അള്ളാഹുവാണ് തന്റെ ദൈവമെന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ടെന്ന് വിവാദ മതപ്രഭാഷകൻ സക്കീർ നായിക്


ന്യൂഡൽഹി: യേശു അള്ളാഹുവിന്റെ സന്ദേശവാഹകൻ മാത്രമാണെന്നും യേശുക്രിസ്തുവിന്റെയും രക്ഷകൻ അള്ളാഹുവെന്നും വിവാദ മതപ്രഭാഷകൻ സക്കീർ നായിക്. അള്ളാഹുവിനൊപ്പം മറ്റു ദൈവങ്ങളെ ചേർത്താൽ അവന്റെ വാസസസ്ഥലം അ​ഗ്നിയിലായിരിക്കുമെന്നും സക്കീർ നായിക്ക് വീഡിയോയിൽ പറയുന്നു. മുസ്ലീങ്ങൾ ക്രിസ്മസ് ആഘോഷിച്ചാൽ അവരെ അള്ളാഹു ശപിക്കുമെന്ന പ്രസം​ഗത്തിന് പിന്നാലെയാണ് പുതിയ വാദവുമായി സക്കീർ നായിക് രം​ഗത്തെത്തിയത്.

മറിയത്തിന്റെ പുത്രനായ ക്രിസ്തു അള്ളാഹുവാണ് ദൈവമെന്ന് പറഞ്ഞിട്ടുണ്ട് എന്നും സക്കീർ പറയുന്നു. യേശു പറയുന്നു ‘ഓ ഇസ്രായേൽ മക്കളേ! എന്റെയും നിങ്ങളുടെയും രക്ഷിതാവായ അള്ളാഹുവിനെ ആരാധിക്കുക . അള്ളാഹുവിനൊപ്പം മറ്റു ദൈവങ്ങളെ ചേർത്താൽ, അള്ളാഹു അവന് സ്വർഗം നിരോധിക്കും, അ​ഗ്നി അവന്റെ വാസസ്ഥലമായിരിക്കും. അവരെ സഹായിക്കാൻ ആരുമുണ്ടാകില്ല.‘ എന്നാണ് ഒരു വീഡിയോയിൽ സക്കീർ നായിക്ക് പറയുന്നത് .

മറ്റൊരു വീഡിയോയിൽ മറിയത്തിന്റെ മകൻ യേശു അള്ളാഹുവിന്റെ സന്ദേശവാഹകൻ മാത്രമാണെന്നും സക്കീർ നായിക്ക് പറയുന്നു . മെറി ക്രിസ്മസ് എന്ന വാക്ക് മുസ്ലീങ്ങൾ ഉച്ചരിക്കുന്നത് പോലും തെറ്റാണെന്നായിരുന്നു സക്കീർ നായിക്ക് അടുത്തിടെ പറഞ്ഞത്. മെറി ക്രിസ്മസ് എന്ന വാക്ക് പോലും ശിർക്കാണ്. മുസ്ലീങ്ങൾ ക്രിസ്മസ് ആശംസ പറയുന്നത് അള്ളാഹു കാണുന്നുണ്ട് . ദൈവപുത്രൻ ജനിക്കുന്നുവെന്ന് വിശ്വസിക്കാൻ മുസ്ലീങ്ങൾക്ക് എങ്ങനെയാണ് സാധിക്കുക . നിങ്ങൾ അവർക്ക് മെറി ക്രിസ്മസ് ആശംസിക്കുമ്പോൾ, അവൻ ദൈവപുത്രനാണെന്നും അത് ശിർക്ക് ആണെന്നും നിങ്ങൾ സമ്മതിക്കുന്നു. ഖുറാനിൽ ഇത്തരം കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട് . ക്രിസ്തുമസ് ആശംസിച്ചാൽ നരകത്തിൽ പോകും . ‘മെറി ക്രിസ്മസ്’ എന്ന് പറയുന്നത് ഇസ്ലാമിക നയങ്ങൾക്കെതിരാണെന്നാണ് സക്കീർ നായിക്ക് പറയുന്നത്.