നല്ല നിറമുള്ള ആളുകൾ പെട്ടെന്ന് കറുത്തു പോകുന്നത് ഈ രോഗം മൂലമോ? അറിയാം പ്രധാന ലക്ഷണങ്ങൾ


നല്ല നിറമുള്ള ആളുകൾ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമായിരിക്കില്ല, പകരം ഗുരുതരമായ പല രോഗങ്ങളുടെയും ലക്ഷണങ്ങൾ ആയിരിക്കാം. ഇത്തരത്തിൽ നിറം കുറയുന്നത് ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ അവരുടെ കരളിന് കുഴപ്പമുണ്ടോ എന്ന് പരിശോധിക്കണം. കാരണം, രക്തത്തിലുള്ള മിനറലുകളുടേയും പ്രോട്ടീനുകളുടേയും വൈറ്റമിൻസ് നിലനിർത്താനുള്ള കഴിവ് കുറയുന്നത് കൊണ്ട് തൊലിയുടെ സ്വാഭാവികമായ ഇലാസ്റ്റിസിറ്റിയും സ്‌നിഗ്ധതയും നഷ്ടപ്പെട്ട് തൊലി വരണ്ട്, മെലാനിൻ പിഗ്മെന്റ് ഡെപ്പോസിറ്റ് കൂടി തൊലിയുടെ നിറം മങ്ങുകയാണ് ചെയ്യുന്നത്.

കരൾരോഗമുള്ളവരെ ഡോക്ടർമാർ എളുപ്പം തിരിച്ചറിയുന്നത് പ്രധാനമായും താഴെ പറയുന്ന ലക്ഷണങ്ങളിലൂടെയാണ്. ശരീരം ക്രമാതീതമായി മെലിഞ്ഞാൽ കരളിന്റെ പരിശോധന നടത്തണം. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീനുകൾ വലിച്ചെടുത്ത് ശരീരത്തിന്റെ ഒരോ മസിലുകളിലേക്കും എത്തിക്കുന്നതും മസിലുകളെ വികസിക്കുവാൻ സഹായിക്കുന്നതും കരളാണ്. രക്തത്തിലുള്ള ആൽബുമിനെ (ഫ്ലൂയിഡ് പ്രോട്ടീൻ) നിലനിർത്തി രക്തത്തിന്റെ വ്യാപ്തി നിലനിർത്തുന്നതും കരൾ തന്നെയാണ്.

കരളിന്റെ പ്രവർത്തനം മോശമാകുമ്പോൾ രക്തത്തിലുള്ള പ്രോട്ടീൻ നഷ്ടപ്പെടും. ഈ അവസ്ഥയിൽ, നമ്മുടെ ശരീരം ഇതിനെ മറികടക്കാൻ വേണ്ടി മസിലുകളിൽ ശേഖരിച്ച പ്രോട്ടീനെ തിരിച്ച് രക്തത്തിലേക്ക് റിലീസ് ചെയ്യുന്നു. ഇതിന്റെ ഫലമായി ശരീരം ക്രമാതീതമായി മെലിയുന്നു. കൂടാതെ, ശരീരത്തിന്റെ പലഭാഗത്തുമുള്ള നീർക്കെട്ട് നമ്മുടെ കരളിന്റെ പ്രവർത്തനത്തിലുള്ള താളപ്പിഴവുകൾ മൂലമാവാം. ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിൽ നമ്മൾ കാര്യമായി എടുക്കണം. അളവിൽ കൂടുതൽ പിത്തരസം രക്തത്തിലെത്തുമ്പോൾ ഇവ നമ്മുടെ കോശങ്ങൾക്കകത്ത് അടിഞ്ഞു കൂടുന്നു.

ഇത്, ശരീരത്തിന്റെ പല ഭാഗത്തും ചൊറിച്ചിൽ അനുഭവപ്പെടാൻ കാരണമാകുന്നു. ഡെങ്കിപ്പനി ഉള്ളവർക്ക് ശരീരത്തിൽ ചുവന്നു തടിച്ച പാടുകൾ ഉണ്ടാകുന്നതു പോലെ കരൾ രോഗികൾക്ക് രക്തം കട്ടപിടിച്ച പോലെ തൊലിപ്പുറത്ത് സ്‌പോട്ടുകൾ പ്രത്യക്ഷപ്പെടാം. രാത്രി പുലർച്ചെ വരെ ഉറക്കം വരാതിരിക്കുകയും, പിന്നീട് ഉറങ്ങി ഉച്ചയ്ക്ക് ഉണർന്ന് ഉന്മേഷമില്ലാതിരിക്കുകയും ചെയ്യുന്ന തരത്തിലെ ഉറക്കക്കുറവും കരളിന്റെ പ്രശ്നം മൂലമാവാം.

കരൾരോഗത്തിന്റെ ആദ്യലക്ഷണമായി കാണേണ്ട ഒന്നാണ് വിശപ്പില്ലായ്മ. കരളാണ് ദഹനത്തിന് പ്രധാന പങ്ക് വഹിക്കുന്ന അവയവം. കരളിന് അസുഖം വരമ്പോൾ അസിഡിറ്റി വിട്ടുമാറാതെ നിൽക്കും. വിശപ്പ് എന്ന വികാരം ഇല്ലാതെയാകും. അതല്ലെങ്കിൽ, ഭക്ഷണം കഴിച്ചയുടൻ ഉണ്ടാകുന്ന അസ്വസ്ഥകൾ, ഓക്കാനം, ഛർദ്ദി പോലുള്ള പ്രശ്‌നങ്ങൾ ഇവയുണ്ടാകും. അവസാനഘട്ടത്തിൽ രക്തക്കുഴലുകൾ പൊട്ടി രക്തം ഛർദ്ദിക്കുന്ന അവസ്ഥയിലേക്കെത്തും. ഈ അവസ്ഥയിലെത്തുമ്പോഴാണ് പലരും ചികിത്സ തേടാറുള്ളത്.

ഇത്തരം ലക്ഷണങ്ങൾ ഉണ്ടോ എന്ന് നിരന്തരം നിരീക്ഷിച്ച് കൃത്യസമയത്ത് പരിശോധന നടത്തണം. മേൽപ്പറഞ്ഞ ലക്ഷണങ്ങളിൽ നാലെണ്ണം ഒരുമിച്ച് കണ്ടാൽ തീർച്ചയായും ഡോക്ടറെ കാണേണ്ടതാണ്.