ഹൃദ്രോഗികള്‍ ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ചു മാത്രമേ ജിമ്മില്‍ പോകാവൂ



ജീവിതശൈലി രോഗങ്ങളുടെ പട്ടികയില്‍ വരുന്ന ഒന്നാണ് കൊളസ്ട്രോള്‍. കൊളസ്‌ട്രോള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്.

ഹൃദയാഘാതമടക്കം നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന കൊളസ്‌ട്രോള്‍ ഏറെ അപകടമാണ്. മരുന്നു കഴിക്കുന്നതിനൊപ്പം ചില മുന്‍കരുതലുകള്‍ കൂടി സ്വീകരിച്ചാല്‍ കൊളസ്‌ട്രോളിനെ നിഷ്പ്രയാസം വരുതിയിലാക്കാം.

നാരുകളടങ്ങിയ ഭക്ഷണം സ്ഥിരമായി കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കുറയും. ഓട്‌സ്, ബീന്‍സ്, പയറുകള്‍, പച്ചക്കറികള്‍, ആപ്പിള്‍, മുന്തിരി, പപ്പായ, ചക്ക, മാങ്ങ എന്നിവയില്‍ എല്ലാം ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്.

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കുറച്ച് ഇവ ധാരാളം കഴിച്ചാല്‍ കൊളസ്‌ട്രോള്‍ നമ്മുടെ മുന്നില്‍ പരാജയപ്പെടും. ദിവസേനയുള്ള വ്യായാമം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കും. നടത്തം, സൈക്ലിങ്, നീന്തല്‍, ജിം, എയ്‌റോബിക് തുടങ്ങിയ വ്യായാമങ്ങള്‍ ഗുണം ചെയ്യും.

ഹൃദ്രോഗികള്‍ ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ചു മാത്രമേ ജിമ്മില്‍ പോകാവൂ. ദിവസവും അരമണിക്കൂറെങ്കിലും നിര്‍ബന്ധമായും വ്യായാമം ചെയ്തിരിക്കണം. അമിതമായി ശരീരത്തില്‍ കൊഴുപ്പ് ഉള്ളതും കൊളസ്ട്രോള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്.

അമിതവണ്ണമുള്ളവരുടെ കൂടപ്പിറപ്പായിരിക്കും കൊളസ്ട്രോള്‍. ഇത് ഇവരുടെ ജീവിതത്തെ സാരമായി തന്നെ ബാധിയ്ക്കും. അമിതവണ്ണം ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടി തടസ്സം സൃഷ്ടിക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് ആദ്യം തടിയും വയറും കുറക്കുന്നതിനായാണ് ശ്രദ്ധിക്കേണ്ടത്.