അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ 84 കിലോമീറ്റര്‍ ചുറ്റളവില്‍ ഉത്തപ്രദേശ് സര്‍ക്കാര്‍ മദ്യവില്‍പ്പന നിരോധിച്ചു


 

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ 84 കിലോമീറ്റര്‍ ചുറ്റളവില്‍ ഉത്തപ്രദേശ് സര്‍ക്കാര്‍ മദ്യവില്‍പ്പന നിരോധിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശപ്രകാരം ക്ഷേത്രത്തിന്റെ 84 കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യവില്‍പ്പന നിരോധിച്ചതായി എക്സൈസ് മന്ത്രി നിതിന്‍ അഗര്‍വാള്‍ പറഞ്ഞു. ജനുവരി 22ന് നടക്കാനിരിക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായാണ് നടപടി.

കഴിഞ്ഞ വര്‍ഷം ജൂണില്‍ അയോദ്ധ്യയിലെയും മഥുരയിലെയും ക്ഷേത്രങ്ങളിലും പരിസരങ്ങളിലും മദ്യ നിരോധിത മേഖലകളായി യുപി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എല്ലാ മദ്യശാലകളും അടച്ചുപൂട്ടുകയോ മറ്റിടങ്ങളിലേക്ക് മാറ്റുകയോ ചെയ്തതായി അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

2018 മുതല്‍ തന്നെ അയോദ്ധ്യ നഗരത്തില്‍ മദ്യവും മാംസവും നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഫൈസാബാദ് ജില്ലയെ അയോദ്ധ്യയെന്ന് പുനര്‍നാമകരണം ചെയ്ത ശേഷമായിരുന്നു ആവശ്യം ശക്തമായത്.