ഈ തണുപ്പുകാലത്ത് ആസ്ത്മാ രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…


ശ്വാസകോശത്തെ പ്രത്യേകിച്ച് ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലര്‍ജിയാണ് ആസ്ത്മ. അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം. കാലാവസ്ഥ, വായു മലിനീകരണം, പാരമ്പര്യം തുടങ്ങിയവയൊക്കെ ആസ്​ത്മ ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടാമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ​ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ഇടയ്ക്കിടെ വരുന്ന ചുമ, വലിവ്, ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ വിസിലടിക്കുന്ന ശബ്ദം കേള്‍ക്കുക, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.

തണുപ്പുകാലത്തു ആസ്‍ത്മ രോഗികള്‍ക്ക് ഈ ലക്ഷണങ്ങള്‍ മൂര്‍ച്ഛിക്കാനുള്ള സാധ്യതയുണ്ട്. ഈ ലക്ഷണങ്ങള്‍ തണുപ്പ്, പൊടി, കായികാഭ്യാസം എന്നിവ ഉണ്ടാകുമ്പോള്‍ കൂടുന്നതും ആസ്ത്മയുടെ ലക്ഷണമാണ്. അതേസമയം, എല്ലാ ശ്വാസതടസ്സ പ്രശ്‌നങ്ങളും ആസ്ത്മയുടേതല്ല. പുകവലി ഒഴിവാക്കുകയും മലിനവായു ശ്വസിക്കാതിരിക്കുകയും ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്താല്‍ തന്നെ ഒരു പരിധി വരെ  ശ്വാസകോശത്തെ സംരക്ഷിക്കാന്‍ കഴിയും.

ആസ്ത്മയെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

അടിസ്ഥാനപരമായ കാര്യമായ കൈകളുടെ ശുചിത്വം ഉറപ്പാക്കുക. കൈകള്‍ ഇടയ്ക്കിടെ വൃത്തിയായി കഴുകുക. ആസ്ത്മയ്ക്ക് കാരണമാകുന്ന വസ്തുക്കളില്‍ നിന്ന് അകലം പാലിക്കുക.

കാലാവസ്ഥ മാറുന്നതനുസരിച്ച് ജീവിതശൈലിയില്‍ മാറ്റം വരുത്താം. തണുപ്പ് വളരെ കൂടുതലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. തണുപ്പത്ത് ഫാനിന്‍റെ ഉപയോഗം കുറയ്ക്കുക. ശരീര താപനില നിലനിര്‍ത്തുക. രാവിലെയുള്ള മഞ്ഞ് ശരീരത്ത് ഏല്‍ക്കാതെ നോക്കുക.

ആസ്ത്മയുള്ളവരുടെ കിടപ്പുമുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. മെത്തയും തലയണയും വെയിലത്ത് നന്നായി ഉണക്കി ഉപയോഗിക്കുക. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഫാനിലെ പൊടി തുടയ്ക്കുക. പുകവലി ഉപേക്ഷിക്കുക. അതുപോലെ തന്നെ  പുകവലിക്കുന്നവരില്‍ നിന്ന് അകലം പാലിക്കുക.