നരേന്ദ്ര മോദിയെപ്പോലെയുള്ള ഒരു നേതാവിനെ കാണാൻ കഴിഞ്ഞത് നമ്മുടെ തലമുറയുടെ വലിയ അനുഗ്രഹം: പ്രിയം ഗാന്ധി


ന്യൂഡൽഹി: തന്റെ പുതിയ പുസ്തകത്തിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ഭരണപരാജയത്തെ കുറിച്ച് പരാമർശിച്ച് എഴുത്തുകാരി പ്രിയം ഗാന്ധി. നെഹ്റുവിന്റെ പിഴവുകൾ കാരണം ഭാരതത്തിന്റെ വടക്കുകിഴക്കൻ പ്രദേശം നഷ്ടമാകുന്ന അവസ്ഥയായിരുന്നുവെന്നും ഒടുവിൽ ചൈനയുടെ വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നുവെന്നും പ്രിയം ഗാന്ധി വ്യക്തമാക്കി. ‘കോൺഗ്രസ് ഇല്ലായിരുന്നെങ്കിൽ’ എന്ന പുതിയ പുസ്തകത്തെ കുറിച്ചായിരുന്നു പ്രിയം ഗാന്ധിയുടെ പരാമർശം.

 

കോൺഗ്രസിനെ പിരിച്ചുവിട്ട് സാമൂഹിക സേവന സംഘടനയാക്കണമെന്ന് മഹാത്മാഗാന്ധി നിർദ്ദേശിച്ചിരുന്നു. നെഹ്റു ഒരു രാഷ്ട്രതന്ത്രജ്ഞനാണെന്ന് കോൺഗ്രസ് പാർട്ടി ഇപ്പോഴും പറയുന്നു, ഇന്ദിരയുടെ ഭരണത്തെ പുകഴ്ത്തുന്നു. ഇത്തരം തെറ്റായ ധാരണകളും പിഴവുകളുമുണ്ട്. രാഹുലിന്റെ ഭാരത് ന്യായ് യാത്ര രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കാൻ പോകുകയാണ്. വടക്കുകിഴക്കൻ പ്രദേശം ചൈന പിടിച്ചെടുക്കാൻ പോകുന്നുവെന്നും അദ്ദേഹം പറയുന്നു. എന്നാൽ, നെഹ്റുവിന്റെ തെറ്റുകൾ മൂലമാണ് ഇതെല്ലാം സംഭവിച്ചത്. കശ്മീരിന്റെ ദുരവസ്ഥയ്ക്കും നെഹ്റുവാണ് ഉത്തരവാദിയെന്നും പ്രിയം ഗാന്ധി ചൂണ്ടിക്കാട്ടി.

മഹാത്മാഗാന്ധി മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ്, കോൺഗ്രസ് പിരിച്ചുവിട്ട് സാമൂഹിക സേവന സംഘടനയാക്കണമെന്നും നെഹ്റു ആ എൻജിഒയുടെ തലപ്പത്തിരിക്കണമെന്നും വ്യക്തമാക്കി ഒരു കത്തെഴുതിയിരുന്നു എന്നും അവർ പറഞ്ഞു. ഇന്ത്യയിൽ കോൺഗ്രസ് ഇല്ലായിരുന്നെങ്കിലോ, ആഴത്തിലുള്ള ചിന്തയ്ക്ക് വഴിയൊരുന്നതാണ് അത്. പ്രധാനമന്ത്രിയും ഇതേ കാര്യം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. പുസ്തകം എഴുതാനുള്ള കാരണമിതാണെന്നും പ്രിയംഗാന്ധി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രിയംഗാന്ധി പ്രശംസിക്കുകയും ചെയ്തു. ദേശവിരുദ്ധ പ്രവർത്തനങ്ങളോടും ഭീകരതയോടും സഹിഷ്ണുതയില്ലാത്ത, മികച്ച ഭരണവും സാധ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെയുള്ള ഒരു നേതാവിനെ കാണാൻ കഴിഞ്ഞത് നമ്മുടെ തലമുറയുടെ വലിയ അനുഗ്രഹമാണെന്നും പ്രിയം ഗാന്ധി അഭിപ്രായപ്പെട്ടു.