ഐരാവതത്തിനു മോക്ഷമേകിയ ഐരാവതേശ്വരൻ :ഒരു ജലസംഭരണിക്ക് നടുവിൽ നിലകൊള്ളുന്ന ക്ഷേത്രത്തിനെ അറിയാം


ന്യൂസ് സ്റ്റോറി : 

ദക്ഷിണഭാരതത്തിന്റെ സാംസ്കാരിക പൈതൃകം കണ്ടറിയാൻ ആഗ്രഹിക്കുന്നവർ നിശ്ചയമായും സഞ്ചരിക്കേണ്ട ഒരിടമാണ് തമിഴ്നാട്. ഭാഷയുടെ പഴക്കം കൊണ്ടും, പിന്തുടരുന്ന നല്ലതും ചീത്തയുമായ കീഴ്വഴക്കങ്ങൾ കൊണ്ടും, ദ്രവീഡിയൻ കലാനൈപുണ്യത്തിന്റെയും, തന്ത്ര-യന്ത്രശാസ്ത്ര മികവിന്റെയും എല്ലാം ഈറ്റില്ലമാണ് തമിഴ്‌നാട്. ക്രിസ്തുവിനും അഞ്ചു നൂറ്റാണ്ടു മുൻപ് തമിഴകദേശം അടക്കി വാണ ചേരന്മാരുടെയും, അവർക്ക് ശേഷം കലിംഗം വരെയുള്ള ഉത്തരദേശവും, കടൽ കടന്നു ശ്രീലങ്ക വരെയും സ്വന്തം വെന്നിക്കൊടി പാറിച്ച ചോളന്മാരുടെയും, അവരെ കീഴടക്കി സാമ്രാജ്യത്വം സ്ഥാപിച്ച പാണ്ഢ്യന്മാരുടെയും വീര്യത്തിന്റെയും, വൈഭവത്തിന്റെയും ചരിത്രമുറങ്ങുന്ന മണ്ണാണ് തമിഴ്‌നാട്.

തങ്ങളുടെ എൻജിനീയറിങ് മികവ് സഹസ്രാബ്ദങ്ങൾക്ക് ശേഷം വരുന്നവർക്കും കാണുവാനായി ഓരോ ഭരണാധിപന്മാരും തീർത്തവ കൂടിയാണ് തമിഴകത്തെ ഓരോ മഹാക്ഷേത്രങ്ങളും. മഹോദയപുരം (കൊടുങ്ങല്ലൂർ) ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന രണ്ടാം ചേരവംശം, കേരളത്തിന്റെ തമിഴകചരിത്രവും ആണ്. കൊടുങ്ങല്ലൂരിലെ T.K.S പുരത്ത് ദ്രവീഡിയൻ ശില്പകലാ ചാതുരി വിളിച്ചോതുന്ന കുലശേഖര ആഴ്വാർ ക്ഷേത്രവും ഉണ്ട്. ഇതെല്ലാം കൊണ്ട് തന്നെയാകാം ഇടയ്ക്കെല്ലാം സ്വന്തം തമിഴ് സ്വത്വത്തിൽ അഭിമാനിക്കുന്നു എന്ന ബോധം ഈയുള്ളവനിൽ ഉണ്ടാകുന്നതും.

തമിഴ് ശില്പകലാ മികവിന്റെ ഉദാഹരണങ്ങളായി ഒട്ടനവധി ക്ഷേത്രങ്ങളെ നിർദ്ദേശിക്കാമെങ്കിലും അവയിൽ പ്രമുഖമായ സ്ഥാനം ലഭിക്കേണ്ട ഒന്നാണ് “ചോളമഹാക്ഷേത്രങ്ങൾ” എന്ന പട്ടികയിൽ ഉൾപ്പെടുന്ന ദാരാസുരത്തെ ഐരാവതേശ്വര ക്ഷേത്രം. സന്ദർശകർക്ക് വേണ്ടി ഒരുപാട് ദൃശ്യാനുഭവങ്ങൾ, അത്ഭുതങ്ങൾ എല്ലാം ഒരുക്കിവെച്ചിരിക്കുന്ന ഒരു ക്ഷേത്രമാണിതെന്ന് നിസ്സംശയം പറയാം. മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ച് ഐരാവതേശ്വരം ക്ഷേത്രത്തിനു മാത്രം പറയാനാകുന്ന ഒരു പ്രത്യേകത ക്ഷേത്രമതിൽക്കെട്ടിനകത്ത് കാണുന്ന ജലസാന്നിധ്യമാണ്. മൺസൂൺ സീസണിൽ ക്ഷേത്രം സന്ദർശിക്കുന്ന എല്ലാവര്ക്കും ആദ്യം കണ്ണിൽ പെടുന്നതും, മറക്കാതെ ഓർമയിൽ നിൽക്കുന്നതും ഒരു ജലസംഭരണിക്ക് നടുവിൽ നിലകൊള്ളുന്ന ക്ഷേത്രത്തിന്റെ മനോഹര ദൃശ്യം തന്നെയാകും.

