കരളിലെ അര്‍ബുദം നിസാരമാക്കരുത്; ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടണം


രാജ്യത്ത് കാന്‍സറിനുള്ള നൂതന ചികിത്സ സൗകര്യങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും പ്രാരംഭ ഘട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാതെ വരുന്നതാണ് അസുഖം ഗുരുതര അവസ്ഥയിലേക്ക് എത്തുന്നത്. പല തരം കാന്‍സറുകള്‍ നമ്മുടെ ശരീരത്തെ ബാധിക്കാം. എല്ലാ തരം കാന്‍സറുകള്‍ക്കും അതിന്റേതായ കാഠിന്യവും ഉണ്ട്. അത്തരമൊരു നിസാരവല്‍ക്കരിക്കാന്‍ കഴിയാത്ത അര്‍ബുദമാണ് കരളിനെ ബാധിക്കുന്ന കാന്‍സര്‍.

ശരീരത്തിലേക്ക് വളരെ പെട്ടെന്ന് വ്യാപിക്കുന്ന കാന്‍സറുകളില്‍ പ്രധാനപ്പെട്ടതാണ് കരളിലെ അര്‍ബുദം എങ്കിലും കരളിനെ അര്‍ബുദം പിടിപെട്ടാല്‍ ശരീരം ചില സൂചനകള്‍ നല്‍കിയേക്കാം. ശരീരത്തില്‍ പ്രകടമാക്കുന്ന ചില ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചെങ്കില്‍ ഉടന്‍ വൈദ്യ സഹായം ഉറപ്പ് വരുത്തുകയും ഒപ്പം കാന്‍സര്‍ പരിശോധന നടത്താനും ശ്രമിക്കുക.

ആല്‍ക്കഹോളിക് ലിവര്‍ ഡിസീസ്, നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ കരള്‍ രോഗങ്ങള്‍ പലപ്പോഴും കരള്‍ അര്‍ബുദത്തിന്റെ സാധ്യതയിലേക്ക് നയിക്കുന്നു.

മല വിസര്‍ജ്യത്തില്‍ നിറ വ്യത്യാസം കണ്ടാലും കരള്‍ അര്‍ബുദത്തെ സംശയിക്കാം. മലത്തിന് വെള്ള നിറം, മൂത്രത്തിന് കടുംനിറം എന്നിവയും ഈ അര്‍ബുദത്തിന് ശരീരം തരുന്ന സൂചനകളില്‍ പെട്ടതാണ്. ചര്‍മത്തില്‍ കാണപ്പെടുന്ന അകാരണമായ ചൊറിച്ചിലും അസ്വസ്ഥതയും കരള്‍ കാന്‍സറിന്റെ ലക്ഷണമാവാം. അകാരണമായി പതിവായി കാണപ്പെടുന്ന അടിവയറ്റിലെ വേദന, വയറിന് വീക്കം എന്നിവയെല്ലാം കരള്‍ അര്‍ബുദത്തിന്റെ ലക്ഷണമാണ്. അമിത ക്ഷീണം, അകാരണമായി ശരീരഭാരം കുറയുക തുടങ്ങിയവയും കരള്‍ കാന്‍സറിന്റെ സൂചനകളില്‍പ്പെട്ടതാണ്.

ശരീരത്തിന് ഉണ്ടാകുന്ന മഞ്ഞ നിറവും കരള്‍ അര്‍ബുദത്തിന്റെ സൂചനയാണ്. കൂടാതെ കണ്ണിനും മഞ്ഞ നിറം ഉണ്ടാവുന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. അകാരണമായി ഇടയ്ക്കിടെ ഉണ്ടാകുന്ന ഛര്‍ദിയും ഈ കാന്‍സറിന്റെ സൂചനയാവാം. കൂടാതെ കുറച്ച് കഴിച്ചാലും വയര്‍ നിറഞ്ഞതായി തോന്നുക, ഭക്ഷണം കഴിക്കാന്‍ കഴിയാതെ വരിക ഇവയെല്ലാം സൂക്ഷിക്കേണ്ടതുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ ശരീരം പ്രകടമാക്കുകയാണെങ്കില്‍ തീര്‍ച്ചയായും ആരോഗ്യ വിദഗ്ധരുടെ സഹായം തേടുക.

കാന്‍സര്‍ പരിശോധന നടത്തി രോഗ നിര്‍ണയം വേഗത്തിലാക്കുക. പ്രാരംഭ ഘട്ടത്തില്‍ തിരിച്ചറിയുകയും ചികിത്സ ഉറപ്പ് വരുത്തുകയും ചെയ്യാത്ത പക്ഷം ഒരു പക്ഷേ കരള്‍ കാന്‍സര്‍ ജീവന് തന്നെ ഭീഷണി ആയേക്കാം. മദ്യപാനം, പുകവലി, കരള്‍ രോഗങ്ങള്‍, അമിതവണ്ണം, അമിതമായ പ്രമേഹം, ചില മരുന്നുകള്‍ എന്നിവയെല്ലാം കരള്‍ അര്‍ബുദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. ഇത്തരം ആളുകളിലാണ് മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ കാണിക്കുന്നതെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കാണുക.