ക്ഷേത്രദേവതാ രൂപ-ഭാവ-സങ്കല്പങ്ങൾക്കനുസരിച്ചാണ് പൂജയും നിത്യനിദാനങ്ങളും: വിഭിന്ന ദേവതാസങ്കല്പങ്ങൾ, വ്യത്യസ്ത ആചാരരീതികൾ
സൂരജ് സുബ്രമണ്യൻ
“ആലംതുരുത്തിയിൽ ഉത്സവത്തിന് ആനയും, വെടിക്കെട്ടും ഇല്ലല്ലോ” എന്ന് പരിഭവം പറഞ്ഞ എന്നോട് മുത്തശ്ശിയാണ് ആ ‘രഹസ്യം’ വെളിപ്പെടുത്തിയത്. നമ്മുടെ ഭഗവതി കൊച്ചുകുഞ്ഞാണ്, കൊച്ചു കുഞ്ഞായതുകൊണ്ട് ആനയും, വെടിക്കെട്ടുമൊക്കെ ഭഗവതിയ്ക്ക് പേടിയാണ് പോലും!! നന്ദഗോപന്റെ മകളായി അവതരിച്ച മഹാമായാദേവിയെ, കംസൻ കൊല്ലാനായി കാലിൽ പിടിച്ചുയർത്തിയതും, കംസന്റെ കയ്യിൽ നിന്നും തെന്നിമാറിയ ദേവി ആകാശത്തേക്കുയർന്ന്, കംസനെ താക്കീതു ചെയ്തതും പുരാണപ്രസിദ്ധമാണല്ലോ, ആ നന്ദനന്ദിനി സങ്കൽപ്പത്തിലാണ് അവിടെ പ്രതിഷ്ഠ.
ആനയെയല്ല, അണ്ഡകടാഹങ്ങളെ മുഴുവൻ ഉന്മേഷ നിമേഷങ്ങളെകൊണ്ട് സൃഷ്ടിച്ച്, പാലിച്ച്, സംഹരിക്കുന്ന ജഗദീശ്വരിയാണ് ആനയെ ഭയമുള്ള കൊച്ചുകുഞ്ഞായി ആരാധിക്കപ്പെടുന്നത്. അത് തന്നെയാണ് ക്ഷേത്രസങ്കൽപ്പത്തിന്റെ പ്രത്യേകതയും. സാധാരണ മനുഷ്യരെ ഉദ്ധരിക്കുന്നതിനായി ഗുണരഹിതനായ പരമാത്മാവ്, നാമ-രൂപങ്ങളോടുകൂടിയ അർച്ചാവതാരമൂർത്തിയായി ക്ഷേത്രത്തിൽ നിലകൊള്ളുന്നു. അവിടെ ദേവതയ്ക്ക് മാനുഷികഗുണങ്ങളായ, ഇഷ്ടാനിഷ്ടങ്ങളും, സുഖ-ദുഃഖങ്ങളും, പരിമിതികളുമൊക്കെ കല്പിയ്ക്കപ്പെടുന്നു.
ക്ഷേത്രത്തിലെ ദേവതയുടെ രൂപ-ഭാവ-സങ്കല്പങ്ങൾക്കനുസരിച്ചാണ് പൂജയും, നിത്യ നിദാനങ്ങളുമൊക്കെ നിശ്ചയിക്കപെടുക. ആലംതുരുത്തി ഭഗവതിയ്ക്ക് ആന പാടില്ല എന്നാണെങ്കിൽ, കുമാരനല്ലൂരിൽ കൊമ്പനാനകൾക്കാണ് വിലക്ക്, അവിടെ ദേവി പിടിയാനപ്പുറത്താണ് എഴുന്നള്ളുക. എന്നാൽ കേരളത്തിലെ എണ്ണം പറഞ്ഞ കൊമ്പന്റെ മുകളിലാണ് ചോറ്റാനിക്കര ഭഗവതി എഴുന്നളുന്നത്. ഭഗവതി ഒന്ന് തന്നെയെങ്കിലും വ്യത്യസ്ത ഭാവങ്ങളിലായതുകൊണ്ട്, വ്യത്യസ്ത ആരാധനാ രീതികൾ പിന്തുടർന്ന് പോരുന്നു. അങ്ങനെ വൈവിധ്യങ്ങൾ നിറഞ്ഞതാണ് നമ്മുടെ ക്ഷേത്രങ്ങൾ.