ചുറ്റുപാടുകളെ അപേക്ഷിച്ച് താഴ്ന്നു നിൽക്കുന്ന ഒരു ക്ഷേത്രമാണ് ഐരാവതേശ്വരം. അതുകൊണ്ടു തന്നെ ക്ഷേത്രത്തിലെ ജലസാന്നിധ്യം ശിൽപികൾ അറിഞ്ഞു കൊണ്ട് തീർത്ത പ്രതിഭാസം തന്നെയാണെന്ന് ഊഹിച്ചു. ഒരിക്കലും നിർമ്മാണവൈകല്യം കൊണ്ട് ഇത്തരത്തിൽ വെള്ളം നിറഞ്ഞു കിടക്കില്ല. അങ്ങിനെ വൈകല്യം സംഭവിച്ചാൽ തന്നെ അത് തിരുത്താതിരിക്കാൻ ഇത് ജനാധിപത്യ സർക്കാരുകൾ നൽകുന്ന കരാർ പണിയുമല്ലല്ലോ ?. പിന്നെയും എന്തുകൊണ്ടാണ് ഈ ക്ഷേത്രത്തിൽ ഇങ്ങനെ വെള്ളം കെട്ടിനിൽക്കുന്നത്, എല്ലായ്പ്പോഴും ഇതേ പോലെ വെള്ളം കെട്ടി നിൽക്കാറുണ്ടോ എന്ന് ക്ഷേത്രജീവനക്കാരൻ കൂടിയായ ഒരു വയോധികനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ” ഒരു കാലഘട്ടത്തിൽ തമിഴ്‌നാടിന്റെ നെല്ലറകൾ ആയിരുന്നു തഞ്ചാവൂരും, കുംഭകോണവും എല്ലാം. ഈ പ്രദേശങ്ങളിൽ എല്ലാം വേനൽക്കാലങ്ങളിൽ ജലക്ഷാമവും ഉണ്ടായിരുന്നു.

ക്ഷേത്രം നിർമ്മിച്ച കാലഘട്ടത്തിൽ നാല് ദിശകളിലുമുള്ള ജലാശയങ്ങളിലേയ്ക്ക് ഓവുചാലുകൾ വഴി ബന്ധിപ്പിച്ചു കൊണ്ടാണ് നിർമ്മിതി നടത്തിയിരുന്നത്. ഇവയിൽ ഒരു ഓവുചാൽ സമീപത്തുള്ള ക്ഷേത്രക്കുളത്തിലേയ്ക്കാണ് പോകുന്നതും. മഴക്കാലങ്ങളിൽ ക്ഷേത്രത്തിനകത്തു പെയ്യുന്ന വെള്ളം സംഭരിക്കപ്പെടും, ക്ഷേത്ര പരിസരത്തു പെയ്യുന്ന വെള്ളം ക്ഷേത്രമതിലിനു പുറത്തെ ചെറിയ കിടങ്ങുകളിലും ഒഴുകിയെത്തും. ക്ഷേത്രവുമായി ബന്ധിക്കപ്പെട്ടിട്ടുള്ള ജലാശയങ്ങളിൽ ജലനിരപ്പ് കുറയുന്നതിനനുസരിച്ച് ഇവിടെ നിന്നുള്ള വെള്ളം അവയിലേയ്ക്ക് ഒഴുകാനും തുടങ്ങും. അങ്ങിനെ പെയ്യുന്ന ഒരു തുള്ളി വെള്ളം പോലും ശേഷിക്കാത്ത വിധം ഈ ഓവുചാലുകൾ വഴി ഉപയോഗിക്കപ്പെട്ടിരുന്നു.

പക്ഷെ ഇടക്കാലത്ത് സർക്കാർ ക്ഷേത്രത്തിൽ നടത്തിയ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം പെയ്യുന്ന മഴവെള്ളം പുറത്തേയ്ക്ക് ഒഴുകാതെ ആയി”. അദ്ദേഹത്തിന്റെ വാക്കുകൾ ശരി വെയ്ക്കും വിധം, മോട്ടർ വെച്ച് ക്ഷേത്രത്തിനു പുറത്തെ നീർചാലുകളിൽ നിന്നും വെള്ളം പുറത്തോട്ടു അടിച്ചു കളയുന്ന കാഴ്ചയും കാണാൻ സാധിച്ചു. അത്യാധുനിക സാങ്കേതികവിദ്യയിലെ അതികായന്മാർ എന്ന് സ്വയം വിശ്വസിക്കുന്ന വർത്തമാനകാല സമൂഹത്തിനു സ്വയം ലജ്ജ തോന്നേണ്ട ചരിത്രം കൂടിയാണിത്.

