ന്യൂഡൽഹി: അതിർത്തി വഴി പാകിസ്ഥാനിൽ നിന്നും ആയുധ കടത്തും മയക്കുമരുന്ന് കടത്തും വ്യാപകമായതോടെ സുരക്ഷ കൂടുതൽ ശക്തമാക്കി ഇന്ത്യൻ സൈന്യം. പാകിസ്ഥാനിൽ നിന്നുള്ള അനധികൃത കടത്തുകൾ തടയുന്നതിനായി അതിർത്തി മേഖലകളിൽ ആന്റി ഡ്രോണുകൾ സ്ഥാപിക്കാനാണ് ഇന്ത്യൻ സൈന്യത്തിന്റെ തീരുമാനം. ആദ്യ ഘട്ടത്തിൽ രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിലാണ് ആന്റി ഡ്രോൺ സംവിധാനമെത്തുക. ഇതോടെ, മുഴുവൻ പടിഞ്ഞാറൻ അതിർത്തിയും ആന്റി ഡ്രോണിന്റെ കരങ്ങളിൽ സുരക്ഷിതമായിരിക്കും.
ഡ്രോണുകളും, ആളില്ലാ വിമാനങ്ങളും ഉപയോഗിച്ച് പാകിസ്ഥാനിൽ നിന്നും അതിർത്തി വഴി ആയുധങ്ങൾ നടത്തുന്നതാണ് ഇപ്പോൾ സൈന്യം അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി. കഴിഞ്ഞ വർഷം അവസാനത്തോടെ ഏകദേശം 90-ലധികം ഡ്രോണുകളാണ് അതിർത്തി മേഖലയിൽ നിന്നും കണ്ടെടുത്തത്. അതിൽ 81 എണ്ണവും കണ്ടെടുത്തത് പഞ്ചാബ് അതിർത്തിയിൽ നിന്നാണ്. പാകിസ്ഥാനിൽ നിന്നും വരുന്ന ഡ്രോണുകൾക്കെതിരെ ശക്തമായി പോരാടാൻ സൈന്യത്തിന് സാധിച്ചിട്ടുണ്ട്. ആന്റി ഡ്രോൺ ഹാൻഡ്ഹെൽഡ് സ്റ്റാറ്റിക്, വെഹിക്കിൾ മൗണ്ടഡ് ആന്റി ഡ്രോൺ തുടങ്ങിയ ഉപകരണങ്ങളുടെ കടന്നുവരവ് പാകിസ്ഥാൻ ആയുധ കടത്തുകാർക്ക് തിരിച്ചടിയാകും. സമാനമായ തരത്തിൽ ഇന്ത്യയുടെ കിഴക്കൻ മേഖലയിലും കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതാണ്.