ഭരദേവതയെ മറന്നു പരദേവതക്ക് പിന്നാലെ പായുമ്പോൾ…



 

പ്രസാദ് പ്രഭാവതി 

കുറച്ചു വർഷങ്ങൾക്ക് മുൻപാണ് തറവാട് വക കൊട്ടിലിൽ (കൊട്ടിൽ/ മച്ചിൽ പ്രതിഷ്ഠ) താംബൂല പ്രശ്നം നടക്കുന്നു. താംബൂല പ്രശ്നം വെയ്ക്കാൻ വന്ന വ്യക്തി അവിടെ കൂടിയിരുന്നവരോട് പറഞ്ഞു. “സത്യത്തിൽ നിങ്ങളുടെ എല്ലാം പ്രശ്നം, സ്വന്തം പാരമ്പര്യത്തെ വില വെയ്ക്കാതെ നമ്പൂതിരിമാരെ അനുകരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നതാണ്. ഇവിടെ ഓരോ ഗോത്രത്തിനും തങ്ങളുടേതായ ആചാരാനുഷ്ഠാനങ്ങൾ ഉണ്ടായിരുന്നു. പക്ഷെ അവയ്ക്കൊന്നും സ്റ്റാറ്റസ് പോരാ എന്നും പറഞ്ഞ് എല്ലാവരും വെജിറ്റേറിയൻ പൂജ തുടങ്ങിയത് എന്തിനെന്ന് എനിക്ക് മനസ്സിലായിട്ടില്ല. മാംസാഹാരം കഴിക്കുന്നവർ സ്വന്തം ദൈവം വെജിറ്റേറിയൻ ആകണം എന്ന് ശഠിക്കുന്നതിലെ യുക്തി എന്താണ് ? നിങ്ങൾ കുടുംബക്ഷേത്രത്തിലെ ദൈവത്തിന് ഇറച്ചി കൊടുക്കുമ്പോൾ, നമ്പൂതിരിമാർ നെയ്യ് കൊടുക്കുന്നു. അവരുടെ ശൈലി മാത്രമാണ് ശരിയെന്ന ബോധമാണ് പ്രശ്നം.”

ഈയൊരു സംഭവം ഇപ്പോൾ പറയേണ്ട സാഹചര്യം എന്തെന്നാൽ, ക്ഷേത്രങ്ങളിലെ പൂജാരിപ്പണിയുടെ പേരിൽ ജാതീയതയുടെ വക്താക്കൾ ആയ യോഗക്ഷേമ സഭയും, മറ്റു ഹൈന്ദവ സമൂഹങ്ങളും രണ്ടു തട്ടിൽ നിന്ന് പോരടിക്കുകയാണ്. ക്ഷേത്രങ്ങളിൽ തങ്ങൾ അവഗണിക്കപ്പെടുന്നു എന്ന നമ്പൂതിരി ഇതര വിഭാഗക്കാരുടെ പരാതികൾ കേൾക്കുമ്പോൾ മോഹൻലാലിൻറെ, “വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ” എന്ന പലിശപ്പരസ്യം ആണ് ഓർമ വരുന്നത്. കാരണം ദൈവങ്ങളെ കുടുംബസ്വത്താക്കി വെച്ചിരുന്ന ഒരു സംസ്കാരമാണ് കേരളമടക്കമുള്ള ദക്ഷിണദേശങ്ങളിൽ ഉണ്ടായിരുന്നത്. കുലദൈവം എന്ന പേരിൽ ഓരോ കുടുംബങ്ങൾക്കും സ്വന്തം ആരാധനാ കേന്ദ്രങ്ങൾ ഉണ്ടായിരുന്നൊരു കാലഘട്ടം കേരളം, തമിഴ്നാട്, കർണ്ണാടക, ആന്ധ്ര തുടങ്ങിയ ഇടങ്ങളിൽ എല്ലാം ഉണ്ടായിരുന്നു. ജാതിഭേദമന്യേ വീടുകളുടെ മച്ചിൽ പ്രതിഷ്ഠകൾ ആയും, കൊട്ടിലുകളിലെ പ്രതിഷ്ഠകൾ ആയും, കാവുകളിലായും ദൈവങ്ങൾ കുടുംബാംഗങ്ങളായി വാണിരുന്ന കാലഘട്ടം.

