പ്രായമുള്ളവരവരില് ഒഴിവാക്കപ്പെട്ട പുരുഷന്മാരുടേതിനേക്കാള് 2.2 മടങ്ങാണ് ഒഴിവാക്കപ്പെട്ട സ്ത്രീകളുടെ എണ്ണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പുറത്തായത് 21.1 ശതമാനം വോട്ടര്‍മാര്‍
മഹാരാഷ്ട്രയിലെ സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ പ്രകാരം കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് 20,688,421 പേരുകള്‍ ഒഴിവാക്കപ്പെട്ടു. പരിഷ്കരണത്തിന് തൊട്ടുമുമ്പ് പട്ടികയിലുണ്ടായിരുന്നത് 97,854,049 വോട്ടര്‍മാരാണ്. അതിന്റെ അഞ്ചിലൊന്നിലധികമാണ് ഒഴിവാക്കപ്പെട്ട വോട്ടര്‍മര്‍. 21.1 ശതമാനം വരുമിത്.
2024-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളും 2011-ലെ സെന്‍സസ് വിവരങ്ങളും ഉപയോഗിച്ച് കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ കണക്ക് വിശകലനം ചെയ്യുന്നതാണ് സബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട്. കരട് പട്ടികയില്‍ ഒഴിവാക്കപ്പെട്ടവരില്‍ ഭൂരിഭാഗം പേരും ജീവിച്ചിരിക്കുന്നവരാണ്. മരണപ്പെട്ടവരെന്ന് കാണിച്ച് ഒഴിവാക്കിയത് ആകെ എണ്ണത്തിന്റെ 16.8 ശതമാനം പേരെ മാത്രമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാക്കിയുള്ള 17,206,190 പേരെ സ്ഥിരമായി താമസം മാറിയവര്‍, കണ്ടെത്താന്‍ കഴിയാത്തവര്‍, സ്ഥലത്തില്ലാത്തവര്‍, അല്ലെങ്കില്‍ മറ്റൊരിടത്ത് ഇതിനകം പേര് ചേര്‍ത്തവര്‍ എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ട, ജീവിച്ചിരിക്കുന്ന വോട്ടര്‍മാരില്‍ 46 ശതമാനവും 40 വയസില്‍ താഴെയുള്ളവരാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരില്‍ സ്ത്രീകള്‍ 48.5ശതമാനവും (10,041,471) പുരുഷന്മാര് 51.4 ശതമാനവും (10,643,700) ട്രാന്‍സ്ജെന്‍ഡര്‍/മറ്റ് ലിംഗവിഭാഗങ്ങള് 0.02 ശതമാനവുമാണ് (3,250). സ്ഥിരമായി താമസം മാറിപ്പോയി എന്ന് കാരണത്താല്‍ 37.1 പേരെയും മരണം എന്ന് രേഖപ്പെടുത്തി 16.8 ശതമാനം പേരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കി. കണ്ടെത്താന്‍ കഴിയാത്തവര്‍ / സ്ഥലത്തില്ലാത്തവര്‍ എന്ന വിഭാഗത്തില്‍ 37.5 പേരെയും നേരത്തെ തന്നെ പേര് ചേര്‍ത്തിട്ടുള്ളവര്‍ എന്ന വിഭാഗത്തില്‍ 8.5 പേരെയും ഒഴിവാക്കി.
14.6 ശതമാനം മുസ്ലിം പേരുള്ളവര്‍
പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടവരില്‍ 14.6 ശതമാനം പേരും മുസ്ലിം പേരുള്ളവരാണ്. സംസ്ഥാനത്തെ ജനസംഖ്യയിലെ മുസ് ലിംകളുടെ അനുപാതത്തേക്കാള്‍ കൂടുതലാണിത്. സെന്‍സസ് പ്രകാരം 12.1 ശതമാനം ആയിരിക്കും സംസ്ഥാനത്തെ ജന സംഖ്യയില്‍ മുസ് ലിംകളുടെ ശതമാനം കണക്കാക്കുന്നത്.
മഹാരാഷ്ട്രയില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട 20,688,421 പേരുകളില്‍ 3,020,173 പേരുകളും മുസ്ലിങ്ങളുടേതാണ്. രണ്ട് ജില്ലകള്‍ ഒഴികെ സംസ്ഥാനത്തെ മറ്റെല്ലാ ജില്ലകളിലും അവിടെയുള്ള മുസ്ലിം ജനസംഖ്യയുടെ ശതമാനത്തിലും കൂടുതലാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ എണ്ണത്തിലെ മുസ് ലിംകളുടെ ശതമാനം.
