ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്‌ട് എന്നിവയ്ക്ക് പകരം പുതിയ നിയമങ്ങൾ; ഭേദഗതി ബില്ലിൽ എന്തെല്ലാം?


അടിമത്തത്തിന്റെ അടയാളങ്ങൾ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്‌ട് എന്നിവയ്ക്കു പകരം പുതിയ നിയമം കൊണ്ടുവരുന്ന മൂന്ന് ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയിൽ അവതരിപ്പിച്ചു. ഐപിസിക്ക് പകരം ഭാരതീയ ന്യായ സംഹിത എന്ന പേരിലാണ് പുതിയ ബിൽ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ സിആര്‍പിസിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിത എന്ന പേരിലാണ് പുതിയ നിയമം അവതരിപ്പിച്ചിട്ടുള്ളത്. ഇന്ത്യൻ എവിഡൻസ് ആക്ടിന് പകരം ഭാരതീയ സാക്ഷ്യ എന്ന പേരില്‍ ആയിരിക്കും പുതിയ നിയമം നടപ്പിലാക്കുക.

പുതിയ നിർദേശം അനുസരിച്ച് തെരച്ചിൽ പോലുള്ള അന്വേഷണങ്ങൾക്ക് ഇനി മുതൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗപ്പെടുത്തി ദൃശ്യങ്ങൾ തെളിവായി ശേഖരിക്കും. അതോടൊപ്പം വംശം, ജാതി, സമുദായം എന്നിവയുടെ പേരിലുള്ള ആൾക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് കുറഞ്ഞത് ഏഴ് വർഷം തടവോ ജീവപര്യന്തമോ വധശിക്ഷയോ വരെ ലഭിക്കാവുന്ന ഒരു വ്യവസ്ഥയാണ് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, കൊളോണിയല്‍ കാലത്തെ നിയമങ്ങള്‍ മാറ്റുന്നുവെന്ന് വ്യക്തമാക്കിയാണ് കേന്ദ്ര സർക്കാർ ഈ മൂന്ന് ബില്ലുകൾ അവതരിപ്പിച്ചിരിക്കുന്നത്. 160 വർഷം മുമ്പ് നടപ്പാക്കിയ ബ്രിട്ടീഷ് നിയമങ്ങൾ ബ്രിട്ടീഷുകാരുടെയും ലണ്ടനിലെ അവരുടെ സർക്കാരിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയതായിരുന്നു. ഈ നിയമങ്ങൾ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനു പകരം ബ്രിട്ടീഷ് ഭരണത്തെ പരമ പ്രധാനമാക്കുന്നതിനായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയവൃത്തങ്ങൾ പറഞ്ഞു. അതിനാൽ ഐപിസി, സിആർപിസി, ഇന്ത്യൻ എവിഡൻസ് ആക്റ്റ് എന്നിവയിലെ സങ്കീർണ്ണമായ നടപടിക്രമങ്ങൾ കോടതിയിൽ വലിയ കേസുകൾ പോലും കെട്ടിക്കിടക്കുന്നതിലേക്കും തീർപ്പു കൽപ്പിക്കാത്തതിലേക്കും നയിച്ചു. കൂടാതെ ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിൽ കാലതാമസം, ദരിദ്രരും സാമൂഹികവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ വിഭാഗങ്ങൾക്ക് നീതി നിഷേധിക്കൽ, കുറഞ്ഞ ശിക്ഷാ നിരക്ക്, ജയിലുകൾ തിങ്ങിനിറഞ്ഞ സാഹചര്യം എന്നിവയിലേക്കും എത്തിച്ചു.

അതേസമയം, ചില കൊളോണിയൽ വാക്കുകളും സർക്കാർ നീക്കം ചെയ്തിട്ടുണ്ട്. പാർലമെന്റ് ഓഫ് യുണൈറ്റഡ് കിംഗ്ഡം’, ‘ പ്രൊവിൻഷ്യൽ ആക്ട് ‘, ‘ലണ്ടൻ ഗസറ്റ്’, ‘ജൂറി’, ‘ബാരിസ്റ്റർ’, ‘ലാഹോർ’, ‘കോമൺവെൽത്ത്’, ‘യുണൈറ്റഡ് കിംഗ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൻ ആൻഡ് അയർലൻഡ്’, ‘ഹർ മജസ്റ്റിസ്’, ‘ഇംഗ്ലണ്ടിലെ നീതിന്യായ കോടതി’, ‘ഹർ മജസ്റ്റിസ് ഡൊമിനിയൻസ്’ തുടങ്ങിയവ വാക്കുകളാണ് നീക്കം ചെയ്തത്. സ്വാതന്ത്ര്യത്തിനു ശേഷവും നീതിന്യായ വ്യവസ്ഥ ഉപയോഗിച്ചുകൊണ്ടിരുന്ന ഈ മൂന്ന് നിയമനിർമ്മാണങ്ങളിലും ഈ വാക്കുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവ നീക്കം ചെയ്യുന്നത്.

