ചെന്നൈ: ഇന്ത്യന്‍ ജുഡീഷ്യറിയിലെ വിമതനായ ന്യായാധിപനെന്ന് വിശേഷിക്കപ്പെട്ട ജസ്റ്റിസ് സി.എസ്. കര്‍ണന് വിട. വെള്ളിയാഴ്ച രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 71 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം.
ജുഡീഷ്യറിയില്‍ അഴിമതിയും ജാതി വിവേചനവും അടക്കമുള്ള പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞതിലൂടെ അദ്ദേഹം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. മദ്രാസ് ഹൈക്കോടതിയില്‍ സേവനമനുഷ്ഠിക്കുന്നതിനിടെയാണ് സഹജഡ്ജിമാര്‍ക്കെതിരെ ജാതിവിവേചനം, അഴിമതി തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ ജസ്റ്റിസ് കര്‍ണന്‍ ഉന്നയിച്ചത്. മദ്രാസ്, കല്‍ക്കട്ട ഹൈക്കോടതികളില്‍ ജഡ്ജിയായിരുന്നു. കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട ആദ്യത്തെ ജഡ്ജിയായും അദ്ദേഹം മാറി. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളിലൂടെയും അദ്ദേഹം ശ്രദ്ധേയനായിരുന്നു.
2017 ജനുവരിയില്‍ സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് ജസ്റ്റിസ് കര്‍ണന്‍ പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്ത് തുറന്ന കത്ത് എഴുതിയിരുന്നു. സിറ്റിങ് ജഡ്ജിമാരും വിരമിച്ചവരും അടക്കം 20 ജഡ്ജിമാര്‍ അഴിമതിക്കാരാണെന്ന് പറഞ്ഞായിരുന്നു തുറന്ന കത്ത്.
ഇതിനെത്തുടര്‍ന്ന് ജുഡീഷ്യറിയിലെ അംഗങ്ങള്‍ക്കെതിരെ നടത്തിയ പരസ്യ പ്രതികരണം നടത്തിയെന്ന പേരില്‍ കര്‍ണനെതിരെ സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ച് കോടതിയലക്ഷ്യത്തിന് കേസ് എടുത്തു. സുപ്രീംകോടതി അദ്ദേഹത്തെ ആറ് മാസത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. ഇതോടെ ഇന്ത്യയില്‍ ഔദ്യോഗിക പദവിയിലിരിക്കെ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ ഹൈക്കോടതി ജഡ്ജിയായി അദ്ദേഹം മാറി.
കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചുകൊണ്ടുള്ള വിധി വന്നതിന് പിന്നാലെ ജസ്റ്റിസ് കര്‍ണന്‍ ഒളിവില്‍ പോയിരുന്നു. ഒളിവിലിരിക്കെ 2017 ജൂണ്‍ 12ന് അദ്ദേഹം ഔദ്യോഗികമായി തന്റെ പദവികളില്‍ നിന്ന് രാജിവെക്കുകയും ചെയ്തു. പിന്നീട് ജൂണ്‍ 20ന് കോയമ്പത്തൂരില്‍ വെച്ച് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ആറ് മാസത്തേക്ക് കൊല്‍ക്കത്തയിലെ പ്രസിഡന്‍സി ജയിലിലടയ്ക്കുകയായിരുന്നു.
ആറുമാസത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി 2017 ഡിസംബറിലാണ് കര്‍ണന്‍ ജയില്‍ മോചിതനായത്. സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും വനിതാ ജഡ്ജിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ അശ്ലീലവും അപകീര്‍ത്തികരവുമായ വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ 2020 ഡിസംബറില്‍ ചെന്നൈ പൊലീസ് കര്‍ണനെ വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഉപാധികളോടെ ജാമ്യം ലഭിക്കുകയും ചെയ്തു.
തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിനും തന്റെ മനസ് അസ്വസ്ഥമാക്കിയതിനും ഏഴ് മുതിര്‍ന്ന ജഡ്ജിമാര്‍ 14 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് 2017 മെയില്‍ കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെ ജസ്റ്റിസ് കര്‍ണന്‍ സ്വമേധയാ ഉത്തരവ് പുറപ്പടുവിച്ചിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ബെഞ്ചിലെ മറ്റ് ആറു ജഡ്ജുമാരോടുമാണ് കര്‍ണന്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ടിരുന്നത്. ഒരു ദളിത് ജഡ്ജിയായ തന്നെ പൊതുജനമധ്യത്തില്‍ അപമാനിച്ചെന്നും മനസ് അസ്വസ്ഥമാക്കിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്.
1955 ജൂണ്‍ 12-ന് തമിഴ്‌നാട്ടിലെ കൂടല്ലൂര്‍ ജില്ലയിലെ കര്‍നാതം എന്ന ഗ്രാമത്തിലാണ് ചിന്നസ്വാമി സ്വാമിനാഥന്‍ കര്‍ണന്‍ എന്ന സി.എസ്. കര്‍ണന്‍ ജനിച്ചത്. മദ്രാസ് ലോ കോളേജില്‍ നിയമബിരുദം നേടി. നിയമപഠനത്തിന് ശേഷം തമിഴ്‌നാട് ബാര്‍ കൗണ്‍സിലില്‍ എന്റോള്‍ ചെയ്ത് പ്രാക്ടീസ് ആരംഭിച്ചു. 2009-ല്‍ അദ്ദേഹം മദ്രാസ് ഹൈക്കോടതി ജഡ്ജിയായി. 2016 ഫെബ്രുവരിയില്‍ കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. എന്നാല്‍, സുപ്രീംകോടതിയുടെ ഒന്‍പതംഗ ബെഞ്ചിന്റെ മറ്റൊരു വിധി ചൂണ്ടിക്കാണിച്ച് ചീഫ് ജസ്റ്റിസിന്റെ ഈ ഉത്തരവിന് അദ്ദേഹം സ്റ്റേ ഉത്തരവ് നേടിയെടുത്തിരുന്നു.
Content Highlight: Justice Karnan – Official life and Controversies




