സംസ്ഥാനത്ത് ദിനംപ്രതി ചൂട് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
ചൂട് കൂടുന്നതിനനുസരിച്ച് ആരോഗ്യപരിപാലനത്തില്‍ കരുതല്‍ നല്‍കുന്നതിനൊപ്പം മുടിയുടേയും ചര്‍മത്തിന്റേയും ആരോഗ്യവും കാക്കണം. ചൂടിലുണ്ടാകുന്ന മാറ്റങ്ങള്‍ ചര്‍മത്തിലും മുടിയിലും പ്രകടമാകാറുണ്ട്. അതിനാല്‍ ഈ വേനല്‍ക്കാലത്ത് മുടിയും ചര്‍മവും സംരക്ഷിക്കാന്‍ ഉതകുന്ന ചില ടിപ്‌സ് പരിചയപ്പെടാം.
ചൂടുകാലത്ത് ചര്‍മസൗന്ദര്യം നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
വരണ്ട ചര്‍മത്തിന്
ചൂടുകാലത്ത് ചര്‍മം കാക്കാന്‍ മോയ്‌സ്ചറൈസര്‍ ശീലമാക്കാം. ചര്‍മം വരണ്ടതാണെങ്കില്‍ ചര്‍മത്തിന് ചേരുന്ന മോയിസ്ചറൈസര്‍ ഉപയോഗിക്കുക എന്നതാണ് ഏറ്റവും നല്ല പരിഹാരം. രാവിലെയും വൈകുന്നേവും കുളിക്ക് ശേഷം മോയിസ്ചറൈസര്‍ ക്രീം ഉപയോഗിക്കുന്നതാണ് നല്ലത്.
സണ്‍സ്‌ക്രീന്‍ പതിവാക്കൂ
കഠിനമായ ചൂടേല്‍ക്കുന്നത് തൊലിപ്പുറത്ത് കരുവാളിപ്പുണ്ടാക്കാനും ചര്‍മം വരളാനും കാരണമാവും. ഇത് ഒഴിവാക്കാന്‍ സണ്‍ സ്‌ക്രീന്‍ പുരട്ടിയതിനു ശേഷം വെയിലത്തിറങ്ങുന്നതാണ് നല്ലത്. എസ്പിഎഫ് (SPF) റേറ്റിങ് കുറഞ്ഞത് 15 എങ്കിലുമുള്ള ഒരു ബ്രോഡ്-സ്‌പെക്ട്രം സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക. സ്ഥിരം പുറത്തിറങ്ങുന്നവരാണെങ്കില്‍ മൂന്ന് മണിക്കൂര്‍ ഇടവേളയിലെങ്കിലും സണ്‍ സ്‌ക്രീന്‍ ഉപയോഗിക്കണം.
ചര്‍മ സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്നവര്‍ രാവിലെ 10 നും ഉച്ചയ്ക്ക് 2 നും ഇടയിലുള്ള സമയത്ത് സൂര്യപ്രകാശമേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഈ സമയത്ത് സൂര്യപ്രകാശം ശക്തിയേറിയതായിരിക്കും.
വസ്ത്രം കൊണ്ട് തടയാം പ്രശ്‌നങ്ങളെ
കാലാവസ്ഥ മാറിമാറി വരുമ്പോള്‍ ധരിക്കുന്ന വസ്ത്രം ചര്‍മത്തിന് സംരക്ഷണം നല്‍കുന്നതായിരിക്കണം. കൈയും കാലും മറയുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ വേണം ധരിക്കാന്‍. സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ തൊപ്പിയോ മറ്റോ ധരിക്കുന്നതും നല്ലതാണ്. തണുപ്പായാലും ചൂടായാലും ചര്‍മത്തില്‍ നേരെ സ്വാധീനിക്കാന്‍ കഴിയാത്ത തരത്തിലുള്ളതായിരിക്കണം വസ്ത്രം.
വീര്യമേറിയ സോപ്പുകള്‍ ഉപേക്ഷിക്കുക
വീര്യമേറിയ സോപ്പുകളും ഡിറ്റര്‍ജന്റുകളും ചര്‍മത്തിലെ എണ്ണമയം ഇല്ലാതാക്കും. ഇവയ്ക്ക് പകരം വീര്യം കുറഞ്ഞവ തിരഞ്ഞെടുക്കുക. കുളിയുടെ സമയം ചുരുക്കുക. ചൂടുവെള്ളത്തിലുള്ള കുളിയും കൂടുതല്‍ നേരം ഷവറിനു കീഴില്‍ നില്‍ക്കുന്നതും നിങ്ങളുടെ ചര്‍മത്തിലെ എണ്ണമയം ഇല്ലാതാക്കും. കുളിയുടെ ദൈര്‍ഘ്യം അല്ലെങ്കില്‍ ഷവറിനു കീഴില്‍ നില്‍ക്കുന്ന സമയം കുറയ്ക്കുക. ചൂടുവെള്ളത്തിനു പകരം ഇളം ചൂടുള്ള വെള്ളം ഉപയോഗിക്കുക.
ധാരാളം വെള്ളം കുടിക്കുക
വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിക്കുന്നത് ചര്‍മത്തിന്റെ തിളക്കം നിലനിര്‍ത്താന്‍ സഹായിക്കും. ചുണ്ടും മുഖവും വരണ്ടു പോവുന്നത് നിയന്ത്രിക്കാന്‍ വെള്ളത്തിന് സാധിക്കും. ധാരാളം വെള്ളം കുടിക്കുന്നത് ചര്‍മം മൃദുവാകാനും സഹായിക്കും.
പഴങ്ങളും പച്ചക്കറികളും ആവോളം
ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും പ്രോട്ടീനുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വൈറ്റമിന്‍ സി അനാരോഗ്യകരമായ കൊഴുപ്പ് ഉള്‍പ്പെടാത്തതും ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയതുമായ ഭക്ഷണം ചര്‍മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും.