വ്യാഴം അഥവാ ഗുരു അനുകൂലമായ രാശിയിൽ സഞ്ചരിക്കുന്ന സമയം നല്ല കാലവും മോശം രാശിയിലൂടെ കടന്നു പോകുന്നത് കഷ്ടകാലവും ആണ്. അതിൽ എട്ടിൽ നിൽക്കുന്നതാണ് ഏറ്റവും മോശം .ഈ സമയത്ത് പുതിയ സംരംഭങ്ങൾ ഒന്നും തുടങ്ങാൻ പാടില്ല. പതിനൊന്നിൽ നിൽക്കുന്നതാണ് ഏറ്റവും ഉത്തമമായ കാലം. ഈ ഭാവം ആണ് സർവാഭീഷ്ട സ്ഥാനം എന്ന് പറയുന്നത്. കഴിഞ്ഞ 12 വർഷം പരിശ്രമിച്ചിട്ടും നടക്കാത്ത പല കാര്യങ്ങളും ഈ സമയത്ത് നടക്കും എന്ന് പ്രതീക്ഷിക്കാം.
പുതിയ സംരംഭം തുടങ്ങാൻ ഏറ്റവും നല്ല സമയവും ഇതാണ്. ഒരു രാശിയിലൂടെ ഒരു വർഷമാണ് വ്യാഴം നിൽക്കുന്നത്. അങ്ങനെ 12 രാശിയിലൂടെ കടന്നുപോകുന്ന സമയത്തിനാണ് ഒരു വ്യാഴവട്ടക്കാലം എന്ന് പറയുന്നത്. ഒരു വ്യാഴവട്ടം എന്നാൽ 12 വർഷം. ചിലർ വ്യാഴദശയിൽ കൂടെയായിരിക്കും കടന്നു പോകുന്നത്. വ്യാഴ ദശാകാലം 16 വർഷം ആണ്. നേരത്തെ പറഞ്ഞ പോലെ ജാതകത്തിൽ അനുകൂലഭാവത്തിൽ ആണെങ്കിൽ ഗുണവും മറിച്ചായാൽ ദോഷവും ആകും ഫലം.
ദോഷപരിഹാരമായി മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താൻ വേണ്ടി നേർച്ചകളും വഴിപാടുകളും നടത്താം. വിഷ്ണുവിന് വെണ്ണ, കദളിപ്പഴം, പാൽപ്പായസം, തുളസിമാല തുടങ്ങിയവ സമർപ്പിക്കാം. വ്യാഴ ഗ്രഹത്തിന് അർച്ചനയും മഞ്ഞ വസ്ത്രങ്ങളും ദാനം ചെയ്യുന്നതും നല്ലതാണ്. ദക്ഷിണാമൂർത്തിക്ക് കൂവളമാല ചാർത്തുന്നതും ധാര നടത്തുന്നതും നല്ലതാണ്. മഞ്ഞപുഷ്യരാഗ രത്നം ധരിക്കുന്നതും വ്യാഴാഴ്ച വ്രതം എടുക്കുന്നതും ശ്രേഷ്ഠമാണ്. വ്യാഴത്തിനെ അഥവാ ബൃഹസ്പതിയെ ദേവഗുരുവായാണ് കണക്കാക്കുന്നത്.