സപ്തര്‍ഷികളുടെയും ത്രിമൂര്‍ത്തികളുടെയും സാന്നിധ്യം ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന പയ്യന്നൂര്‍ പവിത്രമോതിരത്തിന്റെ ശക്തി
ഭക്തിപൂര്‍വ്വം കയ്യിലണിയുന്നവര്‍ക്ക് ഭാഗ്യവും ധനസമ്യദ്ധിയും പ്രധാനം ചെയ്യുന്ന ആഭരണം എന്നാണ് പയ്യന്നൂര്‍ പവിത്രമോതിരത്തെപ്പറ്റിയുളള വിശ്വാസം. മുന്‍ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയും, മുഖ്യമന്ത്രി കെ കരുണാകരനും പ്രശസ്തരായ സിനിമാതാരങ്ങളും ഉള്‍പ്പെടെയുളള നിരവധി പ്രമുഖരുടെ ശ്രദ്ധ ആകര്‍ഷിച്ച പയ്യന്നൂര്‍ പവിത്രമോതിരത്തിന്റെ പിറവിക്കു പിന്നില്‍ വലിയൊരു ഐതിഹ്യം തന്നെയുണ്ട്.
പയ്യന്നൂര്‍ പവിത്രമോതിരത്തിന്‍റെ ഉത്ഭവം പയ്യന്നൂരിലെ സുബ്രഹ്മണ്യക്ഷേത്രവുമായാണ് ബന്ധപ്പെട്ടു കിടക്കുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ ടിപ്പുസുല്‍ത്താന്‍ മലബാറില്‍ നടത്തിയ പടയോട്ടകാലത്ത് പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും നശിപ്പിക്കപ്പെട്ടു. ക്ഷേത്രം പിന്നീട് പുനനിര്‍മ്മിക്കാനായി ആലോചന ഉണ്ടായപ്പോള്‍ പുനപ്രതിഷ്ഠക്കായി ക്ഷേത്രം ഭാരവാഹികള്‍ നിശ്ചയിച്ചത് ഇരിങ്ങാലക്കുടയിലെ തരണനെല്ലൂര്‍ തന്ത്രിയെ ആയിരുന്നു.
തന്ത്രിയെ ക്ഷണിക്കാന്‍ ഇരിങ്ങാലക്കുടയിലേക്കെത്തിയ ഭാരവാഹികള്‍ കേട്ടത് തന്ത്രി സ്ഥലത്തില്ല എന്ന വാര്‍ത്തയായിരുന്നു. ആ സമയത്ത് പകരക്കാരനായി പോകാന്‍ തന്ത്രകര്‍മ്മങ്ങളില്‍ പ്രാവണ്യമുളള പുരുഷന്മാര്‍ ആരും ഇല്ലത്തു ഉണ്ടായിരുന്നില്ല. ഭാരവാഹികള്‍ നിരാശയോടെ പയ്യന്നൂരേക്ക് മടങ്ങി. എന്നാല്‍ ഇല്ലത്ത് അപ്പോള്‍ ഉണ്ടായിരുന്ന ഒരു ബാലന്‍ അമ്മയുടെ ആശിര്‍വാദത്തോടെ മയിലിനു പുറത്തേറി പയ്യന്നൂരെത്തിയെന്നും അതീവ പ്രാഗത്ഭ്യത്തോടെ പുനപ്രതിഷ്ഠ ചടങ്ങുകള്‍ നിര്‍വ്വഹിച്ചു എന്നാണ് ഐതിഹ്യം. ആ ബാലന്‍റെ നിര്‍ദ്ദേശ പ്രകാരമാണത്രെ ദര്‍ഭ കൊണ്ടുളള പതിവു മോതിരം മാറ്റി അതേരീതിയില്‍ തന്നെ സ്വര്‍ണ്ണം കൊണ്ട് മോതിരം പണിതത്. അതാണ് ആദ്യത്തെ പവിത്രമോതിരം. ആദ്യമായി പവിത്രമോതിരം പണിതത് ചൊവ്വാട്ട വളപ്പില്‍ കേളപ്പന്‍ പെരുന്തട്ടാന്‍ ആയതിനാല്‍ മോതിരം പണിയാനുളള ജന്മാവകാശം ചൊവ്വാട്ട വളപ്പില്‍ കുടുംബത്തിലെ സ്വര്‍ണ്ണപ്പണിക്കാര്‍ക്കു ലഭിച്ചു.