ആരാധന എന്ന പേരിൽ തങ്ങൾക്ക് ശ്രുതമായതെങ്ങിനെയോ അങ്ങിനെ പൂജ നടത്തിയിരുന്ന കുടുംബാംഗങ്ങൾ. വീട്ടിലെ ചെടിയുടെ ചെമ്പരത്തി പൂവ് പൊട്ടിച്ച് അർച്ചിച്ചാലും, ഹാപ്പി ആകുന്ന; ഇന്നിവിടെ മത്തിക്കറി ആണ് കേട്ടോ എന്നും പറഞ്ഞു കൊണ്ട് മുൻപിൽ വെച്ചാലും, വീട്ടുകാരുടെ ഭക്ഷണം എന്തോ, അത് തന്നെ നിവേദ്യമായി സ്വീകരിച്ചിരുന്ന ദൈവങ്ങൾ. പുരോഗമാനബോധം വല്ലാതങ്ങു ബാധിച്ചപ്പോൾ ഈയൊരു സംസ്കാരം മാറി ദൈവങ്ങളെ എല്ലാം വീട്ടിൽ നിന്നും ഇറക്കി വിട്ടതാണ് കേരളത്തിൽ മാത്രം സംഭവിച്ച ഏറ്റവും വലിയ ആരാധനാ വൈരുദ്ധ്യം. വൈദീകമന്ത്രങ്ങൾ കേട്ടാൽ മാത്രം മനസ്സിലാകുന്ന, പാലും, വെണ്ണയും, നെയ്യും, പഴവും, പായസവും മാത്രം കഴിക്കുന്ന ദൈവങ്ങളെ കാണാൻ മണിക്കൂർസ് ആൻഡ് മണിക്കൂർസ് വരി നിന്നിട്ട്, മഹാക്ഷേത്രത്തിലെ ജീവനക്കാരിൽ നിന്നും എനിക്ക് ദുരനുഭവം ഉണ്ടായി എന്ന് പരാതിപ്പെടുന്നവരെ എല്ലാം കാണുമ്പൊൾ “അഴകുള്ളവനെ അപ്പനെന്നു വിളീക്കുന്നവർ” എന്ന പഴംചൊല്ലാണ് ഓർമ വരുന്നതും. തങ്ങളെ വെച്ചാരാധിക്കുന്നവരുടെ ജീവിതരീതിയെ എല്ലാം മാനിച്ചു കൊണ്ട് കൂടിയിരുന്ന കുടുംബ പരദേവതകളിൽ മേന്മ കാണാത്തവരാണ്, വരുമാനം കൂടുന്നതനുസരിച്ച് ആഡംബരം കൂടുന്ന മഹാദൈവങ്ങളെ കാണാൻ പോയി തങ്ങൾക്ക് നേരിടേണ്ടി വന്ന അസൗകര്യങ്ങളുടെ കണക്കെടുപ്പ് നടത്തുന്നത്.