അകോലയില്‍ മാത്രമാണ്, മുസ്ലിം ജനസംഖ്യാ അനുപാതത്തെ അപേക്ഷിച്ച് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടവരിലെ മുസ്ലീം വോട്ടര്‍മാരുടെ ശതമാനം കുറവുള്ളത്. റായ്ഗഡില്‍ ഇത് രണ്ടും തുല്യമാണ്. മറ്റെല്ലാ ജില്ലകളിലും മുസ്ലിം ജനസംഖ്യാ അനുപാതത്തേക്കാള്‍ കൂടുതലാണ് പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവരിലെ മുസ്ലിങ്ങളുടെ ശതമാനമെന്ന് സബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിശകലനം വ്യക്തമാക്കുന്നു.
മരണം അല്ലാത്ത കാരണങ്ങള്‍
മുസ്ലിം പേരുകാരില്‍ ‘മരണം’ എന്ന കാരണം പറഞ്ഞ് ഒഴിവാക്കിയവരുടെ എണ്ണം 11.8 ശതമാനമാണ്. മറ്റുള്ളവരില്‍ അത് 17.7 ശതമാനവും. ബൂത്ത് ഓഫീസറുടെ വിലയിരുത്തലിനെയോ പേരുകളുടെ സാമ്യത്തെയോ അടിസ്ഥാനമാക്കിയുള്ള വിഭാഗങ്ങളിലാണ് ഈ വ്യത്യാസം പ്രകടമാകുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
‘ഇതിനകം പേര് ചേര്‍ത്തിട്ടുള്ളവര്‍’ (ഡ്യൂപ്ലിക്കേറ്റ്) എന്ന വിഭാഗത്തില്‍ മുസ്ലിം പേരുകളുള്ളവരുടെ നിരക്ക് 12.3 ശതമാനമാണ്, എന്നാല്‍ മറ്റുള്ളവരുടെ കാര്യത്തില്‍ ഇത് 7.9 ശതമാനമാണ്. അതുപോലെ, കണ്ടെത്താന്‍ കഴിയാത്തവരോ സ്ഥലത്തില്ലാത്തവരോ ആയവരുടെ നിരക്ക് മുസ്ലിം പേരുകളുള്ളവരുടെ കാര്യത്തില്‍ 38.6 ശതമാനവും, മറ്റുള്ളവരുടെ കാര്യത്തില്‍ 37.3 ശതമാനവുമാണ്.
പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടവരില്‍ മുസ്ലിം പേരുകളുള്ളവരുടെ എണ്ണം ആനുപാതികമായി കൂടുതലാണെന്ന് ഇത് സൂചിപ്പിക്കുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഡ്യൂപ്ലിക്കേറ്റ് എന്ന് പറഞ്ഞ് ഒഴിവാക്കിയവര്‍
‘ഇതിനകം പേര് ചേര്‍ത്തിട്ടുള്ളവര്‍’ (ഡ്യൂപ്ലിക്കേറ്റുകള്‍) എന്ന വിഭാഗത്തില്‍ ഒഴിവാക്കപ്പെട്ട മുസ്ലിം പേരുകാരുടെ എണ്ണം കൂടുതലാണ്. മിക്കവാറും എല്ലാ മണ്ഡലങ്ങളിലും, കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷവും ഈ പ്രവണത കാണാം. പേരുകളുടെ സാമ്യം അടിസ്ഥാനമാക്കി ഡ്യൂപ്ലിക്കേറ്റുകളെ കണ്ടെത്തുന്ന രീതി ഇതിനൊരു കാരണമാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുസ്ലിം പേരുകളില്‍ ‘ഷെയ്ഖ്’, ‘ഖാന്’, ‘സയ്യിദ്’, ‘പഠാന്’ തുടങ്ങിയ കുറച്ചു വാക്കുകള്‍ തന്നെ പല പേരുകളിലും ആവര്‍ത്തിച്ചു വരുന്നുണ്ട്. മഹാരാഷ്ട്രയിലെ പട്ടികയില്‍, ഒരു പേര് ഏത് രജിസ്ട്രേഷനുമായാണ് ഡ്യൂപ്ലിക്കേറ്റ് ആയതെന്ന് വ്യക്തമാക്കുന്നില്ല, അതിനാല്‍ ഇക്കാര്യം പരിശോധിക്കാന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ടാണ് ഇത് ചെയ്തതെന്ന് ഇതെന്നതിന് തെളിവുകളൊന്നുമല്ലി. അതേസമയം, ഡ്യൂപ്ലിക്കേറ്റുകള്‍ നീക്കം ചെയ്ത നടപടികള്‍ ഓരോന്നായി ഓഡിറ്റ് ചെയ്യണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
ഷെയ്ഖ് എന്ന പേര്
മഹാരാഷ്ട്രയിലെ ഭൂരിഭാഗം പേരുകളും ഏതെങ്കിലും ഒരു സര്നെയിമിലാണ് അവസാനിക്കുന്നത്: മഹാരാഷ്ട്രയിലെ പേരുകളില്‍ 99.7 ശതമാനത്തിനും സര്നെയിമുണ്ട്.
