ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റേയും ഒരു ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു.
മധുകൈടഭവധാര്‍ത്ഥം വിഷ്ണുവിനെ യോഗനിദ്രയില്‍ നിന്നുണര്‍ത്താനായി ബ്രഹ്മദേവന്‍ സ്തുതിച്ചപ്പോഴാണ് ദേവി മഹാകാളിയായി അവതരിച്ചത്. ഇത് ദേവിയുടെ തമസോഭാവമാണ്. മഹിഷാസുര നിഗ്രഹത്തിനാണ് ദേവി മഹാലക്ഷ്മിയായി പ്രാദുര്‍ഭവിച്ചത്. ഇത് ദേവിയുടെ രാജസഭാവമാണ്. സുംഭനിസുംഭവധാര്‍ത്ഥം ദേവി മഹാസരസ്വതിയായി അവതരിച്ചു. ഇത് ദേവിയുടെ സാത്വികഭാവമാണ്. ഈ മൂന്നവതാരങ്ങളും അവയുടെ വൈശിഷ്ട്യങ്ങളും ദേവീമാഹാത്മ്യത്തില്‍ വിവരിക്കുന്നുണ്ട്.
ദുർഗാദേവി മഹിഷാസുരനെതിരെ നേടിയ വിജയം വർണ്ണിക്കുന്ന സംസ്കൃത രചനയാണ് ദേവീ മാഹാത്മ്യം. മാർക്കണ്ഡേയ പുരാണത്തിന്റെ ഭാഗമാണിത്. അഞ്ചാം നൂറ്റാണ്ടിലാണ് ദേവീമാഹാത്മ്യം രചിച്ചത് എന്നാണ് വിശ്വസിച്ച് വരുന്നത്. ദുർഗ്ഗ സപ്തശക്തി എന്നാണ് ഈ രചനയുടെ മറ്റൊരു പേര്. ഇതിലെ 700 പദ്യങ്ങൾ 13 അദ്ധ്യായങ്ങളായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ആൺദൈവത്തിന്റെ പ്രഭാവം കുറഞ്ഞ ഇണയെന്ന നിലയ്ക്കുള്ള പുരുഷ മേധാവിത്വപരമായ സ്ഥിതിയിൽ നിന്ന്, ശക്തിയുടെ തന്നെ പ്രതീകം എന്ന അവസ്ഥയിലേയ്ക്കുള്ള അമ്മ ദൈവത്തിന്റെ പരിവർത്തനമാണ് രചനയിൽ പ്രതിപാദിച്ചിരിക്കുന്നത്. മഹിഷാസുര മർദ്ദനം. ഐതീഹ്യമായതുകൊണ്ടാകാം ഇന്നും പലർക്കുമറിയില്ല എന്തിനാണ് ദുർഗാദേവി മഹിഷാസുരനെ വധിച്ചതെന്ന്. അതൊരു കഥ തന്നെയാണ്. പണ്ടൊക്കെ മുത്തശ്ശിമാർ പേരക്കുട്ടികൾക്ക് പറഞ്ഞുകൊടുക്കുമായിരുന്നു.
അസുരന്മാരുടെ രാജാവായിരുന്നു രംഭാസുരൻ. ഇദ്ദേഹത്തിനൊരു മകനുണ്ട്, മഹിഷാസുരൻ!. രംഭാസുരനു ശേഷം അസുരന്മാരുടെ രാജാവായി മഹിഷാസുരൻ വാഴുന്ന കാലം. ദേവന്മാരെ മുച്ചൂടും മുടുപ്പിക്കുക എന്നതായിരുന്നു മഹിഷാസുരന്റെ ലക്ഷ്യം. അതിനായി എപ്പോഴും യുദ്ധം നടത്തി വന്നിരുന്നു. വളരെ പെട്ടന്നായിരുന്നു മഹിഷാസുരൻ ശക്തി നേടിയത്. അസുരന്മാരുടെ എല്ലാ ലക്ഷണവും നിറഞ്ഞ് നിന്നിരുന്നു. മഹിഷാസുരൻ ഒരിക്കൽ ബ്രഹ്മാവിനെ തപസ്സ് ചെയ്തു. കഠിനമായ പരീക്ഷണങ്ങൾക്ക് ഒടുവിൽ ബ്രഹ്മാവ് അവനിൽ പ്രസാദിച്ചു. എന്ത് വരമാണ് വേണ്ടത് എന്ന ഭഗവാന്റെ ചോദ്യത്തിന് അവൻ ഇങ്ങനെ മറുപടി പറഞ്ഞു.’ ഭഗവാനെ, എനിക്ക് മരണമുണ്ടാകരുത്. മരണമില്ലാത്തവനാക്കണം’.ഭഗവാൻ പുഞ്ചിരിയോടെ മറുപടി പറഞ്ഞു, ‘മകനേ… മരണമില്ലാത്തവൻ ആരുമില്ല. ഒരിക്കൽ എല്ലാത്തിനും അവസാനമുണ്ടാകും. എനിക്ക് അങ്ങനെ വരം നൽകാൻ കഴിയില്ല. മറ്റെന്തെങ്കിലും ചോദിച്ചാൽ സാധിച്ച് തരാം.’