സ്വന്തം കുടുംബക്ഷേത്രങ്ങളിൽ പോലും പുറമെ നിന്നുമുള്ള നമ്പൂതിരിമാരെ വിളിച്ചു പൂജ ചെയ്യിക്കുന്ന പലരെയും കണ്ടിട്ടുണ്ട്. ഇത്തരമൊരു കൃത്യത്തിനു എന്ത് മേന്മയാണ് ഇവർ കാണുന്നതെന്നും മനസ്സിലായിട്ടില്ല. പൂർവികർ എല്ലാം മണ്ടന്മാർ, അവർ ചെയ്തിരുന്നതെല്ലാം അന്ധവിശ്വാസം എന്നും പറഞ്ഞ് ആരാധനകളിൽ നവീകരണം നടത്തിയവർക്ക് വെളിപ്പെടാതെ പോയത് യഥാർത്ഥ ആദ്ധ്യാത്മിക ബോധമാണ്. ഈശ്വരൻ എന്നൊരു വസ്തുതയിൽ വിശ്വാസം ഉണ്ടെങ്കിൽ, അത് നിങ്ങൾക്ക് ഉൾക്കൊള്ളാവുന്ന ഭാവത്തിൽ, രൂപത്തിൽ പ്രകടമാക്കാൻ കെൽപ്പുള്ളതാണ് എന്നെങ്കിലും മനസ്സിലാക്കി വെയ്ക്കുക. ഏകമായ സത്യത്തെ പണ്ഡിതന്മാർ ബഹുരൂപങ്ങളിൽ വർണ്ണിച്ചതും, ഈയൊരു ആശയത്തെ ഉൾക്കൊണ്ടു തന്നെ. ഒരുവൻ സ്വന്തം വിശ്വാസവും, സംസ്കാരവും പ്രകാരം തന്റെ ദൈവത്തെ ആത്മാർത്ഥമായി പൂജിക്കുന്നത് പ്രാകൃതവും, ശമ്പളത്തിന് ജോലി ചെയ്യുന്നൊരാൾ നാല് മന്ത്രം ജപിച്ച് ഒരിലക്കീറിൽ ചന്ദനം തരുന്നത് ഉത്കൃഷ്ടവും ആണെന്ന ബോധം എവിടെ നിന്നും ലഭിച്ചതാണ് ?? ചിക്കനും, മട്ടനും, മീനും പക്ഷഭേദമില്ലാതെ വെട്ടിവിഴുങ്ങുന്നവർക്ക് മൃഗബലി പ്രാകൃതം ആണെന്നത് വിരോധാഭാസമല്ലാതെ മറ്റെന്താണ് ?

ബലി നൽകപ്പെടുന്ന മൃഗത്തിന്റെ മാംസം ഭോജിക്കുന്നതും മനുഷ്യർ തന്നെയായിരുന്നു എങ്കിലും, ജനങ്ങളിലെ ക്ഷാത്രഗുണം നിലനിർത്തുന്നതിൽ ഇത്തരം ചടങ്ങുകൾക്കുണ്ടായിരുന്ന പങ്ക് വലുതായിരുന്നു. എന്ന് ദൈവങ്ങളെയെല്ലാം പിടിച്ചു വെജിറ്റേറിയന്മാർ ആക്കിയോ, അന്ന് തുടങ്ങി ആളുകൾക്ക് ചോര കണ്ടാൽ തല കറക്കം വരാൻ. അലക്‌സാണ്ടറെ പോലും തുരത്തിയോടിച്ച രാഷ്ട്രം പിന്നീടുള്ള കാലം ചെറിയ സൈന്യബലമുള്ളവർക്ക് മുൻപിൽ പോലും തകർന്നടിഞ്ഞതിൽ വെജിറ്റേറിയൻ ദൈവങ്ങൾക്കുള്ള പങ്കും ചെറുതല്ല തന്നെ. വൈകുന്നേരങ്ങളിൽ നാല് കാലിൽ ആടി വരുന്നവർക്ക് പഞ്ഞമില്ലാത്ത നാട്ടിൽ സ്വന്തം കുടുംബക്കാരനായ ദൈവത്തിനൊരു തുള്ളി കള്ളു കൊടുത്താൽ കുറച്ചിൽ ആർക്കാണ് ?? ആരൊക്കെയോ കുറിച്ച് വെച്ച പുസ്തകങ്ങളിലെ പോലെ പൂജിച്ചാൽ മാത്രം പ്രസാദിക്കുന്നവനാണ് എന്ന ബോധം നമ്മുടെയെല്ലാം ഉള്ളിൽ അടിയുറച്ചു പോയത് എന്ന് മുതലാണ് ?? മറ്റു സംസ്ഥാനങ്ങളിലെ അഭ്യസ്ഥവിദ്യരായ വിശ്വാസികൾ സ്വന്തം കുലദൈവങ്ങളായ അയ്യനാരെയും, ഭൈരവനെയും, മാരിയമ്മയെയും എല്ലാം മാനിക്കുമ്പോൾ കേരളത്തിലെ സ്വത്വബോധമുള്ള ജാതിക്കാർക്ക് പോലുമെന്തേ കരിംകുട്ടിയും, മുത്തപ്പനും, കുറത്തിയും എല്ലാം അപരിഷ്കൃതരായിപ്പോയത് ?