ഹൈന്ദവ വിശ്വാസ പ്രകാരം എല്ലാ കര്‍മ്മങ്ങള്‍ക്കും ദര്‍ഭകൊണ്ടുളള മോതിരം വലതുകയ്യിലെ നാലാമത്തെ വിരല്‍ അണിയുന്ന പതിവുണ്ട്. സുബ്രഹ്മണ്യക്ഷേത്രത്തിലെ മൂന്നു നേരത്തെ ദിനപൂജകള്‍ക്കായി കറുക കൊണ്ടുളള മോതിരം തീര്‍ക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി സ്വര്‍ണ്ണം കൊണ്ടുളള പവിത്ര മോതിരം ഉണ്ടാക്കിയതെന്നും പറയപ്പെടുന്നു. മാത്രമല്ല ദര്‍ഭ പുല്ല് താഴെവീണാല്‍ ഭൂമി ദേവി കോപിക്കും, ശപിക്കും എന്നും ഒരു വിശ്വാസം നിലവിവുണ്ട്. ഈ ബുദ്ധിമുട്ടുകളെയെല്ലാം തരണം ചെയ്യാന്‍ വേണ്ടിയാണ് സ്വര്‍ണ്ണം കൊണ്ടുളള മോതിരം ദര്‍ഭമോതിരത്തിന്‍റെ അതേ ശൈലിയില്‍ തന്നെ തീര്‍ത്തത്. ഹോമങ്ങളും പൂജകളും നടത്തുമ്പോഴും ബലി ഇടുമ്പോഴും കയ്യില്‍ അണിയുന്ന ദര്‍ഭ മോതിരത്തിന്‍റെ അതേ നിര്‍മ്മാണ രീതിയില്‍ തന്നെയാണ് പയ്യന്നൂര്‍ പവിത്രമോതിരവും നിര്‍മ്മിച്ചിരിക്കുന്നത്.
ദര്‍ഭകൊണ്ട് നാലാമത്തെ വിരലില്‍ കാര്‍മ്മികര്‍ മോതിരം അണിയുന്നതിന് പിന്നിലും ഒരു വിശ്വാസമുണ്ട്. ബ്രഹ്മാവിന്റെ ശിരസ് പരമശിവന്‍ നുളളിയെടുത്തത് മോതിരവിരലുകൊണ്ടായിരുന്നു. ഇതേ തുടര്‍ന്നാണത്രെ ബ്രഹ്മഹത്യ പാപമെന്ന മഹാപാപത്തില്‍ നിന്നും മോതിരവിരലില്‍ ഒഴിവാക്കാനായി മോതിര വിരലില്‍ ദര്‍ഭമോതിരം ധരിക്കുന്നത്. വിരലില്‍ പവിത്രം ധരിച്ചാല്‍ യാതൊരു പാപവും ആ കൈകളില്‍ പതിക്കില്ലെന്നാണ് വിശ്വാസം. പവിത്രത്തിന്റെ ശക്തി അത്രത്തോളം വലുതാണ് എന്നു സാരം.
താന്ത്രിക ആവശ്യത്തിനായി ആദ്യകാലങ്ങളില്‍ ഉപയോഗിച്ചു പോന്നിരുന്ന പവിത്രം കാലക്രമേണയാണ് ആളുകള്‍ മോതിരമായി കയ്യില്‍ അണിയാന്‍ തുടങ്ങിയത്. തനി തങ്കത്തിലാണ് പവിത്രത്തിന്റെ നിര്‍മ്മാണം. പവിത്രക്കെട്ട് മോതിരത്തില്‍ ഘടിപ്പിച്ചാണ് കയ്യില്‍ ധരിക്കുന്നത്. പവിത്രക്കെട്ട് ചേര്‍ത്തുണ്ടാക്കുന്ന മോതിരം അയതിനാല്‍ ഇതിനെ പവിത്രമോതിരമായി അറിയപ്പെട്ടു. പയ്യന്നൂര്‍ സുബ്രഹ്മണ്യക്ഷേത്രത്തില്‍ എത്തിച്ച് ധരിക്കുന്ന ആളിന്റെ പേരും നാളും പറഞ്ഞ് പൂജിച്ചതിനു ശേഷമാണ് വിധി പ്രകാരം മോതിരം ധരിക്കേണ്ടത്.