ആലോചിച്ച ശേഷം മഹിഷാസുരൻ വീണ്ടും പറഞ്ഞു,’ അങ്ങനെയെങ്കിൽ, ഭൂമിയിൽ പിറന്ന ആർക്കും എന്നെ വധിക്കാൻ കഴിയരുത്. മനുഷ്യരുടെ കൈ കൊണ്ട് എനിക്ക് മരണമുണ്ടാകരുത്, ദേവന്മാർക്ക് എന്നെ കൊല്ലാൻ കഴിയരുത്. മരണം അനിവാര്യമാണെങ്കിൽ അത് ഒരു സ്ത്രീയിലൂടെ മാത്രമാകണം. സ്ത്രീകൾ അപലയാണ്, അവർക്ക് ഒരിക്കലും ശക്തിമാനായ എന്നോട് പൊരുതാൻ കഴിയില്ല. അപ്പോൾ എനിക്ക് മരണവും ഉണ്ടാകില്ല.’ ബ്രഹ്മാവ് ആ വരം നൽകി അവനെ അനുഗ്രഹിച്ചു.
അങ്ങനെ അവന് മരണത്തോട് ഭയമില്ലാതായി. വലിയൊരു പട തന്നെ അവൻ സൃഷ്ടിച്ചു. വരബലത്തില്‍ അഹങ്കരിച്ച ഈ അസുരന്‍ ഭൂമിയിലും, ദേവലോകത്തും അക്രമം അഴിച്ചു വിട്ടു. ദേവന്‍മാര്‍ക്ക് ഇരിക്കപൊറുതി ഇല്ലാതെയായി. അവര്‍ രക്ഷക്കായി ത്രിമൂര്‍ത്തികളോട് അപേക്ഷിച്ചു. ദേവന്‍മാരുടെ അപേക്ഷപ്രകാരം ത്രിമൂര്‍ത്തികള്‍ തങ്ങളുടെ ശക്തി സമന്വയിപ്പിച്ച് ഒരു പുതിയ സൃഷ്ടി നടത്തി.
അതായിരുന്നു ദിവ്യപ്രഭയോട് ജനിച്ച മഹാലക്ഷ്മി. മൂന്ന് നിറങ്ങളോടും ഭാവങ്ങളോടും കൂടിയായിരുന്നു അവളുടെ ജനനം. എല്ലാ ദേവതകളുടെയും സംരക്ഷണമായിരുന്നു അവൾ. പല രൂപങ്ങൾ ഉണ്ടായിരുന്നു ദേവിക്ക്. അതിലൊന്നായിരുന്നു ചണ്ഡികാദേവി. സാക്ഷാല്‍ മഹിഷാസുരമര്‍ദ്ദിനി. തുടര്‍ന്ന് ദേവിയും മഹിഷാസുരനും തമ്മില്‍ യുദ്ധമാകുകയും, അസുരനെ ദേവി വധിക്കുകയും ചെയ്തു. ദുര്‍ഗ്ഗാദേവി മഹിഷാസുരനെ നിഗ്രഹിച്ച ദിവസമാണ് വിജയദശമി. ഈ വേളയിൽ വ്രതമനുഷ്ഠിച്ച് ഹംസസ്വരൂപികളായ ഭക്തന്മാർ കുമാരിമാരെയും ദമ്പതിമാരെയും ആചരിക്കണമെന്ന് പറയുന്നു. അതിന്റെ ഫലസിദ്ധിയും ദേവീഭാഗവതത്തിൽ സൂചിപ്പിക്കുന്നുണ്ട്. വർഷത്തിൽ 4 തവണ നവരാത്രി ആഘോഷിക്കാമെന്ന് പുരാണങ്ങളും പറയുന്നു. മേടം, കന്നി, കർക്കടകം, കുംഭം ഇവയാണ് നാലുമാസങ്ങൾ. കറുത്തവാവ് മുതൽ 10 ദിവസമാണ് വ്രതമനുഷ്ഠിച്ച് പൂജ നടത്തേണ്ടത്.
ധര്‍മ്മ സംരക്ഷണത്തിന്‍റെയും വിജയത്തിന്‍റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്. നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന ദേവിയുടെ യുദ്ധവിജയ കഥകള്‍ ദേവീ ഭാഗവതത്തിലും മാര്‍ക്കണ്ഠേയ പുരാണത്തിലും പറയുന്നുണ്ട്. മഹിഷാസുരന്‍, ചണ്ഡാസുരന്‍, രക്തബീജന്‍, ശുഭനിശുംഭന്മാര്‍, ധൂമ്രലോചനന്‍, മുണ്ഡാസുരന്‍ എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില്‍ നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിന് കാരണമായത്.