അകാലമരണ സാധ്യത കുറയാൻ ദിവസവും ഇത്ര ചുവട് നടന്നാൽ മതി! കണക്കുകൾ പറയുന്നത് ഇങ്ങനെ


ദിവസം 4000 ചുവട് നടക്കുന്നത് അകാല മരണസാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ഏത് കാരണങ്ങള്‍ മൂലവുമുള്ള അകാലമരണം ഇതിലൂടെ കുറയ്ക്കാന്‍ കഴിയുമെന്നാണ് പഠനം പറയുന്നത്. അതേസമയം, ദിവസം 2337 ചുവട് നടക്കുന്നത് ഹൃദയസംബന്ധമായ അസുഖം മൂലമുള്ള മരണത്തെ തടുക്കുമെന്നും പഠനം വ്യക്തമാക്കുന്നു. എന്നാല്‍, എത്രയധികം നമ്മള്‍ നടക്കുന്നുവോ അത്രയധികം ആരോഗ്യഗുണങ്ങള്‍ നമുക്കു ലഭിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.

പോളണ്ടിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് ലോഡ്‌സിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. ഒരു ദിവസം എത്ര ചുവട് നടക്കാനാണ് ആളുകള്‍ ഇഷ്ടപ്പെടുന്നത് എന്നതിനെക്കുറിച്ച് പഠനം നടത്താനാണ് ഗവേഷകര്‍ ശ്രമിച്ചത്. ഇതിനുവേണ്ടി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 2.26 ലക്ഷം ആളുകള്‍ ഉള്‍പ്പെട്ട 17 മുന്‍ഗവേഷണങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ കാര്‍ഡിയോളജി പ്രൊഫസറായ മസീജ് ബനാച്ച് ശേഖരിച്ചു. ദിവസവുമുള്ള നടത്തം ആരോഗ്യത്തെ എപ്രകാരം ബാധിക്കുമെന്നറിയാന്‍ ഏഴ് വര്‍ഷമെടുത്താണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.

ദിവസം കുറഞ്ഞത് 3967 ചുവട് നടക്കുന്നത് ഏതൊരു കാരണം മൂലവുമുള്ള മരണത്തെ ചെറുക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി. കുറഞ്ഞത് 2337 ചുവട് നടക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങള്‍ മൂലമുള്ള മരണസാധ്യത കുറയ്ക്കും. ഒരോ ദിവസവും 1000 ചുവട് കൂടുതല്‍ നടക്കുന്നത് ഏത് കാരണം മൂലവുമുള്ള മരണസാധ്യത 15 ശതമാനം കുറയ്ക്കും. അതേസമയം, ദിവസം 500 ചുവട് അധികമായി നടക്കുന്നത് ഹൃദയസംബന്ധമായ അസുഖം മൂലമുള്ള മരണസാധ്യത ഏഴ് ശതമാനം കുറയ്ക്കും. എന്നാല്‍, ദിവസം 5000 ചുവടുകള്‍ക്ക് താഴെയാണ് നടക്കുന്നതെങ്കില്‍ അത് മടി നിറഞ്ഞ ജീവിതശൈലിയായി കണക്കാക്കാമെന്നും പഠനം വ്യക്തമാക്കുന്നു.

കൂടുതല്‍ നടക്കുന്നത് കൂടുതല്‍ മെച്ചമാണെന്നാണ് ഞങ്ങളുടെ പഠനം വ്യക്തമാക്കുന്നത്. പ്രായം, ജീവിക്കുന്ന ചുറ്റുപാട്, സ്ഥലം, കാലാവസ്ഥ, താപനില എന്നീ ഘടകങ്ങള്‍ ഒന്നും കണക്കിലെടുക്കാതെ തന്നെ ഇത് സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ ബാധകമാണെന്നും പഠനം കൂട്ടിച്ചേര്‍ക്കുന്നു. പ്രതിദിനം 7000-നും 13,000-നും ഇടയില്‍ ചുവട് നടക്കുന്ന ചെറുപ്പക്കാരിലാണ് ആരോഗ്യത്തില്‍ കുത്തനെയുള്ള പുരോഗതി കാണാന്‍ കഴിഞ്ഞത്.

കൂടാതെ, അകാലമരണ സാധ്യതയില്‍ 42 ശതമാനം വരെ കുറവ് രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം, ഇതില്‍ കൂടുതല്‍ നടക്കുന്നത് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ദിവസം 20000 ചുവട് വരെയോ 14 മുതല്‍ 16 കിലോമീറ്റര്‍ വരെയോ നടക്കുന്നത് ആരോഗ്യഗുണങ്ങള്‍ വര്‍ധിപ്പിക്കുമെന്നും പഠനം കണ്ടെത്തി.

കായികമായുള്ള അധ്വാനം തുടരുന്നതും സ്ഥിരമായി നിലനിര്‍ത്തുന്നതും എപ്പോഴും മികച്ച ആരോഗ്യഗുണങ്ങള്‍ സമ്മാനിക്കുമെന്നും ആയുസ് വര്‍ധിപ്പിക്കുമെന്നും പഠനത്തിൽ പറയുന്നു. സന്ധിവേദന, സന്ധിവാതം മൂലമുള്ള വേദന എന്നിവ ചെറുക്കുന്നതിന് നടത്തം നല്ലതാണെന്ന് മുന്‍പ് ഒട്ടേറെ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

എല്ലാത്തരം വ്യായാമ രീതികളിലും നടത്തത്തിന് പരിഗണന കുറവാണ്. നടക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പുറമെ, ഹൃദയാരോഗ്യം കാക്കുന്നതിനും വിഷാദരോഗം, ക്ഷീണം എന്നിവ കുറയ്ക്കുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സന്ധികളിലെ സമ്മര്‍ദവും വേദനയും കുറയ്ക്കുന്നതിനും ശരീരഭാരം, കാന്‍സര്‍ സാധ്യത എന്നിവ കുറയ്ക്കുന്നതിനും സഹായിക്കും.