ചെറുപ്പം നിലനിർത്താൻ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ: അറിയേണ്ടതെല്ലാം



എന്നും ചെറുപ്പം നില നിർത്താൻ ആഗ്രഹിക്കാത്ത ആരും തന്നെ ഉണ്ടാകില്ല. പ്രായം കൂടുംതോറും തന്റെ നഷ്ടപ്പെടുന്ന യുവത്വത്തെ ഓർത്ത് വിഷമിക്കുന്നവര്‍ നമുക്ക് ചുറ്റുപാടുമുണ്ട്. ജീവിതശൈലിയിലെ മാറ്റങ്ങളും തെറ്റായ ഭക്ഷണശീലവുമാണ് പ്രായക്കൂടുതല്‍ തോന്നിപ്പിക്കാന്‍ ഇടയാക്കുന്നത്. എന്നാൽ, ആരോഗ്യകരമായ ശീലങ്ങള്‍ പിന്തുടര്‍ന്നാല്‍ നമ്മുടെ യുവത്വം നിലനിര്‍ത്താനാകും. അത്തരത്തിൽ പിന്തുടരേണ്ട മൂന്ന് കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

1. അതിരാവിലെ എഴുന്നേൽക്കുക, പകല്‍ ഉറങ്ങാതിരിക്കുക

അതിരാവിലെ തന്നെ എഴുന്നേൽക്കുക. നാലു മണിക്കാണെങ്കില്‍ വളരെ നല്ലത് അഞ്ചുമണിക്ക് ഉറപ്പായും എഴുന്നേല്‍ക്കണം. ഒരു ഗ്ലാസ് ശുദ്ധ വെള്ളം കുടിച്ചുകൊണ്ടാകണം കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കേണ്ടത്. അതിനുശേഷം പ്രഭാതകൃത്യങ്ങള്‍ ചെയ്യുക. വ്യായാമം ചെയ്യാനും സമയം കണ്ടെത്തണം. വീട്ടിലെ ചെറിയ ചെറിയ ജോലികള്‍ ചെയ്യുക. പകല്‍ ഒരു കാരണവശാലും ഉറങ്ങരുത്.

2. ഭക്ഷണ കാര്യത്തിൽ കൂടുതൽ ശ്രദ്ധ

ഭക്ഷണ കാര്യത്തിലാണ്  കൂടുതലായി ശ്രദ്ധിക്കേണ്ടത്. മൂന്നു നേരം കൃത്യമായി ഭക്ഷണം കഴിക്കണം. പ്രഭാതഭക്ഷണം ഏഴുമണിക്കും എട്ടുമണിക്കും, ഉച്ചഭക്ഷണം 12നും ഒന്നിനും ഇടയിലും, രാത്രിഭക്ഷണം എട്ടുമണിക്ക് മുമ്പും കഴിച്ചിരിക്കണം. ദിവസവും പപ്പായ കഴിക്കുന്നത് നല്ലതാണ്, അത് ശീലമാക്കാൻ ശ്രമിക്കുക. ഉച്ചഭക്ഷണത്തിന് മുമ്പാണെങ്കില്‍ നല്ലത്. അല്ലെങ്കില്‍ ഉച്ചഭക്ഷണം കഴിച്ച് അരമണിക്കൂറിന് ശേഷമായാലും മതി. പപ്പായ ഇല്ലെങ്കില്‍ മാങ്ങ, പേരയ്‌ക്ക, ഓറഞ്ച്, ആപ്പിള്‍ അങ്ങനെ ഏതെങ്കിലുമൊരു പഴം ആയാലും കഴിക്കാൻ ശ്രമിക്കുക.

3 ദേഷ്യം, മാനസിക സമ്മര്‍ദ്ദം എന്നിവയോട് നോ പറയുക

മുകളിൽ പറഞ്ഞതിനെക്കാൾ ഏറെ പ്രധാനപ്പെട്ട കാര്യമാണിത്. മുന്‍കോപം, ദേഷ്യം എന്നിവയുണ്ടെങ്കില്‍ അത് നിയന്ത്രിച്ച് ഇല്ലാതാക്കണം. മാനസിക സമ്മര്‍ദ്ദവും ലഘൂകരിക്കുക. ഇതിനായി യോഗ, ധ്യാനം എന്നിവ ശീലമാക്കാം. എല്ലാവരോടും നല്ലരീതിയില്‍ ഇടപെടണം. നന്ദി പറയേണ്ടവരോട് പറയുകതന്നെ വേണം. അഭിനന്ദിക്കേണ്ടവരെ അഭിനന്ദിക്കാന്‍ മറക്കരുത്. മാനസികോല്ലാസത്തിന് സമയം കണ്ടെത്തണം. സിനിമ, സംഗീതം, ടിവി, സ്‌പോര്‍ട്സ് അങ്ങനെ ഇഷ്‌ടമുള്ള വഴി തെരഞ്ഞെടുക്കുക.