സന്താന സൗഭാഗ്യത്തിനായി മാത്രമുള്ള കേരളത്തിലെ ഏക ക്ഷേത്രം


ശാസ്ത്രവും ടെക്‌നോളജിയും പുരോഗമിച്ചാലും വിശ്വാസങ്ങള്‍ക്ക് ഒരു മാറ്റവും ഇല്ല. വിശ്വാസങ്ങളാണ് മനുഷ്യനെ ജീവിയ്ക്കാന്‍ പ്രേരിപ്പിക്കുന്നതും. വിശ്വാസങ്ങളും  യാഥാര്‍ത്ഥ്യങ്ങളും ഇഴ ചേര്‍ന്നു കിടക്കുന്ന ഒരു ക്ഷേത്രമുണ്ട് നമ്മുടെ ഈ കൊച്ചു കേരളത്തില്‍ .  സന്താന സൗഭാഗ്യമില്ലാത്തവര്‍ക്ക് മാത്രമുള്ള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എറണാകുളം ജില്ലയിലാണ്. തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുള്ള മേജര്‍ ക്ഷേത്രമാണ് ഏലൂര്‍ നാറാണത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.

നാറാണത്തമ്പലത്തില്‍ ദര്‍ശനം നടത്തി ക്ഷേത്ര ശ്രീകോവിലിന് മുന്നിലെ മണ്ഡപത്തില്‍ ഒരു തൊട്ടില്‍ കെട്ടിയാല്‍ ആ ദമ്പതികള്‍ക്ക് അടുത്ത വര്‍ഷം ആകുമ്പോഴേക്കും ഒരു കുഞ്ഞു പിറക്കും എന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. എറണാകുളം ജില്ലയില്‍ തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുള്ള മേജര്‍ ക്ഷേത്രമാണ് ഏലൂര്‍ നാറാണത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. പതിനാലാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയിലാണ് ഈ മഹാക്ഷേത്രം നിര്‍മ്മിച്ചത് എന്നാണ് ഐതീഹ്യം.

ചതുര്‍ബാഹുവായ നാരായണനാണ് ഇവിടത്തെ പ്രതിഷ്ഠ. കൃഷ്ണശിലയിലുള്ള വിഗ്രഹം പ്രതിഷ്ഠിച്ചത് നാറാണത്ത് ഭ്രാന്തനാണ്. അമ്പലപ്പുഴ പാര്‍ത്ഥസാരഥിയെയും നാറാണത്ത് തന്നെയാണ് പ്രതിഷ്ഠിച്ചത്. അവിടത്തെ പോലെ ഇവിടെയും എന്നും ക്ഷേത്രപരിസരത്ത് ഒരു ഭ്രാന്തന്‍ ഉണ്ടായിരുന്നു. ഇന്നും ഉണ്ട് എന്നതും വിചിത്രമാണ്.

രാവിലെ 5 മുതല്‍ 11 വരെയും വൈകിട്ട് 5 മുതല്‍ 8 വരെയും ആണ് ക്ഷേത്രദര്‍ശന സമയം. സന്തതികള്‍ ഇല്ലാത്ത ദമ്പതികള്‍ തൊട്ടില്‍ കെട്ടി കുട്ടിയുണ്ടായ ശേഷം ചോറൂണ്, തുലാഭാരം എന്നിവ നടത്താം എന്ന് നേരുകയും അടുത്ത വര്‍ഷം തന്നെ അത് നടത്താനുള്ള ഭാഗ്യം ഉണ്ടാവുകയും ചെയ്ത അനവധി പേരാണ് ഇത് ശരിവയ്ക്കുന്നത്. അനപത്യദുഃഖം തീരാന്‍ സന്താനഗോപാല മൂര്‍ത്തിയായ ഭഗവാന്‍ അവരെ അനുഗ്രഹിക്കുന്നു.

ഇവിടുത്തെ പ്രധാന വഴിപാടുകള്‍ – തൃക്കൈവെണ്ണ, വിഷ്ണുപൂജ, കളഭാഭിഷേകം, മുഴുക്കാപ്പ്, പട്ട് ചാര്‍ത്തല്‍, കദളിപ്പഴം, ഉണ്ണിയപ്പം, പാല്‍പ്പായസ നേദ്യം, തുളസിമാല എന്നിവയാണ്. കിഴക്കോട്ട് ദര്‍ശനമായ ഭഗവാനെ തൊഴുന്നതിന് മുന്‍പ് പുറത്ത് ഉപദേവതമാരായ അയ്യപ്പനെയും, നാഗരാജ നാഗയക്ഷി, നവഗ്രഹങ്ങള്‍ എന്നിവയെ തൊഴുത് വേണം നാറാണത്തപ്പനെ തൊഴാന്‍. നാലമ്പലത്തിനുള്ളിലാണ് ഉപദേവതയായ ഗണപതി. ക്ഷേത്രത്തിന് നാല് പ്രദക്ഷിണം ആണ് വയ്‌ക്കേണ്ടത്.