566,203 വ്യത്യസ്ത സര്‍നെയിമുകളാണ് സംസ്ഥാനത്തെ വോട്ടര്‍ പട്ടികയിലെ പേരുകളില്‍ കണ്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഏറ്റവും കോമണായ പത്ത് സര്നെയിമുകളുള്ളവരാണ് വോട്ടര്‍ പട്ടികയില്‍ ഒഴിവാക്കപ്പെട്ടവരില്‍ 15.8 ശതമാനം പേര്. ഏറ്റവും കോമണായ 50 സര്നെയിമുകളുള്ളവരാണ് ഒഴിവാക്കപ്പെട്ടവരില്‍ 30.1 ശതമാനം പേര്.
ഷെയ്ഖ് എന്ന സര്‍നെയിം ഉള്ള 753,978 പേര് ഒഴിവാക്കപ്പെട്ടു. ആകെ ഒഴിവാക്കപ്പെട്ടവരുടെ 3.64 ശതമാനം വരുമിത്. ഈ പേരുകാരില്‍ ഒഴിവാക്കപ്പെട്ടവരില്‍ 88 ശതമാനവും മരണം അല്ലാത്ത കാരണങ്ങളാല്‍ ഒഴിവാക്കപ്പെട്ടവരാണ്. ഇതില്‍ 30 ശതമാനം പേര് മുംബൈയിലുള്ളവരും 47 ശതമാനം സ്ത്രീകളുമാണ്.
പാട്ടീല്‍ എന്ന പേരുള്ള 483,526 പേര് ഒഴിവാക്കപ്പെട്ടു. ഖാന് എന്ന് പേരുള്ള 368,649 പേരും ജാദവ് എന്ന് പേരുള്ള 339,796 പേരും ഒഴിവാക്കപ്പെട്ടു.
ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരില്‍ പകുതിയിലധികം പേരും പുറത്ത്
സംസ്ഥാനത്തെ ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരില്‍ 2024-ലെ വോട്ടര്‍ പട്ടികയിലുണ്ടായിരുന്നവരില്‍ പകുതിയിലധികം പേരെയും കരട് വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കി. 6,101 പേരായിരുന്നു 2024ലെ വോട്ടര്‍ പട്ടികയിലുണ്ടായിരുന്നത്. എസ്.ഐ.ആറിന് ശേഷമുള്ള കരടില്‍ 3,250 പേരെ ഒഴിവാക്കി. 53.3 ശതമാനം ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരെയാണ് ഇത്തരത്തില്‍ ഒഴിവാക്കിയത്.
മുംബൈയില്‍ ഏറ്റവും വലിയ ഇടിവ്
സംസ്ഥാനത്ത് എസ്.ഐ.ആറിന് ശേഷം പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ മുംബൈയിലാണ് വോട്ടര്‍മാരുടെ എണ്ണത്തില്‍ ഏറ്റവും കുറവ് വന്നത്. സംസ്ഥാനത്തെ ആകെ വോട്ടര്‍മാരുടെ 11 ശതമാനമാണ് മുംബൈയിലെ 36 മണ്ഡലങ്ങളിലായുള്ളത്. എന്നാല്‍ എസ്.ഐ.ആര് പ്രകാരം കരട് വോട്ടര്‍ പട്ടികയില്‍ ഒഴിവാക്കിയതില്‍ 17 ശതമാനം പേര് ഈ 36 മണ്ഡലങ്ങളില്‍ നിന്നുള്ളവരാണ്.
മുംബൈക്ക് പുറത്തുള്ള മണ്ഡലങ്ങളില്‍ ആ മണ്ഡലങ്ങളിലെ ആകെ വോട്ടര്‍മാരില്‍ 19.5 ശതമാനം പേരെയാണ് നീക്കിയതെങ്കില്‍ മുംബൈയിലെ മണ്ഡലങ്ങളില്‍ അത് 34.7 ശതമാനമാണ്. താനെ ജില്ലയില്‍ 35.4 ശതമാനമാണ് നീക്കം ചെയ്യപ്പെട്ട വോട്ടര്‍മാര്‍.
