ഉയർന്ന താപനില: പരീക്ഷക്കെത്തുന്ന വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


സംസ്ഥാനത്ത് ചൂട് കൂടി വരുന്ന സാഹചര്യവും പരീക്ഷാക്കാലവും കണക്കിലെടുത്ത് വിദ്യാർഥികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. വിദ്യാർഥികൾക്കായുള്ള പൊതുനിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് അധികൃതർ പുറപ്പെടുവിച്ചു.

പൊതുനിർദ്ദേശങ്ങൾ:

* .രാവിലെ 11 മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം.

* വെയിൽ നേരിട്ട് ഏൽക്കാതിരിക്കാൻ കുടയോ ഷാളോ, തൊപ്പിയോ കരുതാം. സൺ സ്‌ക്രീൻ ലോഷൻ ഉപയോഗിക്കണം.

* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. കൈ പൂർണമായും മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ അഭികാമ്യം.

* ധാരാളം വെള്ളം കുടിക്കുക. ദാഹം ഇല്ലെങ്കിൽകൂടിയും ഇടയ്ക്കിടെ വെള്ളം കുടിക്കണം. കുപ്പിയിൽ വെള്ളം കൂടെ കരുതാവുന്നതാണ്.

* കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ, കാപ്പി, ചായ തുടങ്ങിയവ പൂർണമായും ഒഴിവാക്കുക.

* പാദരക്ഷകൾ നിർബന്ധമായും ഉപയോഗിക്കുക

* വിദ്യാർഥികൾ ഉച്ചവെയിലിൽ ഗ്രൗണ്ടിൽ കളിക്കുന്നില്ല എന്ന് സ്‌കൂൾ അധികൃതർ ഉറപ്പുവരുത്തണം.

സ്‌കൂളുകൾക്കുള്ള പൊതുനിർദ്ദേശങ്ങൾ:

* അസംബ്ലികൾ പൂർണമായും ഒഴിവാക്കുക.

* വാട്ടർ ബെൽ സമ്പ്രദായം നടപ്പാക്കുക

* എൻ സി സി . സ്‌കൗട്ട് ആൻഡ് ഗൈഡ്, എൻ എസ് എസ് ഔട്ട്ഡോർ പ്രവർത്തനങ്ങൾ രാവിലെ 11 മുതൽ മൂന്ന് വരെ ഒഴിവാക്കുക.

* ക്ലാസ് മുറികളിലെ ഫാനുകളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തുക

* ക്ലാസ് മുറികളിൽ കർട്ടനുകൾ ഉപയോഗിക്കുക

* ശുചിമുറി വൃത്തിയായി സൂക്ഷിക്കണം

* സ്‌കൂൾ ബസ്സുകൾ തണലുള്ള പ്രദേശത്ത് പാർക്ക് ചെയ്യണം.

* ടൈയുടെ ഉപയോഗം ഒഴിവാക്കുക

* ഒ ആർ എസ് പാക്കറ്റുകൾ, പ്രഥമ ശുശ്രൂഷ സംവിധാനങ്ങൾ സ്‌കൂളിൽ കരുതണം. സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം ഉറപ്പാക്കണം

* സ്‌കൂളുകളിൽ ശുദ്ധജല ലഭ്യത ഉറപ്പാക്കണം.

* വായുസഞ്ചാരമുള്ള ക്ലാസ് മുറികൾ പരീക്ഷാ ഹാളുകളായി ഉപയോഗിക്കണം, ശുദ്ധജലലഭ്യത ഉറപ്പാക്കണം.