രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുകളുടെ പട്ടികയിൽ കാശ്മീർ താഴ്‌വരയിലെ ഷേർഗാഡിയും, പുരസ്കാരം ജനുവരിയിൽ കൈമാറും


ശ്രീനഗർ: രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുകളിലൊന്നായി തിരഞ്ഞെടുത്ത് കാശ്മീർ താഴ്‌വരയിലെ ഷേർഗാഡി പോലീസ് സ്റ്റേഷൻ. ശ്രീനഗറിലെ സിവിൽ ലൈസൻസ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും പഴക്കം കൂടിയ പോലീസ് സ്റ്റേഷനുകളിൽ ഒന്നാണ് ഷേർഗാഡി. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 74 സ്റ്റേഷനുകളാണ് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത്. ഇതിൽ നിന്നാണ് രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുകളുടെ അന്തിമ പട്ടിക തയ്യാറാക്കിയത്.

2024 ജനുവരി ആദ്യവാരം നടക്കുന്ന ചടങ്ങിൽ ഡിജിപിയുടെ സാന്നിധ്യത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പുരസ്കാരം കൈമാറും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രണ്ടാം തവണയാണ് കാശ്മീർ താഴ്‌വരയിലെ ഒരു പോലീസ് സ്റ്റേഷൻ രാജ്യത്തെ ഏറ്റവും മികച്ച സ്റ്റേഷനുകളിലൊന്നായി തിരഞ്ഞെടുക്കപ്പെടുന്നത്. 2018-ൽ ബാരാമുള്ള ജില്ലയിലെ ദംഗിവാച്ച പോലീസ് സ്റ്റേഷൻ ഇന്ത്യയിലെ ഏറ്റവും മികച്ചതായി പ്രഖ്യാപിച്ചിരുന്നു.

രണ്ടാം തവണയും പുരസ്കാരം തേടിയെത്തിയതോടെ, ശ്രീനഗറിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും എസ്എച്ച്ഒയെയും ഡയറക്ടർ ജനറൽ ഓഫ് പോലീസ് ആർ.ആർ സ്വയിൻ അഭിനന്ദിച്ചു. ‘സമൂഹത്തിന് മുന്നിൽ നല്ല പ്രതിച്ഛായ സൃഷ്ടിക്കേണ്ടതിന്റെയും, മെച്ചപ്പെട്ട സേവനങ്ങൾ പോലീസുകാർക്ക് നൽകേണ്ടതിന്റെയും പ്രാധാന്യമാണ് ഈ അംഗീകാരം സൂചിപ്പിക്കുന്നത്. ഓരോ പോലീസുകാരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ തെളിവ് കൂടിയാണ് കേന്ദ്രസർക്കാറിന്റെ ഈ പുരസ്കാരം’, ആർ.ആർ സ്വയിൻ പറഞ്ഞു.