ഐരാവതേശ്വര ക്ഷേത്രം ഓർമ്മയിൽ ഒന്നാമതാക്കി നിർത്തുന്ന മറ്റൊരു ഘടകം ക്ഷേത്രത്തിന്റെ ഓരോ അണുവിലും നിറഞ്ഞു നിൽക്കുന്ന ശില്പചാരുതയാണ്. കല്ലിൽ കൊത്തിയ മഹാകാവ്യം തന്നെയാണ് ക്ഷേത്രം. ക്ഷേത്രകവാടത്തിനു മുന്നിലായി നിർമ്മിച്ച നന്ദിമണ്ഡപത്തിൽ ഒറ്റക്കല്ലിൽ തീർത്ത ഋഷഭേശ്വരനെ കാണാം. മണ്ഡപത്തോടു ചേർന്ന് സുരക്ഷാവേലികൾക്കുള്ളിൽ ഏഴു സ്വരങ്ങളും ഉതിർക്കുന്ന കൽപ്പടികൾ. ഒരു വശത്ത് ആനയും, മറുവശത്തു കുതിരയും വലിക്കുന്ന ഒരു രഥം പോലെയാണ് ക്ഷേത്രത്തിലെ കൽപ്പടവുകൾ. 85 അടി ഉയരമുള്ള ക്ഷേത്രഗോപുരത്തിൽ തന്നെ ചെറുതും, വലുതുമായ പതിനായിരക്കണക്കിന് രൂപങ്ങൾ, ശില്പചാരുത നിറഞ്ഞ നൂറുകണക്കിന് തൂണുകൾ, തൂണുകളിൽ സ്ഥാനം പിടിച്ച വ്യാളീ രൂപങ്ങളും ചിത്രവേലകളും, ക്ഷേത്രകവാടത്തിൽ നിൽക്കുന്ന ശംഖനിധി, പദ്മനിധി എന്നീ ക്ഷേത്രപാലകന്മാർ, ശിവലിംഗത്തിൽ ദർശനം നൽകുന്ന ശ്രീ പരമേശ്വര ശിൽപം, താമരപ്പൂവിൽ നിൽക്കുന്ന ശിവപാർവ്വതിമാർ, യക്ഷകിന്നര ഗന്ധർവാദികൾ, രാക്ഷസന്മാർ, ബുദ്ധൻ, സരസ്വതി, യമൻ, സപ്തമാതാക്കൾ എന്നിങ്ങനെ നിരവധി ശില്പങ്ങളുടെ ദൃശ്യഭംഗി കൊണ്ട് അത്ഭുതപ്പെടുത്തുന്ന ഇടമാണിവിടം.

ക്ഷേത്രത്തിനുള്ളിൽ കടന്നാൽ ഇരുളടഞ്ഞു കിടക്കുന്നത് പോലെ തോന്നുമെങ്കിലും, പുറത്തു നിന്നുമുള്ള സൂര്യപ്രകാശത്തിന്റെ മാത്രം പ്രഭാവത്തിൽ ലഭിക്കുന്ന നേരിയ പ്രകാശത്തിനും പ്രത്യേക സൗന്ദര്യമുണ്ട്. ക്ഷേത്രമൂർത്തിയായ ശിവപ്രതിഷ്ഠയ്ക്ക് ബൃഹദേശ്വര ക്ഷേത്രത്തിലെ പ്രതിഷ്ഠയോളം വലിപ്പമില്ലെങ്കിൽ തന്നെയും വർണ്ണനാതീതമായ അനുഭൂതി പകരുന്ന കാഴ്ചയാണ് ദർശനം നൽകുന്നത്. സന്ദർശകരുടെ തിരക്ക് ഇല്ലാത്തതു കൊണ്ടാകാം, ക്ഷേത്രത്തെ കുറിച്ച് പൂജാരിമാർ തന്നെ വിവരിച്ചു തന്നു. ഐരാവതേശ്വരം ക്ഷേത്രത്തിനോട് ചേർന്നുള്ള പെരിയനായകി ക്ഷേത്രത്തിൽ ശക്തിസ്വരൂപിണിയായ പാർവ്വതീ ദേവിയും കുടികൊള്ളുന്നു. ചരിത്രസ്മാരകങ്ങളെ നശിപ്പിക്കുന്ന പ്രവണത ഉള്ളവർ സമൂഹത്തിൽ വിരളമല്ല എന്നതിനെ ഓർമിപ്പിക്കും വിധം പലയിടങ്ങളും കമ്പിവേലി കെട്ടി സംരക്ഷിച്ചിരിക്കുന്നതും കാണാം.

