കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍ പാല്‍ കൊടുക്കുന്നത് നല്ലതോ? അമ്മമാർ ശ്രദ്ധിക്കുക


ആറുമാസം വരെ കുഞ്ഞിനു മുലപ്പാല്‍ അല്ലാതെ വെള്ളം പോലും കൊടുക്കരുതെന്നാണു ഡോക്ടര്‍മാരുടെ അഭിപ്രായം. എന്നാല്‍, ചില പ്രത്യേക സാഹചര്യങ്ങളില്‍ കുഞ്ഞിനു കുപ്പിപ്പാല്‍ നല്‍കേണ്ടി വരാറുണ്ട്. അമ്മയുടെ തിരക്ക്, അമ്മയ്ക്കുണ്ടാകുന്ന ചില അസുഖങ്ങള്‍, അമ്മമാര്‍ ചില പ്രത്യേക മരുന്നുകള്‍ കഴിക്കുന്നത്, പാല്‍ ഇല്ലാതെ വരുന്നത്, ഇരട്ടക്കുട്ടികള്‍ ഉള്ളതിനാല്‍ പാല്‍ തികയാതെ വരുന്നത് തുടങ്ങിയവയാണവ. കുപ്പിയില്‍ കുടിക്കുമ്പോള്‍ കുഞ്ഞിന് എളുപ്പത്തില്‍ പാല്‍ കിട്ടുന്നു. അതുകൊണ്ടു തന്നെ കുപ്പിപ്പാല്‍ കുടിച്ചു ശീലിക്കുന്ന കുഞ്ഞ് മുലപ്പാല്‍ കുടിക്കാന്‍ മടി കാട്ടിയേക്കാം.

കുട്ടികള്‍ക്ക് മുലപ്പാല്‍ കൊടുക്കേണ്ട പ്രായത്തില്‍ ആവശ്യത്തിന് മുലപ്പാല്‍ കൊടുത്തില്ലെങ്കില്‍ അത് കുട്ടികളില്‍ അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. മുലപ്പാലിന് പകരമാണ് പശുവിന്‍ പാല്‍ എന്ന രീതിയില്‍ കൊടുത്താല്‍ അത് പലപ്പോഴും കുട്ടികളില്‍ വിളര്‍ച്ചക്കുള്ള സാധ്യത വളരെ കൂടുതലാക്കും.

പലപ്പോഴും അമ്മമാര്‍ പാല്‍ കൊടുക്കുമ്പോള്‍ അവര്‍ക്ക് രണ്ടാമതെന്നുള്ള ഓപ്ഷന്‍ ആണ് പശുവിന്‍ പാല്‍. എന്നാല്‍, ഇത് കുഞ്ഞുങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. പാല്‍ ഒരു സമീകൃത ആഹാരമാണെന്ന് എല്ലാവര്‍ക്കും അറിയാം. ആരോഗ്യ വിദഗ്ധര്‍ പറയുന്നത്, ഒരു വയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍പാല്‍ നല്‍കുന്നത് ഒഴിവാക്കണമെന്നാണ്. പശുവിന്‍പാല്‍ നല്കുന്നത് കുഞ്ഞിന് അലര്‍ജിയുണ്ടാവാനും ശ്വസന, ദഹന വ്യവസ്ഥകളില്‍ അണുബാധയുണ്ടാവാനും കാരണമാകും.

ചെറിയ കുട്ടികളില്‍ കണ്ടു വരുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ മുന്നിലാണ് ശ്വാസംമുട്ടല്‍. പല കുട്ടികളിലും പശുവിന്‍ പാലിന്റെ അമിത ഉപയോഗം തന്നെയാണ് ശ്വാസംമുട്ടല്‍ ഉണ്ടാക്കാന്‍ കാരണം. അതുകൊണ്ട് തന്നെ പശുവിന്‍ പാലിന്റെ ഉപയോഗം കഴിവതും ചെറിയ കുട്ടികളില്‍ കുറയ്ക്കാന്‍ ശ്രമിക്കുക. ചെറിയ കുട്ടികളില്‍ ചുമയും ജലദോഷവും വരാന്‍ അധികം കാലതാമസം വേണ്ട. അതുകൊണ്ട് തന്നെ പശുവിന്‍ പാല്‍ ഇതിന്റെ കാര്യത്തില്‍ അല്‍പം ആക്കം കൂട്ടുകയേ ഉള്ളൂ. ഇത്തരത്തില്‍ പശുവിന്‍ പാലിന്റെ ഉപയോഗം കുട്ടികളില്‍ പല വിധത്തിലാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

കുഞ്ഞുങ്ങളില്‍ അലര്‍ജിയുണ്ടാകാന്‍ എളുപ്പമാണ്. ഇതിന് പലപ്പോഴും കാരണമാകുന്നതും ഭക്ഷണ രീതികള്‍ തന്നെയാണ്. ഇത്തരം ഭക്ഷണ രീതികള്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇതിലൂടെയാണ് പലപ്പോഴും കുഞ്ഞിന്റെ ആരോഗ്യം ബുദ്ധിമുട്ടിലാവുന്നതും. പശുവിന്‍ പാല്‍ ചെറിയ കുട്ടികളില്‍ അലര്‍ജി ഉണ്ടാക്കുന്ന ഒന്നാണ്. കൂടാതെ ചര്‍മ്മത്തില്‍ തടിപ്പും മറ്റും ഉണ്ടാവാനും പശുവിന്‍ പാലിന്റെ അമിതോപയോഗം കാരണമാകുന്നു. പശുവിന്‍ പാല്‍ കൊടുക്കുന്ന കുട്ടികളില്‍ പല വിധത്തിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതും.

പശുവിന്‍ പാല്‍ കൂടുതലായി കൊടുക്കുന്ന കുട്ടികളില്‍ കഫക്കെട്ടിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പശുവിന്‍ പാലില്‍ കൊഴുപ്പ് കൂടുതലാണ് എന്നത് തന്നെയാണ് കാര്യം. ഇത് കുട്ടികളെ വളരെയധികം ബാധിക്കുന്നു. കുട്ടികള്‍ക്ക് എപ്പോഴും എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങള്‍ മാത്രമേ കൊടുക്കാന്‍ പാടുള്ളൂ. എന്നാല്‍ പശുവിന്‍ പാല്‍ ദഹിക്കാന്‍ വളരെ പ്രയാസമുള്ള ഒന്നാണ്. പ്രത്യേകിച്ച് ഒരു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളില്‍. അതുകൊണ്ട് തന്നെ പരമാവധി കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.