ഗര്‍ഭപാത്രം നീക്കം ചെയ്തവര്‍ക്ക് ആരോഗ്യകരമായ ലൈംഗികബന്ധം സാധ്യമാണോ? സംശയങ്ങൾക്കുള്ള ഉത്തരം ഇതാ


ഗര്‍ഭപാത്രം നീക്കം ചെയ്തവര്‍ക്ക് ആരോഗ്യകരമായ ലൈംഗികബന്ധം സാധ്യമാണോ. എല്ലാവരുടെയും മനസ്സില്‍ ഉണ്ടാകുന്ന ഏറ്റവുംവലിയ സംശയമാണ് ഇത്. ഗര്‍ഭാശയം നീക്കം ചെയ്താല്‍ ചിലരില്‍ ഒരു അവയവം നഷ്ടപ്പെട്ടതിലുള്ള നിരാശയും തനിക്ക് പൂര്‍ണമായും പങ്കാളിയെ തൃപ്തിപ്പെടുത്താനാകുമോ എന്ന ആശങ്കകളും അനുഭവപ്പെടാം. അങ്ങനെ ഉളളവര്‍ക്ക് കൗണ്‍സിലിങ്ങിലൂടെ സംശയനിവാരണം നടത്താം. ഗര്‍ഭപാത്രം നീക്കം ചെയ്തവര്‍ക്ക് ആറ് ആഴ്ചയ്ക്ക് ശേഷം സെക്‌സില്‍ ഏര്‍പ്പെടാവുന്നതാണ്. മനസ്സിലെ പേടി, ഗര്‍ഭപാത്രവും ഗര്‍ഭാശയ ഗളവും ഇല്ലാത്ത അവസ്ഥ എന്നിവ മൂലം ലൂബ്രിക്കേഷന്‍ കുറയാന്‍ സാധ്യത ഉണ്ട്.

ഇതുമൂലം വേദനയുണ്ടെങ്കില്‍ മൂന്നുമാസം വരെ സെക്‌സില്‍ നിന്ന് മാറിനില്‍ക്കാവുന്നതാണ്. ലൂബ്രിക്കേഷന്‍ കുറവാണെങ്കില്‍ അതുപരിഹരിക്കാന്‍ ലൂബ്രിക്കേറ്റിങ് ക്രീമുകള്‍ ഉപയോഗിക്കാം. ഗര്‍ഭാശയം നീക്കുന്നതിനൊപ്പം അണ്ഡാശയങ്ങളും നീക്കം ചെയ്തിട്ടുണ്ടെങ്കില്‍ ഹോര്‍മോണിന്റെ അളവ് കുറയും. ആര്‍ത്തവ വിരാമം പോലുളള അവസ്ഥയാണ് ഉണ്ടാകുക. ഹോര്‍മോണ്‍ ക്രീമുകള്‍ ഉപയോഗിച്ചാല്‍ ബന്ധപ്പെടുമ്പോഴുണ്ടാകുന്ന വേദനയും വരള്‍ച്ചയും മാറ്റാം. ശസ്ത്രക്രിയക്ക്‌ശേഷം അമിതവണ്ണം വരാതെ നോക്കുക. വ്യായാമം ചെയ്യുക, മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക എന്നിവയൊക്കെ ചെയ്താല്‍ ലൈംഗിക ജീവിതം സുഖകരമാക്കുകയും ചെയ്യാം.

അങ്ങനെ ഗര്‍ഭധാരണത്തെ ഭയക്കാതെ സെക്‌സില്‍ ഏര്‍പ്പെടാന്‍ സാധിക്കും. സെക്‌സില്‍ ഏര്‍പ്പെടാനും രതിമൂര്‍ച്ഛയിലെത്താനും ഗര്‍ഭപാത്രത്തിന്റെ ആവശ്യമില്ലെന്നും ഓര്‍ക്കേണ്ടതാണ്. അതിനാല്‍ ആശങ്കകളില്ലാതെ സെക്‌സിനെ സമീപിക്കുക. ഗര്‍ഭാശയം മാറ്റുന്ന ചികിത്സ പല രീതിയില്‍ ചെയ്യാം. വയറ് കീറി ചെയ്യുന്നതാണ് അബ്‌ഡൊമിനല്‍ ഹിസ്റ്ററെക്ടമി. ചില സ്ത്രീകളില്‍ ഗര്‍ഭാശയം സ്ത്രീകളുടെ യോനിയില്‍ കൂടി നീക്കം ചെയ്യുന്നു. കൂടുതലായും ഗര്‍ഭാശയം പുറത്തേക്ക് തള്ളപ്പെടുന്ന അവസ്ഥയിലാണ് ഇങ്ങനെ ചെയ്യുന്നത്.

പ്രൊലാപ്‌സ് ഇല്ലാത്തപ്പോള്‍ നോണ്‍ ഡിസെന്റ് വാജിനല്‍ ഹിസ്റ്ററെക്ടമിയും ചെയ്യാറുണ്ട്. ഇപ്പോള്‍ കൂടുതലായി കാണുന്നത് താക്കോല്‍ദ്വാര ശസ്ത്രക്രിയയാണ്. ഏറ്റവും നൂതനമായത് റോബോട്ടിക് ഹിസ്റ്ററെക്ടമി ആണ്. ചെയ്യുന്നത് ഏതുവിധേനയായാലും യോനിക്കുള്ളിലെ മുറിവ് ഒരുപോലെയാണ്. ചിലപ്പോള്‍ സ്റ്റിച്ചുകള്‍ വയറിനുള്ളിലായിരിക്കാം. എന്നാല്‍ യോനിയില്‍ക്കൂടെ ചെയ്യുന്നവയുടെ സ്റ്റിച്ചുകള്‍ യോനിയുടെ വശത്തായിരിക്കും. ഏതായാലും മുറിവ് ഉണങ്ങാന്‍ ഒരുമാസംവരെ സമയം വേണ്ടി വന്നേക്കാം. ബന്ധപ്പെടുമ്പോള്‍ രക്തസ്രാവം ഉണ്ടായാല്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്.