ദുർവ്വാസാവിന്റെ ശാപത്താൽ വെളുപ്പ് നിറം നഷ്ടപ്പെട്ട ഐരാവതം സ്വന്തം ഉപാസനാ മൂർത്തിയായ ശിവനെ തപസ്സു ചെയ്യുകയും, ശിവന്റെ നിർദ്ദേശപ്രകാരം ഇവിടുത്തെ കുളത്തിൽ സ്നാനം ചെയ്കയാൽ നിറം തിരികെ ലഭിക്കുകയും ചെയ്തുവെന്ന ഐതിഹ്യത്തെ ചുവടുപിടിച്ചാണ് ക്ഷേത്രത്തിനീ നാമം സിദ്ധിച്ചത്. ഐരാവത്തിനു ശാപമോക്ഷം നൽകിയ ഈശനകയാൽ മൂർത്തി ഐരാവതേശ്വരൻ ആയി. മുനിശാപമേറ്റു ശരീരം മുഴുവൻ ചുട്ടുപൊള്ളാൻ തുടങ്ങിയ യമൻ ക്ഷേത്രക്കുളത്തിൽ കുളിച്ച് ശാപമോക്ഷം നേടി എന്ന ഐതിഹ്യത്താൽ ക്ഷേത്രക്കുളം യമതീർത്ഥം എന്നും അറിയപ്പെടുന്നു. തമിഴ്മക്കളുടെ പുണ്യനദിയായ കാവേരിയിൽ നിന്നുള്ള നീരൊഴുക്കാണ് ക്ഷേത്രക്കുളത്തിലെ പുണ്യതീർത്ഥമാകുന്നത്.

പന്ത്രണ്ടാം നൂറ്റാണ്ടിൽ ശ്രീ രാജരാജ ചോളൻ രണ്ടാമന്റെ കാലത്ത് നിർമ്മിക്കപ്പെട്ട ക്ഷേത്രമാണിത്. ബൃഹദീശ്വര ക്ഷേത്രവിമാനത്തിനായുള്ള ഭീമാകാരമായ ഒറ്റക്കല്ലടക്കം, നിർമ്മാണത്തിനായുള്ള കല്ലുകൾ സംഭാവന ചെയ്തത് കുംഭകോണത്ത് ജീവിച്ചിരുന്ന ഒരു ഗോപസ്ത്രീ ആയിരുന്നത്രേ. പാരിതോഷികമായി എന്തുവേണം എന്ന് രാജാവ് ചോദിച്ചപ്പോൾ സമ്പത്തായി ഒന്നും ചോദിക്കാതിരുന്ന അവർ തങ്ങളുടെ നാട്ടിലുള്ളവർക്ക് ബൃഹദീശ്വരം വരെ എത്തുന്നത് ബുദ്ധിമുട്ടാകയാൽ, ആരാധനയ്ക്കായി തങ്ങളുടെ നാട്ടിൽ ഒരു ക്ഷേത്രം വേണമെന്ന് ആവശ്യപ്പെട്ടു. ആ ആഗ്രഹപൂർത്തീകരണം രാജരാജചോളന്റെ മകൻ സാധിച്ചു കൊടുത്തപ്പോൾ രൂപം കൊണ്ടതാണ് ഐരാവതേശ്വര ക്ഷേത്രം എന്നൊരു ചരിത്രവും പറയപ്പെടുന്നു. ചോളരാജവംശത്തിന്റെ അവസാനകാലഘട്ടങ്ങളിൽ നിർമ്മിച്ച ഒരു ക്ഷേത്രമായിട്ടു പോലും, ഐരാവതേശ്വരം നൽകുന്ന ദൃശ്യാനുഭൂതി ഉപമിക്കാവുന്നതല്ല. ചോളവംശത്തെ കീഴടക്കിയ പാണ്ഡ്യന്മാർ ക്ഷേത്രകവാടം അടക്കമുള്ളവ തച്ചുടച്ചു എങ്കിലും, ശ്രീകോവിൽ അടക്കമുള്ളവ തകർക്കപ്പെടാതെ തന്നെ നിലനിന്നു.

