ഭാരതത്തിലെ പന്ത്രണ്ടു ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നായ രാമേശ്വരം പാപമോചനത്തിനും മോക്ഷപ്രാപ്തിക്കും പരിഹാരം


ശ്രീരാമചന്ദ്രൻ രാവണനെ വധിച്ച ശേഷം സീതയുമായി ഭാരതത്തിലേക്ക് മടങ്ങി എത്തിയപ്പോൾ ആദ്യം കാലുകുത്തിയത് രാമേശ്വരത്താണ് എന്നാണു വിശ്വാസം. രാവണനെ കൊന്നതിന്റെ പരിഹാര കർമങ്ങൾ ആചാര്യൻമാർ നിർദേശിച്ചനുസരിച്ച് നടത്താനായി ഒരു ശിവക്ഷേത്രം ഇല്ലാത്തതിനാലാണിവിടെ ക്ഷേത്രം നിർമിച്ചത്. പ്രതിഷ്ഠിക്കാനുള്ള വിഗ്രഹത്തിനായി ഹനുമാനെ കൈലാസത്തിലേക്ക് അയച്ചു. എന്നാൽ മുഹൂർത്തമായിട്ടും അദ്ദേഹം എത്താതിരുന്നതിനാൽ സീത സ്വന്തം കൈകൊണ്ട് നിർമിച്ച ശിവലിംഗമാണു പ്രതിഷ്ഠിച്ചത്.

അപ്പോഴേക്കും ഹനുമാൻ ശിവലിംഗവുമായെത്തി. ആ വിഗ്രഹവും അവിടെ പ്രതിഷ്ഠിച്ചു. ആദ്യം ഹനുമാൻ കൊണ്ടുവന്ന വിഗ്രഹം തൊഴുത ശേഷം വേണം സീത നിർമിച്ച വിഗ്രഹം തൊഴാൻ എന്ന എന്ന നിബന്ധനയും ശ്രീരാമൻ വച്ചു. ഇന്നും ഭാരതത്തിലെ നാലു മഹാക്ഷേത്രങ്ങളിൽ വടക്ക് ബദരീനാഥം, കിഴക്ക് പുരി ജഗന്നാഥം, പടിഞ്ഞാറ് ദ്വാരക, തെക്ക് രാമനാഥം (രാമേശ്വരം) എന്നിങ്ങനെയാണ്. ഇതിൽ മൂന്നും വൈഷ്ണവ മൂർത്തികളാണ്. രാമേശ്വരത്തു മാത്രമാണു ശിവ പ്രതിഷ്ഠ. ഭാരതത്തിലെ പന്ത്രണ്ടുജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നാണിത്.

വൈഷ്ണവരും ശൈവരും ഒരുപോലെ തീര്‍ഥാടനത്തിനെത്തുന്ന സ്ഥലമാണ് രാമേശ്വരം ക്ഷേത്രം. ഭാരതത്തിലുള്ള പന്ത്രണ്ട് ജ്യോതിര്‍ലിംഗക്ഷേത്രങ്ങളില്‍ ഒന്നാണ് രാമേശ്വരം ക്ഷേത്രം. ക്ഷേത്രത്തിനുള്ളിലെ ദീര്‍ഘമായ പ്രാകാരങ്ങള്‍ (പ്രദക്ഷിണത്തിനുള്ള ഇടവഴികള്‍) പ്രശസ്തമാണ്. ഇവയില്‍ത്തന്നെ ഏറ്റവും പുറമേയുള്ള മൂന്നാം പ്രാകാരം അതിന്റെ ദൈര്‍ഘ്യത്താല്‍ കീര്‍ത്തികേട്ടതാണ്. ക്ഷേത്രത്തിനുള്ളിലുള്ള ഇരുപത്തിരണ്ട് പവിത്രകുണ്ഡങ്ങളിലെ ജലത്തിലുള്ള സ്‌നാനം മോക്ഷദായകമായി വിശ്വാസികള്‍ കരുതിപ്പോരുന്നു. രാമേശ്വരം ക്ഷേത്രത്തില്‍ നിന്ന് വടക്കായി രണ്ടുകിലോമീറ്റര്‍ ദൂരത്തില്‍ ഗന്ധമാദനപര്‍വതം സ്ഥിതിചെയ്യുന്നു.

ഇവിടെ മണ്‍തിട്ടയുടെ മുകളില്‍ തളത്തോടുകൂടിയ മണ്ഡപം നിര്‍മിച്ചിരിക്കുന്നു. ഈ മണ്ഡപത്തില്‍ ശ്രീരാമന്റെ പാദങ്ങള്‍ കാണാം. കോദണ്ഡരാമക്ഷേത്രം എന്ന ശ്രീരാമക്ഷേത്രം രാമേശ്വരം പട്ടണത്തില്‍നിന്ന് ഏകദേശം ഏഴുകിലോമീറ്റര്‍ തെക്കായി ധനുഷ്‌കോടിയിലേക്കുള്ള മാര്‍ഗമധ്യേ സ്ഥിതിചെയ്യുന്നു. ഈ സ്ഥലത്തുവച്ചാണ് വിഭീഷണന്‍ ശ്രീരാമനെ ആശ്രയം പ്രാപിച്ചതെന്നും ലക്ഷ്മണന്‍ വിഭീഷണനെ ലങ്കാധിപതിയായി കിരീടധാരണം നടത്തിയതെന്നും വിശ്വസിക്കപ്പെടുന്നു. വിഭീഷണപട്ടാഭിഷേകം ഇവിടെ ഉത്സവമായി ആഘോഷിക്കുന്നു.

കോദണ്ഡരാമക്ഷേത്രത്തിലെ ഉത്സവത്തിന്റെ തൊട്ടടുത്ത ദിവസം രാമനാഥസ്വാമിക്ഷേത്രത്തില്‍ രാമലിംഗപ്രതിഷ്‌ഠോത്സവം നടക്കുന്നു. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കല്ലുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ആഞ്ജനേയക്ഷേത്രവും തീര്‍ഥാടകരെ ആകര്‍ഷിക്കുന്നു. രാമസേതുനിര്‍മാണത്തിന് ഉപയോഗിച്ചിരുന്നത് ഇത്തരം കല്ലുകളാണെന്നാണ് വിശ്വാസം. രാമനാഥസ്വാമിക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള സമുദ്രഭാഗം അഗ്‌നിതീര്‍ഥം എന്നറിയപ്പെടുന്നു. തീര്‍ഥാടകര്‍ പിതൃക്കള്‍ക്ക് ബലിതര്‍പ്പണവും മറ്റ് പൂജകളും നടത്തുന്നത് ഇവിടെയാണ്. രാമേശ്വരം തീർത്ഥാടനം എല്ലാ പാപങ്ങളും നശിപ്പിച്ചു മോക്ഷം തരുമെന്നത് നിശ്ചയമാണ്.