കൂടാതെ പുതിയ ബില്ലുകൾ അവതരിപ്പിക്കുന്നതിനു മുൻപ് മുൻ സർക്കാരുകൾക്കും ക്രിമിനൽ നീതിന്യായ വ്യവസ്ഥകൾ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ശുപാർശകൾ ലഭിച്ചിരുന്നു. ബെസ്‌ബറു കമ്മിറ്റി, വിശ്വനാഥൻ കമ്മിറ്റി, മലിമത്ത് കമ്മിറ്റി, മാധവ് മേനോൻ കമ്മിറ്റി തുടങ്ങിയ കമ്മിറ്റികൾ പരിഷ്‌കരണങ്ങൾ ശുപാർശ ചെയ്ത വിവിധ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആണ് ഇന്ത്യൻ നിയമ കമ്മീഷനും ഭേദഗതികൾ കൊണ്ടുവരാൻ ശുപാർശ ചെയ്തത്. കൂടാതെ ആഭ്യന്തരകാര്യങ്ങൾക്കായുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി 2010-ലെ 146-ാമത് റിപ്പോർട്ടിലും 2006-ലെ 128-ാമത് റിപ്പോർട്ടിലും 2005-ലെ 111-ാം റിപ്പോർട്ടിലും ഈ പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട് .

ഇതിനെ തുടർന്ന് 2019-ലാണ് ആഭ്യന്തര മന്ത്രാലയം ഈ പരിഷ്‌കരണ നടപടികൾക്ക് തുടക്കം കുറിച്ചത്. 2019 സെപ്റ്റംബറിൽ എല്ലാ ഗവർണർമാർക്കും മുഖ്യമന്ത്രിമാർക്കും ലഫ്റ്റനന്റ് ഗവർണർമാർക്കും അഡ്മിനിസ്ട്രേറ്റർമാർക്കും കേന്ദ്ര ആഭ്യന്തര മന്ത്രി ഒരു കത്ത് എഴുതുകയും ചെയ്തിരുന്നു. തുടർന്ന് 2020 ജനുവരിയിൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് എല്ലാ ഹൈക്കോടതികളുടെയും ബാർ കൗൺസിലുകളുടെയും നിയമ സർവകലാശാലകളുടെയും ചീഫ് ജസ്റ്റിസുമാരിൽ നിന്ന് നിർദ്ദേശങ്ങൾ തേടി. 2021 ഡിസംബറിൽ, എംപിമാരിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിച്ചു. കൂടാതെ ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എല്ലാ ഐപിഎസ് ഓഫീസർമാരിൽ നിന്നും നിർദ്ദേശങ്ങൾ തേടി. ശേഷമാണ് ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചത്.

ഇക്കാര്യത്തിൽ ആയിരക്കണക്കിന് നിർദ്ദേശങ്ങൾ സർക്കാരിന് ലഭിച്ചു എന്നാണ് റിപ്പോർട്ട്‌. 28 സംസ്ഥാനങ്ങൾ, ആറ് കേന്ദ്രഭരണ പ്രദേശങ്ങൾ, സുപ്രീം കോടതി, 16 ഹൈക്കോടതികൾ, അഞ്ച് ജുഡീഷ്യൽ അക്കാദമികൾ, 22 നിയമ സർവകലാശാലകൾ എന്നിവർ നിർദ്ദേശങ്ങൾ അയച്ചു. ഇതിനുപുറമേ 142 എംപിമാരും ഐപിഎസ് ഉദ്യോഗസ്ഥരും സംസ്ഥാന, കേന്ദ്ര സേനകളും അവരുടെ നിർദ്ദേശങ്ങൾ നൽകി. ആഭ്യന്തര മന്ത്രി 58 ഔപചാരികവും 100 അനൗപചാരികവുമായ അവലോകന യോഗങ്ങളും നടത്തിയിരുന്നു.

അതേസമയം, ഇലക്ട്രോണിക്, ഡിജിറ്റൽ രേഖകൾ, ഇമെയിൽ, സെർവർ ലോഗുകൾ, കമ്പ്യൂട്ടറിൽ ലഭ്യമായ രേഖകൾ, സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പ് സന്ദേശങ്ങൾ, വെബ്‌സൈറ്റ്, ലൊക്കേഷൻ തെളിവുകൾ എന്നിവ സാങ്കേതികവിദ്യയുടെ വെല്ലുവിളികളെ നേരിടാൻ ഉപയോഗിക്കുമെന്നും സർക്കാർ അവകാശപ്പെടുന്നു. തപാൽ സന്ദേശങ്ങൾ അടക്കം ഇനി ഡിജിറ്റൽ ഉപകരണങ്ങളിൽ ലഭ്യമാകും. കൂടാതെ എഫ്‌ഐആർ മുതൽ കേസ് ഡയറി വരെ, കേസ് ഡയറി മുതൽ കുറ്റപത്രം വരെ ഡിജിറ്റൈസ് ചെയ്യാനാണ് തീരുമാനം.