മുംബൈ, താനെ, പാല്‍ഘര്‍, പൂനെ എന്നിവിടങ്ങളിലെ 22 മണ്ഡലങ്ങളില്‍, ഒഴിവാക്കപ്പെട്ടവരുടെ എണ്ണം ആകെ വോട്ടര്‍മാരുടെ 75 മുതല്‍ 100 ശതമാനം വരെയാണ്. വിവിധ ജില്ലകളിലെ ഈ പ്രവണതയ്ക്ക് കാരണം നഗരവല്ക്കരണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊളാബയില്‍ 2024ല്‍ വോട്ട് ചെയ്തവരേക്കാള്‍ കൂടുതല്‍
മുംബൈയിലെ കൊളാബയില്‍, 2024-ലെ തെരഞ്ഞെടുപ്പില്‍ ആകെ വോട്ട് ചെയ്തവരേക്കാള്‍ കൂടുതലാണ് എസ്.ഐ.ആറില്‍ നീക്കം ചെയ്ത പേരുകള്‍. 118,499 പേരാണ് 2024ല്‍ കൊളാബയില്‍ വോട്ട് ചെയ്തത്. 119,606 പേരെ എസ്.ഐ.ആറില്‍ ഒഴിവാക്കി. 2024ല്‍ വോട്ട് ചെയ്തവരുടെ എണ്ണത്തിന്റെ 101 ശതമാനം വരും ഇപ്പോള്‍ ഒഴിവാക്കിയവരുടെ എണ്ണം.
കൊളാബയില്‍ മാത്രമാണ് 2024ല്‍ വോട്ട് ചെയ്തവരേക്കാള്‍ കൂടുതല്‍ പേരെ കരട് വോട്ടര്‍ പട്ടികയില്‍ ഒഴിവാക്കിയിട്ടുള്ളത്. എന്നാല്‍ ഭീവണ്ടി ഈസ്റ്റ്, ഹദപ്സാര്, അംബര്‍നാഥ് (എസ്.സി) എന്നീ മണ്ഡലങ്ങളില്‍ 2024ല്‍ വോട്ട് ചെയ്തവരുടെ എണ്ണത്തിന്റെ 90 ശതമാനത്തിലധികം പേരെ നീക്കം ചെയ്തുന 191,734 പേര് ഭീവണ്ടിയില്‍ 2024ല്‍ വോട്ട് ചെയ്തപ്പോള്‍ ഇത്തവണ നീക്കിയ വോട്ടര്‍മാര്‍ 184,692 ആണ്. ഹദപ്സാറില് 317,533 പേര് 2024ല്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 298,372 പേരെ കരടില്‍ ഒഴിവാക്കി. 184,569 പേരാണ് അംബര്‍നാഥില്‍ 2024ല്‍ വോട്ട് ചെയ്തത്. എസ്.ഐ.ആറിന് ശേഷം കരടില്‍ 169,614 പേരെ ഒഴിവാക്കി.
288-ല്‍ 190 മണ്ഡലങ്ങളിലും 2024-ലെ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതലാണ് മരണമല്ലാത്ത കാരണങ്ങളാല്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടവരുടെ എണ്ണം. ബൂത്ത് ലെവല്‍ ഓഫീസറുടെ വ്യക്തിപരമായ വിലയിരുത്തലിനെ മാത്രം അടിസ്ഥാനമാക്കിക്കൊണ്ട് ‘കണ്ടെത്തായില്ല’ എന്നോ ‘സ്ഥലത്തില്ല’ എന്നോ രേഖപ്പെടുത്തി പട്ടികയില്‍ നിന്ന് നീക്കം ചെയ്തവരുടെ എണ്ണം 95 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതലാണ്.
പുതുതായി വിവാഹിതരായ സ്ത്രീകള്‍ ഒഴിവാക്കപ്പെടുന്നു
സംസ്ഥാനത്ത് മുംബൈയ്ക്ക് പുറത്തുള്ള മണ്ഡലങ്ങളില്‍ ‘സ്ഥലം മാറിപ്പോയവര്‍’ എന്ന് രേഖപ്പെടുത്തി വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കായ 18-നും 29-നും ഇടയില്‍ പ്രായമുള്ള വോട്ടര്‍മാരില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ എണ്ണം ഇരട്ടിയിലധികമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ ഈ പ്രായപരിധിയില്‍ മുംബൈക്ക് പുറത്തുള്ള മണ്ഡലങ്ങളില്‍ ആ പുറത്താക്കിയവരില്‍ 822,798 പേര് സ്ത്രീകളും 379,991 പേര് പുരുഷന്മാരുമാണ്. പുരുഷന്മാരുടെ എണ്ണത്തിന്റെ 2.2 മടങ്ങ് വരും ഇതില്‍ സ്ത്രീകളുടെ എണ്ണം.
വിവാഹശേഷം സ്ത്രീകള്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് താമസം മാറുന്നതും, തുടര്‍ന്ന് പുതിയ വിലാസത്തില്‍ വീണ്ടും പേര് ചേര്‍ക്കേണ്ടി വരുന്നതുമാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlight: SIR Maharashtra Draft Electoral Rolls: Details of Analysis by Sabar Institute




