22
November, 2026

A News 365Times Venture

22
Sunday
November, 2026

A News 365Times Venture

തിരുപ്രംകുണ്ഡ്രം ദീപസ്തംഭം: സുപ്രീംകോടതി ഉത്തരവിനെതിരെ പുന പരിശോധനാ ഹരജിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

Date:

മധുരൈ: മധുരൈയിലെ തിരുപ്രംകുണ്ഡ്രം കുന്നിന് മുകളിലുള്ള ദര്‍ഗയ്ക്ക് സമീപത്തെ ദീപത്തൂണില്‍ കാര്‍ത്തികദീപം തെളിയിക്കാന്‍ അനുമതി നല്‍കിയ സുപ്രീം കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ പുനപരിശോധനാ ഹരജി നല്‍കി. സംസ്ഥാന ഹിന്ദു മത-ധര്‍മ സ്ഥാപന വകുപ്പിന്റെ കമ്മീഷണറാണ് സുപ്രീം കോടതിയെ സമീപിച്ചത്.

തിരുപ്രംകുണ്ഡ്രം കുന്നിന് മുകളിലുള്ള തര്‍ക്കസ്ഥലമായ ദീപത്തൂണില്‍ വിളക്ക് തെളിയിക്കാന്‍ അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി വിധിയിലെ നിരീക്ഷണങ്ങള്‍ കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ കാര്‍ത്തികദീപം നവംബര്‍ 24ന് നടക്കാനിരിക്കേ ദീപത്തൂണില്‍ ഒറ്റത്തവണത്തേക്ക് വിളക്ക് തെളിയിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു.

ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, വിപുല്‍ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു നടപടി. ഈ അനുമതി തര്‍ക്കത്തിലുള്ള സ്ഥലത്ത് ദീപം തെളിയിക്കുന്ന പാരമ്പര്യ ആചാരമുണ്ടെന്ന വാദത്തിന് അന്തിമ അംഗീകാരമായി കണക്കാക്കരുതെന്നും ഭാവി വര്‍ഷങ്ങളില്‍ ഇതൊരു കീഴ് വഴക്കമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ചടങ്ങിനായി ക്ഷേത്ര ഭരണസമിതിയുടെ അംഗീകൃത പ്രതിനിധികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് പ്രവേശനം അനുവദിച്ചത്. ഇവര്‍ക്കൊപ്പം പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. ചടങ്ങിനിടെ ഘോഷയാത്ര, പൊതുയോഗം, മുദ്രാവാക്യം വിളിക്കല്‍, പ്രതിഷേധ പ്രകടനം എന്നിവയും പാടില്ലെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

ക്ഷേത്ര ഭരണസമിതി, പുരാവസ്തു വകുപ്പ് , നഗര പൊലീസ് എന്നിവരുമായി കൂടിയാലോചിച്ച് ചടങ്ങിനുള്ള ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കാനുള്ള ചുമതല മധുരൈ ജില്ലാ കലക്ടര്‍ക്കാണ് കോടതി നല്‍കിയത്. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കാനും കോടതി നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ സി.ഐ.എസ്.എഫിനെ വിന്യസിക്കാനും അനുമതി നല്‍കി.

കോടതി നിര്‍ദേശങ്ങള്‍ പാലിച്ചെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനകം ജില്ലാ കലക്ടര്‍ സമര്‍പ്പിക്കണമെന്നും അടിയന്തര സാഹചര്യമുണ്ടായാല്‍ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

തിരുപ്രംകുണ്ഡ്രം കുന്നിന് മുകളിലുള്ള ഹസ്രത്ത് സുല്‍ത്താന്‍ സിക്കന്ദര്‍ ബാദുഷ ഔലിയ ദര്‍ഗയില്‍നിന്ന് ഏകദേശം 50 മീറ്റര്‍ അകലെയുള്ള ദീപത്തൂണിലാണോ, അതോ ഉച്ചി പിള്ളയാര്‍ ക്ഷേത്രത്തിന് സമീപമുള്ള ദീപമണ്ഡപത്തിലാണോ കാര്‍ത്തിക ദീപം തെളിയിക്കേണ്ടതെന്നതാണ് തര്‍ക്കത്തിന്റെ കേന്ദ്രം.

പരമ്പരാഗതമായി ദീപം തെളിയിക്കുന്നത് ദീപമണ്ഡപത്തിലാണെന്നാണ് ക്ഷേത്ര ഭരണസമിതിയുടെ നിലപാട്. എന്നാല്‍ 2025 ഡിസംബറില്‍ മദ്രാസ് ഹൈക്കോടതിയിലെ സിംഗിള്‍ ബെഞ്ച് ദീപത്തൂണില്‍ വിളക്ക് തെളിയിക്കാന്‍ ക്ഷേത്ര ഭരണസമിതിക്ക് നിര്‍ദേശം നല്‍കി. 2026 ജനുവരി ആറിന് ഡിവിഷന്‍ ബെഞ്ചും ഈ ഉത്തരവ് ശരിവെച്ചു. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പുകള്‍ കോടതി തള്ളുകയും ചെയ്തു.

തുടര്‍ന്ന് ഹൈക്കോടതി ഉത്തരവുകള്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ദീപത്തൂണില്‍ വിളക്ക് തെളിയിക്കുന്നതിന് സ്ഥാപിതമായ ആചാരമില്ലെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. നിലവിലുള്ള ആചാരത്തില്‍ മാറ്റം വരുത്തുന്നത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പരമ്പരാഗതമായി ചടങ്ങ് നടക്കുന്നത് ദീപമണ്ഡപത്തിലാണെന്നും സര്‍ക്കാര്‍ വാദിച്ചു.

നവംബര്‍ 20ന് ഹൈക്കോടതി വിധിയിലെ ബന്ധപ്പെട്ട നിരീക്ഷണങ്ങള്‍ സ്‌റ്റേ ചെയ്ത സുപ്രീംകോടതി, നവംബര്‍ 24ലെ ചടങ്ങിന് മാത്രമായി ദീപത്തൂണില്‍ വിളക്ക് തെളിയിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

കേസില്‍ തുടര്‍വാദം 2027 ജനുവരിയില്‍ നടക്കും.

Content Highlight: Tamil Nadu Files Review Petition Against Supreme Court Order allowing Karthika  Deepam lighing at Thirupramkundram  Deepathoon.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related