ക്ഷേത്ര ദര്‍ശനം നടത്താത്ത ഹൈന്ദവ വിശ്വാസികള്‍ ഉണ്ടാകില്ല. എനാല്‍ നിങ്ങള്‍ എങ്ങനെയാണ് ക്ഷേത്ര ദര്‍ശനം നടത്തുന്നത്? ഈശ്വര ആരാധനയ്ക്ക് പല രീതികളുണ്ട്. അവയെല്ലാം പാലിച്ചാണോ നമ്മള്‍ അമ്പലങ്ങളില്‍ പോകുന്നത് എന്നറിയാൻ ഈ ലേഖനം വായിക്കൂ.
ഈശ്വരനെ ആരാധിക്കുന്നതിനു മുന്‍പ് സ്വയം ഈശ്വരനാകണം എന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ക്ഷേത്രാരാധനയ്ക്കിടെ തികഞ്ഞ മാനസിക അച്ചടക്കം പാലിക്കേണ്ടതു നിര്‍ബന്ധമാണ്. ഈശ്വരനില്‍ മനസ്സ് അര്‍പ്പിച്ച് അതില്‍ ലയിച്ചുവേണം ആരാധനകള്‍ നടത്തേണ്ടത്. ‘ശിവോഹം’ (ഞാന്‍ ശിവനാണ്) എന്ന സങ്കല്‍പത്തോടെയാണു ശിവനെ ആരാധിക്കേണ്ടത്. അയ്യപ്പനെ ആരാധിക്കാന്‍ പോകുന്നത് ‘അയ്യപ്പന്‍’ ആയിട്ടാണ്. ദൈവത്തെ ആരാധിക്കാന്‍ സ്വയം അര്‍ഹനാകുക എന്ന ആചാരത്തിന്റെ ഭാഗമാണ് ഇക്കാര്യങ്ങള്‍. മാനുഷികമായ ചാപല്യങ്ങളില്‍ നിന്നു വിട്ട് ദൈവികമായ മാനസികാവസ്ഥയിലാണ് ഈശ്വരനെ ആരാധിക്കേണ്ടത് എന്നാണ് ഈ സങ്കല്‍പത്തിന്റെ സാരം.
ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ ആദ്യം കാണുന്നത് കൊടിമരത്തെയാണ്. എന്നാല്‍ നമ്മളില്‍ പലരും കൊടിമരത്തെ തൊഴാന്‍ വിട്ടു പോകാറുണ്ട്. രാജകൊട്ടാരത്തില്‍ പ്രവേശിക്കുമ്പോള്‍ കൊടികൂറ കണ്ട് വണങ്ങുന്ന പോലെ ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ കൊടിമരത്തെ തൊഴുന്നത്. കാരണം അഷ്ടദിഗ്പാലകരും ക്ഷേത്രദേവതയുടെ പാദവും കൊടിമരച്ചുവട്ടിലാണ്. ക്ഷേത്രദേവതയ്ക്ക് ഗ്രാമാധിപന്റെ സ്ഥാനമാണ് ഉള്ളതെന്ന് ഓര്‍ക്കുക.
ക്ഷേത്രദേവതയുടെ വാഹനത്തേയും ക്ഷേത്ര ദേവതയും ആകാശത്തിലുള്ള നക്ഷത്രങ്ങളെയും നവഗ്രഹത്തെയും ഉദ്ദേശിച്ചാണ് ഇത് ചെയ്യുന്നത്. ഇങ്ങനെ തൊഴുത് കൊടിമരത്തില്‍ ഒരു പ്രദക്ഷിണം എടുത്ത ശേഷമാണ് ദേവനെ വന്ദിക്കേണ്ടത്. കൊടിമരച്ചുവട്ടില്‍ മാത്രമെ നമസ്‌കരിക്കാന്‍ പാടുള്ളൂ എന്നുമാണ് വിശ്വാസം.