ചെമ്പരത്തിപ്പൂവിന്റെ ഗുണങ്ങൾ അറിയാമോ?



ചെമ്പരത്തിപ്പൂവിനുള്ളത് മറ്റ്‌ പൂക്കള്‍ക്കൊന്നും ഇല്ലാത്ത ഔഷധ സിദ്ധിയാണ്‌. നൈട്രജന്‍, ഫോസ്ഫറസ്‌, ജീവകം ബി, സി എന്നിവയാല്‍ ഈ പൂക്കള്‍ സമ്പന്നമാണ്. പല വിദേശ രാജ്യങ്ങളിലും ഇത്‌ ഒരു ഗൃഹൗഷധിയാണ്‌. ദേഹത്തുണ്ടാവുന്ന നീര്‌, ചുവന്നു തടിപ്പ്‌ എന്നിവയകറ്റാന്‍ പൂവ്‌ അതേപടി ഉപയോഗിക്കുന്നു.

ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകള്‍ക്ക്‌ പൂവില്‍ നിന്നും തയ്യാറാക്കുന്ന കഷായം അത്യുത്തമമാണ്. പൂമൊട്ടും ശരീരം തണുപ്പിക്കാനും സുഖകരമായ മൂത്ര വിസര്‍ജ്ജനത്തിനും സഹായിക്കുന്നു. ‘ജപകുസുമം കേശവിവര്‍ധനം’ എന്നാണ്‌ ചെമ്പരത്തിയെ കുറിച്ച്‌ പറയുന്നത്‌. മുടി വളരാനും താരന്‍ തടയാനും അകാല നര ഒഴിവാക്കാനും ചെമ്പരത്തിപ്പൂവിനു കഴിയുന്നു.

ഹൃദയസംബന്ധമായ വൈഷമ്യങ്ങള്‍ക്ക്‌ ഒരു ‘കാര്‍ഡിയാക്‌ ടോണിക്‌’ കൂടിയാണിത്‌. അഞ്ചാറു പൂവിന്റെ ഇതളുകള്‍ മാത്രമെടുത്ത്‌ 100 മില്ലി വെള്ളത്തില്‍ തിളപ്പിക്കുക. നല്ല ചുവന്ന ദ്രാവകം കിട്ടും. ഇത്‌ അരിച്ചെടുത്ത്‌ തുല്യയളവ്‌ പാലും കൂട്ടിച്ചേർത്ത് ഏഴോ എട്ടോ ആഴ്ച കഴിച്ചാൽ ഉന്‍മേഷം വീണ്ടെടുക്കാം. വിവിധ തരം പനികള്‍ക്കും ഈ ഔഷധം നല്ലതാണ്‌. ആര്‍ത്തവ സംബന്ധമായ ക്രമക്കേടുകള്‍ പരിഹരിക്കുവാന്‍ ചെമ്പരത്തിപ്പൂവ്‌ ഉണക്കിപ്പൊടിച്ച്‌ ഒരാഴ്ചക്കാലം തുടര്‍ച്ചയായി കഴിക്കുന്ന പതിവുണ്ട്‌.