പ്രകൃതിയിലെ ഓരോ കണത്തിലും ഈശ്വരാംശം കണ്ടവരെ പ്രാകൃതരെന്നു വിളിച്ച്, തച്ചുശാത്ര വിധിപ്രകാരം നിർമിച്ച കെട്ടിടത്തിനുള്ളിലും ചിത്രങ്ങളിലും മാത്രം ഈശ്വരനെ കാണാൻ പഠിച്ചവർ സങ്കുചിത ചിത്തരാണോ അല്ലയോ എന്ന് സ്വയം ചിന്തിക്കേണ്ടതുണ്ട്. ക്ഷേത്രവൽക്കരണം തകൃതിയായി നടന്ന കാലങ്ങൾക്കനുസരിച്ച് ദൈവങ്ങളെ വീട്ടിൽ നിന്നും ഇറക്കി വിട്ടവർ തന്നെ ഇന്ന് ഓരോ ഹൈന്ദവക്ഷേത്രങ്ങളിലും മതപാഠശാലകൾ വേണമെന്ന് മുദ്രാവാക്യം വിളിക്കുന്നത് തികച്ചും പരിഹാസ്യമായ സംഗതിയാണ്.

ആദ്ധ്യാത്മികത എന്നാൽ നെറ്റിയിൽ ബഹുനിലക്കെട്ടിടം പണി പോലെ കുങ്കുമ ചന്ദനാദികൾ ധരിച്ച ആചാര്യവിലാസക്കാർ ഉപമാലങ്കാരവും, അതിശയോക്തിയും കലർത്തി വലിയ വായിൽ പടച്ചു വിടുന്ന ദഹിക്കാൻ വിഷമമുള്ള എന്തോ എന്ന ബോധത്തിൽ നിന്നും വിശ്വാസികൾ മോചിതരാകേണ്ടതുണ്ട്. ഈശ്വരാരാധന, വിശ്വാസം എന്നതൊന്നുമല്ല ഈശ്വരോപാസന എന്നതാണ് വൃക്ഷാരാധനാ കാലഘട്ടം മുതലേ ഇവിടെ പ്രചാരത്തിലുണ്ടായിരുന്ന ശൈലി. ഉപാസന എന്നാൽ അടുത്തിരിക്കുക എന്നർത്ഥം ഒരു കാലഘട്ടത്തിൽ ഈശ്വരന്മാരെ സ്വന്തം വീട്ടുകാരാക്കി അടുപ്പത്തിൽ വെച്ചിരുന്ന സമൂഹം, ഇന്ന് ഫീസടച്ച് ദൈവത്തെ കാണാൻ വരി നിൽക്കുകയാണ്. സ്വന്തം കുടുംബത്തിലിരിക്കുന്ന ദൈവത്തിനു നിങ്ങളെ സഹായിക്കാൻ ആകില്ലെങ്കിൽ, പിന്നെ വേറൊരു ദൈവത്തിനും നിങ്ങളുടെ കാര്യം നോക്കാനാവില്ല എന്ന തിരിച്ചറിവ് ഉണ്ടാക്കുക.
ആ തനതുശൈലി ഇല്ലാതാകുന്നതോടൊപ്പം മാഞ്ഞു പോകുന്നത് ഒരു ദേശത്തിന്റെ സാംസ്കാരിക അസ്തിത്വം കൂടിയാണ്.