അടുക്കള ഡിസൈൻ ചെയ്യാം; യോജിച്ച ചിമ്മിനി തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


വീട് നിർമ്മിക്കുമ്പോൾ വീട്ടമ്മമാർ എപ്പോഴും അടുക്കള ഡിസൈൻ ചെയ്യുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്താറുണ്ട്. മോഡേൺ രീതിയിൽ അടുക്കള നിർമ്മിക്കാനാണ് പലരും ഇഷ്ടപ്പെടുന്നത്. മസാലയും എണ്ണയുമൊക്കെ ധാരാളം ഉപയോഗിച്ചുള്ള പാചകരീതിയാണ് നമ്മുടേത്. അതിനാൽ തന്നെ ഈ മസാലയുടെയൊക്കെ മണവും പാചകം ചെയ്തതിന്റെ പുകയുമെല്ലാം അടുക്കളയിൽ ഒരുപാട് നേരം തങ്ങിനിൽക്കും. അടുക്കളയിൽ ചിമ്മിനികൾ സ്ഥാപിക്കുന്നതാണ് ഇതിന് പ്രതിവിധി. പാചകം കാര്യക്ഷമമാക്കാനും വായുസഞ്ചാരം ഉറപ്പുവരുത്താനുമായി ഇന്ന് മിക്കവരും ചിമ്മിനികളുള്ള ഗ്യാസ് സ്റ്റൗവാണ് അടുക്കളകളിൽ ഉപയോഗിക്കുന്നത്. ചിമ്മിനിയുള്ള പലതരം ഗ്യാസ് സ്റ്റൗവുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇതിന്റെ സവിശേഷതകൾ മനസിലാക്കി വേണം ഏറ്റവും അനുയോജ്യമായത് തെരഞ്ഞെടുക്കേണ്ടത്. അവ ഏതൊക്കെയാണെന്ന് നോക്കാം.

ഐലന്റ് ചിമ്മിനി

നിങ്ങളുടെ അടുക്കളയിൽ കുക്കിങിനായി ഒരു ഐലന്റ് ഉണ്ടെങ്കിൽ ഐലന്റ് ചിമ്മിനി ഉപയോഗിക്കുന്നതാണ് നല്ലത്. സ്റ്റൗവും ചിമ്മിനിയും അടുക്കളയുടെ മധ്യഭാഗത്തിൽ ഒരു ദ്വീപ് പോലെയാവും പിടിപ്പിക്കുക. കുക്ക്ടോപ്പിന്റെ അതേ വലുപ്പത്തിലുള്ളതോ അതിലും വലുതോ ആണ് ചിമ്മിനിയെന്ന് ഉറപ്പുവരുത്തണം. എങ്കിൽ മാത്രമേ പൂർണമായും ദുർഗന്ധം വലിച്ചെടുക്കാൻ കഴിയൂ.

വാൾ മൗണ്ടഡ് ചിമ്മിനി

l,u,g എന്നീ ഷെയിപ്പുകളിലുള്ള അടുക്കളകൾക്ക് ഏറ്റവും നല്ലത് വാൾ മൗണ്ടഡ് ചിമ്മിനിയാണ്. സ്റ്റൗവിനു മുകളിലുള്ള ഭിത്തിയിൽ ചിമ്മിനി പിടിപ്പിക്കുന്നതാണ് വാൾ മൗണ്ടഡ് ചിമ്മിനി. ചെറുതും വലുതുമായ അടുക്കളകളിൽ ഇത് പിടിപ്പിക്കാം. കൗണ്ടർടോപ്പിലെ സ്ഥലം ഒട്ടും എടുക്കുന്നുമില്ലെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത.

ബിൽറ്റ് ഇൻ ഹോബ് ടോപ്പ് സ്റ്റൗവ് വിത്ത് ചിമ്മിനി

സ്റ്റൗ അടുക്കളയിലെ മുന്നേ നിശ്ചയിച്ചുവെച്ച സ്ഥലത്തേക്ക് പിടിപ്പിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ചിമ്മിനി ഭിത്തിയിലോ സീലിങിലോ സൗകര്യംപോലെ പിടിപ്പിക്കാം. ഈ ചിമ്മിനി ആവശ്യത്തിന് വെന്റിലേഷനും ഉറപ്പുവരുത്തുന്നു. കുക്കിങ് ഏരിയ മുന്നേ നിശ്ചയിച്ചുവെച്ചിട്ടുള്ള മോഡേൺ കിച്ചണുകൾക്ക് ഈ ചിമ്മിനി ഉപയോഗിക്കുന്നതാണ് നല്ലത്.

ഇൻക്ലൈൻഡ് അഥലാ സ്ലാന്റിങ് ചിമ്മിനി

തീരെ ചെറിയ അടുക്കളകൾ മുതൽ മീഡിയം വലുപ്പമുള്ള അടുക്കളകൾക്ക് വെ അനുയോജ്യമായ ചിമ്മിനികളാണിവ. വളരെ കാര്യക്ഷമമായി ഇത് പാചകഗന്ധത്തെ വലിച്ചെടുക്കും. മാത്രമല്ല, ഇവ നമ്മുടെ അടുക്കളയുടെ സ്ഥലം ലാഭിക്കുകയും ചെയ്യും.

സ്ട്രെയിറ്റ് ലൈൻ ചിമ്മിനി

പരമ്പരാഗത ചിമ്മിനികളാണ് സ്‌ട്രെയിറ്റ് ലൈൻ ചിമ്മിനി. പെർഫോമൻസിനാണ് ഇത്തരം ചിമ്മിനികൾ പ്രാധാന്യം നൽകുന്നത്. ചെറിയ അടുക്കളയാണെങ്കിൽ ഇവ ഉള്ള സ്ഥലം പരമാവധി പ്രയോജനപ്പെടുത്തും. പാചകഗന്ധം അകറ്റുന്നതിലും വായുസഞ്ചാരം പ്രദാനം ചെയ്യുന്നതിലും അടുക്കളയിലേക്ക് ശുദ്ധവായു പ്രദാനം ചെയ്യുന്നതിലും സ്ട്രെയിറ്റ് ലൈൻ ചിമ്മിനികൾ നല്ലതാണ്.

പോർട്ടബിൾ ഗ്യാസ് സ്റ്റൗ വിത്ത് ചിമ്മിനി

വളരെ ഇടുങ്ങിയ അപാർട്മെന്റിലോ അല്ലെങ്കിൽ ഔട്ട്ഡോറിലോ ഒക്കെ പാചകം ചെയ്യുമ്പോഴും ഉപയോഗിക്കാൻ നല്ലതാണ് പോർട്ടബിൾ ഗ്യാസ് സ്റ്റൗ വിത്ത് ചിമ്മിനി. പേരുപോലെ സ്റ്റൗ നമുക്ക് ഇഷ്ടാനുസരണം എവിടെ വേണമെങ്കിലും സ്ഥാപിക്കാവുന്നതാണ്. ചിമ്മിനി അടുത്തുള്ള ജനാലയിലോ മറ്റോ പിടിപ്പിക്കാം. ആവശ്യത്തിന് വെന്റിലേഷനും ഇതുവഴി ലഭിക്കും.