അധികാരചിഹ്നങ്ങൾ അഴിച്ചു വച്ച്, രണ്ടാമ്മുണ്ട് അരയിൽക്കെട്ടി വേണം തളിപ്പറമ്പിൽ ദർശനം വാങ്ങാൻ, കാരണം അകത്തിരിക്കുന്നത് തമ്പുരാക്കന്മാർക്കും തമ്പുരാനായ രാജരാജേശ്വരനാണ്. പയ്യന്നൂരിൽ സുബ്രഹ്മണ്യസ്വാമിയുടെ ക്ഷേത്രത്തിൽ സന്യാസിമാർക്ക് പ്രവേശനമില്ലത്രേ, വൈക്കത്തപ്പൻ അന്നദാന പ്രഭുവാകുമ്പോൾ, ഏറ്റുമാനൂരപ്പൻ അഘോരമൂർത്തിയാണ്, പഴവങ്ങാടി ഗണപതിയ്ക്ക് നാളികേരമാണ് മുഖ്യമെങ്കിൽ പറശ്ശിനിക്കടവ് മുത്തപ്പന് പനങ്കള്ളും, മീനുമാണ് പഥ്യം, വിഭിന്നങ്ങളായ ദേവതാസങ്കല്പങ്ങൾ, വ്യത്യസ്തമായ ആചാരരീതികൾ!
മനുഷ്യർക്ക് വ്യത്യസ്തങ്ങളായ മാനസിക-ശാരീരിക-സാംസ്കാരിക-സാമൂഹ്യ സാഹചര്യങ്ങളാണുള്ളതെന്നും, അവരവരുടെ സാഹചര്യങ്ങൾക്കനുസൃതമായുള്ള ആരാധനാ ക്രമങ്ങൾ ആവശ്യമാണെന്നുമുള്ള തിരിച്ചറിവാണ് ഈ വൈവിധ്യങ്ങൾക്ക് കാരണം. ഒപ്പം ഓരോരുത്തരുടെയും ഭാവനക്കും, മനോവികാസത്തിനുമനുസരിച്ച് ഈശ്വരനെ സങ്കല്പിക്കുവാനുള്ള സ്വാതന്ത്ര്യത്തിന്റെ തെളിവുമാണ് ഈ വൈവിദ്ധ്യങ്ങൾ. സ്ത്രീ പൂജിക്കുന്ന മണ്ണാറശാലയും, സ്ത്രീകൾ ദേവിക്കന്നമൂട്ടുന്ന പൊങ്കാലയും, ഭിന്നലിംഗക്കാരുടെ ഇരവാൻ കോവിലുമൊക്കെയടങ്ങിയ വ്യത്യസ്തതകളുടെ ഈ വലിയ കാൻവാസിൽ വേണം നാം ശബരിമലയിലെ യുവതീ നിയന്ത്രണത്തെയും നോക്കിക്കാണാൻ.
നൈഷ്ഠിക ബ്രഹ്മചാരിയായിരുന്ന പന്തളരാജകുമാരൻ തന്റെ അവതാരോദ്ദേശം നിറവേറ്റിയതിനു ശേഷം, ശബരിമലയിലെ ധർമ്മശാസ്താ വിഗ്രഹത്തിൽ ലയിച്ചു ചേർന്നുവെന്നാണ് ഐതിഹ്യം, അതുകൊണ്ട് ശബരിമലയിൽ ധർമ്മശാസ്താവ് നിത്യബ്രഹ്മചാരിയാണ്. മാളികപ്പുറത്താകട്ടെ, വിരഹാർദ്രയായ് പന്തളരാജകുമാരനെ വിവാഹം കഴിക്കാൻ കാത്തിരിക്കുന്ന ഭാവത്തിലാണ് ദേവിയെ കൽപ്പിച്ചു പോരുന്നത്. ഈ സങ്കല്പങ്ങളെ മാനിച്ചു കൊണ്ടാണ് അവിടെ യുവതികൾ കയറാത്തത്.
ഇവയെയൊക്കെ ഉപനിഷത്തിലെയും സംഹിതയിലേയുമൊക്കെ മന്ത്രങ്ങളുടെ അറ്റവും, പാതിയും ചിന്തിയെടുത്ത് തൂക്കിനോക്കരുത്.
ഔപനിഷദിക ജ്ഞാനത്തിന്റെ മറുകരകണ്ടവർക്ക് വേണ്ടിയല്ല, ആർത്തരും, അർത്ഥാർത്ഥികളുമായ സാധാരണക്കാരുടെ ഉന്നമനത്തിനു വേണ്ടിയാണ് അമ്പലങ്ങൾ. അതുകൊണ്ടു തന്നെ, ആരുടെയെങ്കിലും “ശരിയായ ഏക ദൈവമെന്ന” ചെരുപ്പിനനുസരിച്ച് ലോകത്തെ കാലുകളൊക്കെ മുറിക്കണമെന്ന് പറയാതിരിക്കുവാനുള്ള സഹിഷ്ണുത എല്ലാവരിൽ നിന്നും പ്രതീക്ഷിക്കുന്നു.
പിന്നെ ശബരിമലയിൽ നടക്കുന്നത് സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനെ തടയലാണെന്ന ഇടത് ലിബറലുകളുടെ വാദം കേട്ട് അത്ഭുതപ്പെടേണ്ടതില്ല. ആഗോളതാപനത്തിനു കാരണം ഗണപതിഹോമമാണെന്നു വരെ പറയാൻകഴിവുള്ളവരാണ്.