വേനൽക്കാലത്ത് മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? ഇക്കാര്യങ്ങൾ അറിയാം


ആരോഗ്യത്തിന് ഏറെ പോഷക ഗുണങ്ങൾ നൽകുന്ന ഭക്ഷണമാണ് മുട്ട. വിറ്റാമിന്‍, കാല്‍സ്യം, അയണ്‍, പ്രോട്ടീന്‍, എന്നിവയൊക്കെ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. വേനല്‍ക്കാലത്ത് മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്ന് പൊതുവേ പറയപ്പെടാറുണ്ട്. എന്നാൽ, വേനല്‍ക്കാലത്ത് മുട്ട കഴിക്കുന്നത് അനാരോഗ്യമാണെന്ന വാദം തെറ്റിദ്ധാരണയാണെന്നാണ് പ്രമുഖ ഡയറ്റീഷ്യന്‍മാര്‍ പറയുന്നത്. പക്ഷേ, അമിതമായ അളവിൽ മുട്ട കഴിക്കാതിരിക്കുന്നതാണ് നല്ലത്.

മുട്ട കഴിക്കുമ്പോള്‍ ശരീരത്തിലെ ചൂട് വർദ്ധിക്കാൻ സാധ്യതയുണ്ട്. ഇത് ദഹനക്കേട് പോലുള്ള ചില അസ്വസ്ഥതകള്‍ ഉണ്ടാക്കുമെന്ന് മാത്രം. അമിതമായ അളവിൽ മുട്ട കഴിച്ചാൽ ചൂട് മൂലമുള്ള അസ്വസ്ഥതകള്‍ ഉണ്ടാകും. മുട്ട പ്രോട്ടീനാല്‍ സമ്പന്നമാണ്. പൊട്ടാസ്യം, സിങ്ക്, കാല്‍സ്യം, സെലിനിയം പോലുള്ള ധാതുക്കളും വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ ബി5, വൈറ്റമിന്‍ ബി 12, വിറ്റാമിന്‍ ഡി പോലുള്ള വിറ്റാമിനുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.

മുട്ടയില്‍ വിറ്റാമിന്‍ എ, ഇ, ബി12 എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രഭാത ഭക്ഷണത്തില്‍ നിത്യേന മുട്ട ഉള്‍പ്പെടുത്തിയാല്‍ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും.മുട്ട കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. മുട്ടയില്‍ ഫാറ്റി ആസിഡ്, വിറ്റാമിന്‍ ബി 7, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. ആരോഗ്യമുള്ള മുടിക്കും ചര്‍മ്മത്തിനും മുട്ട കഴിക്കുന്നത് ഏറെ നല്ലതാണ്.