രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ഠിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം


കപിയൂര്( കപിയുടെ ഊര്) എന്ന പേരുണ്ടായിരുന്ന കപിയൂരു ലോപിച്ച് കവിയൂരായി മാറിയതാണ് കവിയൂർ. കവിയൂർ മഹാദേവ ക്ഷേത്രത്തിലെ ശിവ പ്രതിഷ്ഠ നടത്തിയത് സാക്ഷാൽ ശ്രീരാമൻ ആണെന്നാണ് ഐതീഹ്യം. രാവണവധം കഴിഞ്ഞ് സീതാലക്ഷ്മണൻമാരോടും വാനര- രാക്ഷസപ്പടകളോടുമൊപ്പം അയോധ്യയിലേക്കു മടങ്ങും വഴി ശ്രീരാമൻ പ്രതിഷ്ഠിച്ചതാണ് ഇവിടുത്തെ ശിവലിംഗം. ഏകദേശം രാമേശ്വരം ക്ഷേത്ര പ്രതിഷ്ഠയോടു സാമ്യം ഉള്ളതാണ് ഇവിടുത്തെ കഥയും.  അശോകവിമാനത്തിലിരുന്ന് താഴെയുള്ള പ്രദേശത്തിന്റെ മനോഹാരിതയിൽ മുഴുകിയ സീതയുടെ ആഗ്രഹപ്രകാരമാണ് പുഷ്പകവിമാനത്തിൽ പറക്കുന്ന ശ്രീരാമനും പരിവാരങ്ങളും കവിയൂരിലിറങ്ങിയതത്രേ.

ശിവപ്രതിഷ്ഠയ്ക്ക് ഉത്തമസ്ഥലമാണെന്നു കണ്ട് ശ്രീരാമൻ ഉത്തമശിവലിംഗം കണ്ടെടുത്തുവരുവാൻ ഹനുമാനെ നിയോഗിച്ചു. ശുഭമുഹൂർത്തം എത്തിയിട്ടും ഹനുമാൻ മടങ്ങിവരാതിരുന്നതിനാൽ മണ്ണും ദർഭയും ചേർത്ത് ഒരു ശിവലിംഗം നിർമിച്ച് രാമൻ പ്രതിഷ്ഠ നിർവഹിച്ചു. മടങ്ങിയെത്തിയ ഹനുമാൻ തന്റെ പ്രയത്നം വിഫലമായതിൽ ഖിന്നനായി എന്നും മനസ്സിലാക്കിയ രാമൻ താൻ പ്രതിഷ്ഠിച്ച ശിവലിംഗം മാറ്റി ഹനുമാൻ കൊണ്ടുവന്നത് പ്രതിഷ്ഠിച്ചുകൊള്ളുവാൻ പറഞ്ഞു. അതിശക്തനായ ഹനുമാന് പക്ഷേ രാമൻ പ്രതിഷ്ഠിച്ച ശിവലിംഗം ചലിപ്പിക്കാൻ പോലും കഴിഞ്ഞില്ല. ശ്രീരാമൻ പ്രതിഷ്ഠിച്ച ക്ഷേത്രത്തിന്റെ മഹത്ത്വം മനസ്സിലാക്കി അദ്ദേഹത്തിന്റെ അനുമതിയോടെ ഹനുമാൻ ആ സന്നിധിയിൽ നിത്യവാസമാരംഭിച്ചു.

നൂറ്റാണ്ടുകൾക്കുശേഷം ദിവ്യമായ കവിയൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ വില്വമംഗലം സ്വാമിയാർ മതില്ക്കകത്തെ ഇലഞ്ഞിയിൽ ഹനുമാന്റെ സാന്നിദ്ധ്യം കാണുകയും നാലമ്പത്തിന്റെ വായൂക്കോണിൽ ജപക്കിണ്ടികമിഴ്തിവച്ച് അതിന്മേൽ ഹനുമാനെ കുടിയിരുത്തുകയും ചെയ്തു എന്നാണ് മറ്റൊരു ഐതിഹ്യം. കേരളത്തിൽ വ്യവസ്ഥാപിത ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടതിന്റെ ആദ്യഘടത്തിൽത്തന്നെ നിർമ്മിക്കപ്പെട്ട ഒന്നായി കവിയൂർ മഹാദേവക്ഷേത്രത്തെ വിദേശികളും സ്വദേശികളുമായ അനവധി ഗവേഷകർ കണക്കാക്കുന്നു. കവിയൂർ ഗ്രാമത്തിലെ പത്തില്ലത്തിൽ പ്പോറ്റിമാരായിരുന്നു ഈ മഹാക്ഷേത്രത്തിന്റെ ഊരാളന്മാർ.

കൊല്ലവർഷം 1076-ൽ( എ.ഡി. 1899-1900) ശ്രീമൂലം തിരുനാളിന്റെ കാലത്ത് ക്ഷേത്രം തിരുവിതാംകൂർ സർക്കാർ ഏറ്റെടുത്തു. അളവറ്റസമ്പത്തും പ്രസിദ്ധിയും കണക്കിലെടുത്ത് ക്ഷേത്രത്തിന് ഫസ്റ്റ്ക്ലാസ്സ് പദവിയും നല്കി. കേരളക്കരയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്ന് എന്ന ഖ്യാതിയും കവിയൂർ ക്ഷേത്രത്തിനുണ്ട്. ധാര, മുഴുക്കാപ്പ്, പായസം, അടിമകിടത്തൽ എന്നിവയാണ് ശിവക്ഷേത്രത്തിലെ പ്രധാനവഴിപാടുകൾ. ഹനുമാൻ സ്വാമിയ്ക്ക് അവൽപന്തിരുനാഴിയും വടമാലയുമാണ് മുഖ്യവഴിപാടുകൾ.