ഒരു വിശ്വാസി എന്നതിലുപരി ഒരു ചരിത്രവിദ്യാർത്ഥിയുടെ മനസ്സ് കൂടെയുണ്ടെങ്കിൽ നിശ്ചയമായും സന്ദർശിച്ചിരിക്കേണ്ട ഒരിടമാണ് ഐരാവതേശ്വരം ക്ഷേത്രം. രാവിലെ ഏഴുമണി മുതൽ പന്ത്രണ്ടു മണി വരെയാണ് ദർശനസമയം എങ്കിലും, കഴിവതും നേരത്തെ എത്തിയാൽ ക്ഷേത്രം മുഴുവൻ ക്ഷമയോടെ നടന്നു കാണാൻ സാധിക്കും. ക്ഷേത്രശ്രീകോവിൽ അടക്കമുള്ള പ്രധാന നിർമ്മിതികളിൽ യാതൊരുവിധത്തിലുള്ള നവീകരണവും നടത്താതെ, പഴമയെ അതെ പടി നിലനിർത്താനും തമിഴ്നാട് സർക്കാർ ശ്രദ്ധിച്ചിട്ടുണ്ട്. ക്ഷേത്രചുറ്റുമതിലിനു പുറത്തുള്ള സ്ഥലം ഉദ്യാനമാക്കി മാറ്റി പൊതുജനങ്ങൾക്ക് ഉപയുക്തമാക്കാനും സർക്കാർ തയ്യാറായി.

ക്ഷേത്രത്തിനുള്ളിൽ കടന്നാൽ ഇരുളടഞ്ഞു കിടക്കുന്നത് പോലെ തോന്നുമെങ്കിലും, പുറത്തു നിന്നുമുള്ള സൂര്യപ്രകാശത്തിന്റെ മാത്രം പ്രഭാവത്തിൽ ലഭിക്കുന്ന നേരിയ പ്രകാശത്തിനും പ്രത്യേക സൗന്ദര്യമുണ്ട്. ക്ഷേത്രമൂർത്തിയായ ശിവപ്രതിഷ്ഠയ്ക്ക് ബൃഹദേശ്വര ക്ഷേത്രത്തിലെ പ്രതിഷ്ഠയോളം വലിപ്പമില്ലെങ്കിൽ തന്നെയും വർണ്ണനാതീതമായ അനുഭൂതി പകരുന്ന കാഴ്ചയാണ് ദർശനം നൽകുന്നത്. സന്ദർശകരുടെ തിരക്ക് ഇല്ലാത്തതു കൊണ്ടാകാം, ക്ഷേത്രത്തെ കുറിച്ച് പൂജാരിമാർ തന്നെ വിവരിച്ചു തന്നു. ഐരാവതേശ്വരം ക്ഷേത്രത്തിനോട് ചേർന്നുള്ള പെരിയനായകി ക്ഷേത്രത്തിൽ ശക്തിസ്വരൂപിണിയായ പാർവ്വതീ ദേവിയും കുടികൊള്ളുന്നു. ചരിത്രസ്മാരകങ്ങളെ നശിപ്പിക്കുന്ന പ്രവണത ഉള്ളവർ സമൂഹത്തിൽ വിരളമല്ല എന്നതിനെ ഓർമിപ്പിക്കും വിധം പലയിടങ്ങളും കമ്പിവേലി കെട്ടി സംരക്ഷിച്ചിരിക്കുന്നതും കാണാം.

 

സ്വന്തം ചരിത്രസ്മാരകങ്ങളെ വില്പനച്ചരക്കുകൾ ആക്കാതെ, പരിപാലിച്ചു കൊണ്ട് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന തമിഴ്നാട് സർക്കാരിന്റെ വിവേകവും അഭിനന്ദിക്കപ്പെടേണ്ടതാണ്. ഐരാവതേശ്വരം അടക്കമുള്ള ക്ഷേത്രങ്ങളിൽ പ്രവേശന നിരക്ക് ഇല്ല എങ്കിലും, സഞ്ചാരികളുടെ വരവ് മൂലം പ്രദേശവാസികൾക്ക് ഉപജീവനമാർഗമായി അവ മാറുന്നു. ഐരാവതേശ്വരന്റെ ഭൂമി വായിച്ചു മാത്രം അറിയേണ്ടതല്ല, കണ്ടാസ്വദിക്കേണ്ടത് തന്നെയാണ്. കുറിച്ചിടുന്ന വാക്കുകളേക്കാൾ അനുഭൂതി നിങ്ങൾക്ക് നൽകുന്ന ഇടമായിരിക്കും ഐരാവതേശ്വരം എന്നും ഉറപ്പ്.

തയ്യാറാക്കിയത് : പ്രസാദ് പ്രഭാവതി