പവിത്രക്കെട്ടിലെ മൂന്നു വരകള്‍ മൂന്നു നാഡികളെ സൂചിപ്പിക്കുന്നു-ഇഡ, പിംഗള, സുഷമ്‌ന. ശരീരത്തിന്‍റെ ഇടത് വലതു മധ്യ ഭാഗങ്ങളിലുളള ഈ ഊര്‍ജ്ജങ്ങളെ പ്രതിനിധാനം ചെയ്യുന്നതിലൂടെ പവിത്രമോതിരം കുണ്ഡലനി ശക്തിയെ ഉണര്‍ത്തും എന്നും പറയപ്പെടുന്നു. മോതിരത്തിന്‍റെ നാലുഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന ഏഴു സ്വര്‍ണ്ണത്തരികള്‍ സപ്തര്‍ഷികളെ പ്രതിനിധാനം ചെയ്യുന്നു എന്നതാണ് വിശ്വാസം. പവിത്രക്കെട്ടിലെ മൂന്നു സ്വര്‍ണ്ണത്തരികള്‍ പ്രതിനിധാനം ചെയ്യുന്നത് ത്രിമൂര്‍ത്തികളെയാണ്
സപ്തര്‍ഷികളുടെയും ത്രിമൂര്‍ത്തികളുടെയും സാന്നിധ്യം ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന പവിത്രമോതിരം അണിയുന്നത് ജീവിത വിജയം നേടാന്‍ സഹായിക്കും എന്നാണ് പറയപ്പെടുന്നത്. പവിത്ര മോതിരം അണിയുന്നവര്‍ ജീവിതക്രമത്തില്‍ പാലിക്കേണ്ട ചില നിഷ്ടകളുണ്ട്. മദ്യം,മാംസ്യം,പുകവലി എന്നിവ പാടില്ല. മോതിരം വെറുമൊരു ആഭരണമായി കാണരുത്. വിശുദ്ധിയുളള ചിട്ടയായ ജീവിതത്തിനു വേണ്ടിയാവണം ഇത് ധരിക്കാന്‍. പവിത്രമോതിരം ധരിക്കുന്ന നല്ലൊരു ശതമാനം ആളുകളും ചിട്ടവട്ടങ്ങള്‍ പാലിക്കുമ്പോള്‍ ചിലര്‍ സാധാരണ മോതിരം എന്നനിലയിലും പവിത്രമോതിരം ധരിക്കാറുണ്ട്. ജലത്തെ പ്രതിനിധാനം ചെയ്യുന്ന മോതിരവിരലില്‍ യഥാവിധി പവിത്രമോതിരം ധരിക്കുന്നവര്‍ക്ക് മനക്കരുത്തും ജീവിതവിജയവും,ഭാഗ്യവും ഐശ്വര്യവും വര്‍ദ്ധിക്കും എന്നാണ് വിശ്വാസം.
പയ്യന്നൂര്‍ പവിത്രമോതിരത്തിന്‍റെ നിര്‍മ്മാണം സങ്കീര്‍ണ്ണത നിറഞ്ഞതാണ്. മൂന്നു ദിവസം കൊണ്ടാണ് ഒരു മോതിരം പണി തീരുക. പണിക്കാര്‍ സസ്യഭക്ഷണം മാത്രമേ കഴിക്കാവൂ. ജീവിതരീതി സാത്വികം ആവണം. പണിക്കൂലി ഇനത്തില്‍ കിട്ടുന്ന കൂലിയുടെ ഒരു ഭാഗം സുബ്രഹ്മണ്യക്ഷേത്രത്തിനു നല്കണം. കൂലി ഇനത്തില്‍ തുച്ഛമായ കാശാണ് ഈടാക്കുന്നത്. ലാഭം തീരെ ഇല്ലെന്നു തന്നെ പറയേണ്ടി വരും. വളരെ ശ്രദ്ധയും കരുതലും സമയവും വ്രതവും എടുത്തു വേണം മോതിരം പണിയേണ്ടത്.
പൂര്‍ണ്ണമായ പവിത്രമോതിരം പണിയാന്‍ അഞ്ചു പവനോളം വേണ്ടി വരും. ഏറ്റവും തുക്കം കുറഞ്ഞ പവിത്രമോതിരം പണിയാന്‍ വേണ്ടതാവട്ടെ ഒരുപവനോളം സ്വര്‍ണ്ണവും. പൂര്‍ണ്ണമായ പവിത്രം അരപവിത്രം കാല്‍ പവിത്രം അരക്കാല്‍ എന്നിങ്ങനെ പോകും പവിത്രമോതിരത്തിന്റെ കണക്ക്. വെളളികൊണ്ടും പവിത്രമോതിരം പണിയാറുണ്ട്.
മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്‌പേയി, മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍, രാമക്യഷ്ണഹെഡ്‌ഗെ,കാശി ശ്യംഗേരി മഠാധിപന്മാര്‍ തുടങ്ങി പ്രശസ്തരായ പലരും പവിത്രമോതിരത്തിന്‍റെ മഹിമ ലോകത്തിനു മുന്നിലെത്തിച്ചു. പല സിനിമാതാരങ്ങളും പയ്യന്നൂര്‍ പവിത്രമോതിരം സ്വന്തമാക്കിയിട്ടുണ്ട്. മോഹന്‍ലാല്‍, നെടുമുടി വേണു, പാര്‍വ്വതി, ലാലു അലക്‌സ് എന്നിവരാണ് പയ്യന്നൂര്‍ പവിത്രമോതിരം സ്വന്തമാക്കിയിട്ടുളളത്. പയ്യന്നൂരിനെ പ്രശസ്തിയിലെത്തിച്ച പവിത്രമോതിരം ഭൗമ സൂചിക പട്ടികയിലും ഉള്‍പ്പെട്ടിട്ടുണ്ട് .